പശ്ചിമ സഹാറ
വടക്കേ ആഫ്രിക്കയിലെ ഒരു പ്രദേശമാണ് പശ്ചിമ സഹാറ (അറബി : الصحراء الغربية). വടക്ക് മൊറോക്കോ, വടക്കുകിഴക്ക് അൾജീരിയ, തെക്കും കിഴക്കും മൗരിറ്റാനിയ എന്നിവയാണ് അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. 2,66,000 ച.കിലോമീറ്ററാണ് വിസ്തീർണ്ണം. മരുഭൂമിയാണ് പ്രദേശത്ത് അധികവും. ലോകത്ത് ജനസാന്ദ്രത ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നാണിത്. എൽ ആയുൻ ആണ് ഏറ്റവും വലിയ നഗരം. ജനതയിൽ പകുതിയിലേറെയും ഇവിടെയാണ് വസിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ സ്വയംഭരണമില്ലാത്ത പ്രദേശങ്ങളുടെ പട്ടികയി 1960 മുതൽ പശ്ചിമസഹാറ ഉണ്ട്. അന്ന് ഇത് ഒരു സ്പാനിഷ് കോളനിയായിരുന്നു. ഇന്ന് മൊറോക്കോയും പൊലിസാരിയോ ഫ്രണ്ട് സ്വാതന്ത്ര്യപ്രസ്ഥാനവും ഈ പ്രദേശത്തെക്കുറിച്ച് അവകാശവാദമുന്നയിക്കുന്നു. 1991-ലെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുണ്ടാക്കിയ വെടിനിർത്തൽ കരാർ പ്രകാരം പ്രദേശത്തിന്റെ മിക്കഭാഗവും മൊറോക്കോയുടെ കീഴിലാണ്. ബാക്കി ഭാഗം അൾജീരിയയുടെ സഹായത്തോടെ പൊലിസാരിയോ ഫ്രണ്ട് നിയന്ത്രിക്കുന്നു.