CountryEncyclopediaHistory

റഷ്യ

റഷ്യ ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമാണ്‌. മോസ്കോ ആണ് തലസ്ഥാനം. യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന്‌ വിസ്തൃതിയുടെ കാര്യത്തിൽ രണ്ടാമതുള്ള കാനഡയുടെ ഇരട്ടിയിലേറെ വലിപ്പമുണ്ട്‌. പഴയ സോവ്യറ്റ്‌ യൂണിയനിലെ പ്രധാന റിപബ്ലിക്കായിരുന്ന റഷ്യ ഇപ്പോൾ സ്വതന്ത്ര രാജ്യമാണ്‌. നോർവേ, ഫിൻലാന്റ്, എസ്തോണിയ, ലാത്‌വിയ, ലിത്വാനിയ, പോളണ്ട്, ബെലാറസ്,യുക്രൈൻ, ജോർജിയ, അസർബൈജാൻ, ഖസാഖ്‌സ്ഥാൻ, ചൈന, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ്‌ റഷ്യയുടെ അയൽരാജ്യങ്ങൾ.
പേരിനു പിന്നിൽ
റൂസ് അല്ലെങ്കിൽ റുസ്കായ എന്നത് ആദ്യകാല പൗരസ്ത്യ സ്ലാവിക് ജനവാസ വ്യവസ്ഥയ്ക്ക് മൊത്തമായി പറഞ്ഞിരുന്ന വാക്കാണ്. റുസ് എന്ന പേരിനെ പറ്റി പല സിദ്ധാന്തങ്ങൾ ഉണ്ട്. അവയിൽ പ്രധാനമായവ താഴെ പറയുന്നവയാണ്.
നോർമനിസ്റ്റിക് സിദ്ധാന്തം – ഏറ്റവും സ്വീകാര്യമായുള്ള ഈ സിദ്ധാന്ത പ്രകാരം തുഴയുക എന്നർത്ഥമുള്ള റുത്സ് എന്ന നോര്സ് (പഴയ ജെർമ്മാനിക്) ഭാഷയിൽ നിന്നുമാണ് സ്ലാവുകൾ ഈ വാക്ക് ഉണ്ടാക്കിയത്. ആദ്യകാല റഷ്യക്കാരായ വാറംഗിയന്മാർ ജലമാർഗ്ഗം തുഴഞ്ഞ് ഇവിടേക്ക് എത്തിയതുമൂലമായിരിക്കണം ഈ പേർ വന്നത് എന്ന് ഈ സിദ്ധാന്തം പറയുന്നു.
റോക്സാലിനി എന്ന ഇറാനിയൻ ഗോത്രക്കാരാണ് തെക്കൻ ഉക്രെയിനിലും റൊമാനിയയിലും അധിനിവേശിച്ചത്. വെളുത്ത-ഇളം നിറമുള്ള എന്നർത്ഥമുള്ള പേർഷ്യൻ വാക്കായ റോഖ്സ് എന്നതിൽ നിന്നാണ് പേരിന്റെ ഉത്ഭവം.
സംസ്കൃത പദമായ രസ (ജലം, സത്ത്) എന്നതിൽ നിന്നുത്ഭവിച്ചതാകാം. കാരണം ഉക്രെയിനടുത്തുള്ള നദികൾക്ക് റോസാ (സ്ലാവിക്കിൽ -മഞ്ഞുതുള്ളി), റൂസ്ലോ(ജലക്കിടക്ക), എന്നിങ്ങനെയാണ് പേര്.
ചുവന്ന മുടിയുള്ള എന്നർത്ഥമുള്ള റുസ്സിയ്യ് എന്ന വാക്കിൽ നിന്നാകാം ഉത്ഭവം.
ബിസാൻറിൻ സാമ്രാജ്യത്തിൽ നിന്നുള്ള ചരിത്രകാരന്മാർ റുസ് എന്ന ലത്തീൻ വാക്കിൽ നിന്ന് (രാജ്യം) ഉത്ഭവിച്ചു എന്നാണ് വിശ്വസിക്കുന്നത്. (Rural എന്ന വാക്കും Rus എന്ന ലത്തീൻ വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്)
റോസ് നദിയുടെ തീരത്തു വസിച്ചിരുന്നതിനാൽ റോസാനേ, റോസിച്ചി (ബഹുവചനം) എന്നിങ്ങനെയും പറഞ്ഞു വന്നു.
റഷ്യയുടെ ദേശീയവിനോദമാണ്‌ ചെസ്സ്
ചരിത്രം
ആദിമ സ്ലാവുകളുടെ വ്യാപനം. കുർഗൻ സിദ്ധാന്തം പ്രകാരം റഷ്യയുടെ ചരിത്രം സ്ലാവ് വംശജരുടെ ആഗമനം മുതൽക്കാണ് തുടങ്ങുന്നത്. അതിനു മുമ്പുള്ള ചരിത്രം വളരെക്കാലം വരെ അന്യമായിരുന്നു . എന്നാൽ ക്രി.മു. ഒന്നാം ശതകത്തിനു മുൻപുള്ള റഷ്യയിൽ പലതരം ഗോത്രങ്ങൾ അധിവസിച്ചിരുന്നു. ഉദാ: ആദി-യൂറോപ്യന്മാർ, സൈത്യന്മർ. മൂന്നാം ശതകത്തിനും ആറാം ശതകത്തിനും ഇടയ്ക്ക് നോമാഡിക് അധിനിവേശ തരംഗം ഉണ്ടായി. ഇവർ ഒരിടത്ത് സ്ഥിരമായി തങ്ങാതെ യൂറോപ്പിലേക്കും മറ്റും ചാഞ്ചാടിക്കൊണ്ടിരുന്നു. ഖസാർസ് എന്ന തുർക്കി വംശജരാണ് ദക്ഷിണ റഷ്യൻ ഭാഗങ്ങൾ എട്ടാം ശതകം വരെ ഭരിച്ചിരുന്നത്. ഇവർ ബിസാന്റിൻ സാമ്രാജ്യത്തിന്റെ മുഖ്യ സഖ്യശക്തിയായിരുന്നു. ഇക്കാലത്താണ് ഇവിടേയ്ക്ക് വന്നുചേർന്ന വാരംഗിയന്മാരെ റൂസ് അല്ലെങ്കിൽ റോസ്സ് എന്ന് വിളിക്കാൻ തുടങ്ങിയത്. വൈക്കിങ്ങുകളുടേ കാലത്താണ് വാരംഗിയന്മാർ കച്ചവടത്തിനും മറ്റുമായി കടൽ കടന്ന് ഇവിടേയ്ക്ക് വന്നത്. ഈ പേര് ക്രമേണ ഇവിടേയ്ക്ക് കുടിയേറിയ സ്ലാവ് വംശജർക്കും ലഭിക്കാൻ തുടങ്ങി. വോൾഗ തീരങ്ങളിൽ നടന്ന പുരാവസ്തു പര്യവേഷണങ്ങളിൽ ക്രി.മു. ഏഴ് മുതൽ ഒൻപത് വരെ നൂറ്റാണ്ടുകളിൽ നിന്നുമുള്ളത് എന്ന് കരുതുന്ന പുരാവസ്തു ലഭിക്കുകയുണ്ടായി. ഇത് റഷ്യയുടെ ഉത്ഭവത്തെപ്പറ്റി അന്നുവരെ കിട്ടിയ തെളിവുകളേക്കാൾ പഴക്കമുള്ളതാണ്. ഈ സ്ലാവ് വംശജരാണ് പിന്നീട് റഷ്യക്കാരായും ഉക്രെയിൻ‍കാരായും വിഘടിച്ചത്.
റൂറിക്കോവിച്ച് സാമ്രാജ്യം
ആദ്യത്തെ കീവൻ സംസ്ഥാനം കീവൻ റൂസ് എന്നാണ് അറിയപ്പെട്ടത്. കീവൻ റൂസ് റൂറിക്ക് എന്ന സ്കാൻഡിനേവിയൻ വാറംഗിയനാണ് ആദ്യമായി ഭരിച്ചത്. ക്രി.വ. 800കളിൽ അദ്ദേഹം സ്ഥാപിച്ച സാമ്രാജ്യമാണ് റൂറീക്കോവിച്ച് സാമ്രാജ്യം. ഇവർ പിന്നീട് 10-ആം നൂറ്റാണ്ടിൽ ബിസാൻറിൻ സാമ്രാജ്യത്തിൽ നിന്നും ക്രിസ്തുമതത്തെ സ്വീകരിക്കുകയുണ്ടായി. എഴുന്നൂറ് വർഷത്തോളം കീവൻ‌റൂസിലെ പ്രദേശങ്ങളും മുസ്കോവിയും(മോസ്കോ), ആദിമ റഷ്യയും അവരുടെ വംശക്കാർ ഭരിച്ചു പോന്നു. ആദ്യമെല്ലാം വാറംഗിയന്മാരായിരുന്നു രാജാക്കന്മാരായിരുന്നതെങ്കിലും സ്ലാവുകളുമായി ഇണങ്ങിച്ചേരുക വഴി അവരും താമസിയാതെ രാജാക്കന്മാരായി. പത്തും പതിനൊന്നും ശതകങ്ങളിൽ കീവൻ റൂസ് എന്ന ഈ സ്ഥലം നല്ല അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി. ഏഷ്യയുമായും യൂറോപ്പുമായും ബഹുവിധ വ്യാപാരങ്ങളിൽ അവർ ഏർപ്പെട്ടു. എന്നാൽ കുരിശു യുദ്ധകാലത്ത് പുതിയ വാണിജ്യ പാതകൾ ഉദയം ചെയ്തതോടെ ഇവരുടെ പ്രാധാന്യം അപ്രസക്തമാകുകയും വ്യാപാരം കുറഞ്ഞു വരികയും ചെയ്തു.
മംഗോളിയൻ അധിനിവേശം
പതിനൊന്ന്, പന്ത്രണ്ട് ശതകങ്ങളിൽ തുർക്കി വംശജരായ കിപ്ചാക്കുകൾ, പെഛെനെഗ്ഗുകൾ തുടങ്ങിയവർ വൻ തോതിൽ കുടിയേറ്റം ആരംഭിച്ചതോടെ നിൽക്കക്കള്ളിയില്ലാതെ സ്ലാവ് വംശജർ കൂട്ടത്തോടെ ഫലഭൂയിഷ്ഠമായ ദക്ഷിണഭാഗങ്ങളിൽ നിന്ന് താരതമ്യേന കാടുകളായിരുന്ന, സലേസ്യേ എന്നറിയപ്പെട്ടിരുന്ന വടക്കൻ പ്രദേശങ്ങളിലേക്ക് കുടിയേറേണ്ടി വന്നു. സ്ലാവുകൾ സ്ഥിരപ്പെടുത്തിയ പ്രദേശം പിന്നീട് നോവ്ഗോദോർദ് റിപ്പബ്ലിക്കും വ്ലാദിമിർ-സൂസ്ദാലുമായി. എന്നാൽ അവർ ഒഴിഞ്ഞുപോയ വോൾഗയുടെ മദ്ധ്യഭാഗങ്ങൾ മുസ്ലീങ്ങളായ തുർക്കികൾ കയ്യടക്കിയിരുന്നു. ഈ പ്രദേശം വോൾഗ ബൾഗേറിയ എന്നാണ് അറിയപ്പെട്ടത്. തുടർന്നാണ് ചെങ്കിസ് ഖാന്റെ മംഗോൾ സാമ്രാജ്യത്തിന്റെ വരവ്. കീവൻ റീവ് നേരത്തേ തന്നെ ശിഥിലമായത്, മംഗോളുകൾക്ക് ജോലി എളുപ്പമാക്കിക്കൊടുത്തു. ടാർടാർ എന്നാണ് മംഗോളിയരെ റഷ്യക്കാർ അന്ന് വിളിച്ചിരുന്നത്. അവർ അന്നുവരെയുള്ള റഷ്യൻ ഭരണം പൂർണ്ണമായും ശിഥിലീകരിച്ചു. ഇന്നത്തെ റഷ്യയുടെ ദക്ഷിണ-മദ്ധ്യ ഭാഗങ്ങൾ ഒരു കാലത്ത് മംഗോളുകൾ ആണ് നേരിട്ടോ അല്ലാതെയോ ഭരിച്ചത്. ഇന്നത്തെ ഉക്രെയിന്റെയും ബെലാറൂസിൻറേയും ഭാഗങ്ങൾ ലിത്വേനിയയിലേയും പോളണ്ടിന്റേയും വലിയ പ്രഭുക്കന്മാർ എന്നറിയപ്പെട്ടിരുന്ന നാടുവാഴികൾ ഭരിച്ചു. റഷ്യ, ഉക്രെയിൻ എന്നും ബേലാറൂസ് എന്നും റഷ്യ എന്നുമുള്ള പല പ്രവിശ്യകളായി. അങ്ങനെ റഷ്യക്കാർക്കിടയിൽ ഒരു വിഭജനം അന്നേ ഉണ്ടായി.
വല്യ പ്രഭുക്കന്മാർ
മംഗോളുകളുടെ ഭരണകാലത്തും റൂറിക്കോവിച്ച് വംശം അവരുടെ അധികാരങ്ങൾ നിലനിർത്തിപ്പോന്നു. റൂറിക്കോവിന്റെ സന്താന പരമ്പര ക്ണിയാസ് അല്ലെങ്കിൽ വേലിക്കീ ക്ണിയാസ് എന്ന സ്ഥാനം അലങ്കരിച്ചു പോന്നു. (ഇതിനെ ചരിത്രകാരന്മാർ രാജകുമാരൻ, പ്രഭു, മൂത്ത രാജകുമാരന്മാർ, വലിയ പ്രഭുക്കൾ എന്നൊക്കെയാണ് തർജ്ജമ ചെയ്തു കാണുന്നത്) എന്നാൽ പിന്നീട് പല സംസ്ഥാനങ്ങളും കീവൻ റൂസിന്റെ പിൻ‍തുടർച്ച ആരോപിച്ച് കലഹം ഉണ്ടായി. റൂറിക്കോവിച്ച് രാജകുമാരൻ (‍ക്ണിയാസ്) ആയ ഇവാൻ ഒന്നാമൻ(1325-1340) (ഐവാൻ എന്നും പറയും)മംഗോൾ വംശജരുടെ പ്രീതി പിടിച്ചുപറ്റി. മംഗോളുകാർക്കായി നികുതി പിരിച്ചു കൊടുത്തിരുന്നു. അദ്ദേഹം മോസ്കോവിനെ നല്ല ധനികരാജ്യമാക്കി. അടുത്തുള്ള പ്രവിശ്യകൾക്ക് പണം കടം കൊടുക്കാനും തുടങ്ങിയ അദ്ദേഹത്തിന് ‍കലിത (പണച്ചാക്ക് എന്നർത്ഥം)എന്ന ചെല്ലപ്പേര് ഉണ്ടായിരുന്നു. ടാർടാറിയന്മാരോടുള്ള വിധേയത്വം അദ്ദേഹം നിലനിർത്തുകയും ചെയ്തു. അക്കാലം വരെ ഏതാണ്ട് ഗണതന്ത്ര വ്യവസ്ഥയിലാണ് രാജാക്കന്മാരെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഐവാന്റെ വിജയം ടാർടാർ ചക്രവർത്തിയെ മറ്റൊരു തരത്തിൽ ചിന്തിപ്പിച്ചു. അദ്ദേഹം ഇവാന്റെ അനന്തരാവകാശി ഇവാന്റെ മകൻ തന്നെയായിരിക്കണം എന്ന് തീരുമാനിച്ചു. അന്നു മുതൽ റഷ്യയുടെ ചരിത്രത്തിൽ കുടുംബ വാഴ്ച തുടങ്ങി.
ഭയങ്കരനായ ഇവാൻ
1533 മുതൽ 1584 വരെ റഷ്യ ഭരിച്ച ത്സാർ ചക്രവർത്തി ആണ് ഇവാൻ IV വസ്ലിയെവിച്ച്. ഭയങ്കരനായ ഇവാൻ എന്ന അപരനാമത്തിൽ ആണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 28 മാർച്ച് 1584 ൽ പക്ഷാഘാതം വന്നാണ് അദ്ദേഹം മരണപ്പെട്ടത്.