പാകിസ്താൻ
പാകിസ്താൻ ഏഷ്യൻ വൻകരയുടെ തെക്കുഭാഗത്തുള്ള രാജ്യമാണ്. (ഔദ്യോഗിക നാമം: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താൻ). ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നിവയാണ് അയൽ രാജ്യങ്ങൾ. ഇന്ത്യാ വിഭജനത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയാണ് പാകിസ്താൻ നിലവിൽവന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ ആറാം സ്ഥാനത്താണ് ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം.
പേരിനുപിന്നിൽ
പാകിസ്താൻ എന്ന പേരിനർത്ഥം പരിശുദ്ധിയുടെ നാട് എന്നാണ്. മുസ്ലിംങ്ങൾക്ക് ബ്രിട്ടീഷ് ഇന്ത്യയിൽ പ്രത്യേക രാജ്യം എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ചൌധരി റഹ്മത്ത് അലിയാണ് ഈ പേര് 1934-ൽ ആദ്യമായി ഉപയോഗിച്ചത്. പഞ്ചാബ്, അഫ്ഗാനിയ, കശ്മീർ, സിന്ധ്, ബലൂചിസ്ഥാൻ എന്നീ പ്രദേശങ്ങളിൽ വസിക്കുന്ന മൂന്നുകോടി മുസ്ലീം ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന നാമമാണ് പാകിസ്താൻ എന്നത്രേ റഹ്മത് അലി നൌ ഓർ നെവർ എന്ന ലഘുലേഖയിൽ പറഞ്ഞു വയ്ക്കുന്നത്. പഞ്ചാബ്, അഫ്ഗാനിയ, കാശ്മീർ, സിന്ധ് എന്നീ പ്രവിശ്യാനാമങ്ങളുടെ ആദ്യാക്ഷരങ്ങളും ബലൂചിസ്ഥാന്റെ അവസാന മൂന്നക്ഷരങ്ങളും ചേർത്താണ് റഹ്മത് അലി പാകിസ്താൻ എന്ന പേരു നൽകിയതെന്നും ലഘുലേഖ സൂചിപ്പിക്കുന്നു.
ചരിത്രം
ആധുനിക പാകിസ്താൻ നാലുപ്രവിശ്യകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാൻ, വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശം എന്നിവയാണവ. ഔദ്യോഗികമായി ഇന്ത്യയുടേതായ കശ്മീരിന്റെ ഒരു ഭാഗവും അനധികൃതമായി പാക്ക് നിയന്ത്രണത്തിലാണ്. സിന്ധു നദീതട സംസ്കാരത്തിന്റെ കേന്ദ്രമായ ഹരപ്പ, മോഹൻജൊ ദാരോ എന്നീ പ്രദേശങ്ങൾ പാകിസ്താനിലാണ്. ഹരപ്പൻ, ഇന്തോ-ആര്യൻ, പേർഷ്യൻ, ഗ്രേഷ്യൻ, ശകർ, പാർഥിയൻ, കുശൻ, ഹൂണൻ, അഫ്ഗാൻ, അറബി, തുർക്കി, മുഘൾ എന്നിങ്ങനെ ഒട്ടേറെ ജനവിഭാഗങ്ങൾ പാകിസ്താനിലെ പ്രദേശങ്ങൾ നൂറ്റാണ്ടുകളായി അധിനിവേശത്തിലൂടെയും കുടിയേറ്റത്തിലൂടെയും നിയന്ത്രണത്തിലാക്കിയിരുന്നു.
ക്രി.മു. രണ്ടാം സഹസ്രാബ്ദത്തോടെ സിന്ധു നദീതട സംസ്കൃതി അസ്തമിച്ചു. തുടർന്നുവന്ന വൈദിക സംസ്കൃതി സിന്ധു-ഗംഗാ സമതലങ്ങളിൽ വ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് പേർഷ്യൻ സാമ്രാജ്യം (ക്രി.മു 543 മുതൽ) അലക്സാണ്ടർ ചക്രവർത്തി[11](ക്രി.മു. 326 മുതൽ) മൌര്യ സാമ്രാജ്യം എന്നിവർ അന്ന് ഇന്ത്യയിലുൾപ്പെട്ടിരുന്ന ഇന്നത്തെ പാക് പ്രദേശങ്ങളിൽ സ്വാധീനമുറപ്പിച്ചത്. ദിമിത്രിയൂസ് ഒന്നാമന്റെ ഇന്തോ-ഗ്രീക്ക് സാമ്രാജ്യം പാകിസ്താന്റെ ഭാഗമായിരിക്കുന്ന ഗാന്ധാരം, പഞ്ചാബ് എന്നീ പ്രദേശങ്ങളെയും ക്രി.മു. 184 മുതൽ ഉൾക്കൊള്ളിച്ചിരുന്നു. മിലിന്ദ ഒന്നാമന്റെ കീഴിൽ ഈ സാമ്രാജ്യം പിന്നീട് കൂടുതൽ വിസ്തൃതമാവുകയും ഗ്രീക്ക്-ബൌദ്ധ കാലഘട്ടം എന്ന നിലയിൽ വാണിജ്യത്തിലും മറ്റും ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് തക്ഷശില എന്ന വൈജ്ഞാനിക കേന്ദ്രം പ്രശസ്തമാകുന്നത്. ആധുനിക ഇസ്ലാമബാദ് നഗരത്തിനു പടിഞ്ഞാറായി തക്ഷശിലയുടെ അവശിഷ്ടങ്ങൾ പാകിസ്താനിലെ പ്രധാന പുരാവസ്തു ഗവേഷണകേന്ദ്രമാണ്.
ക്രി.പി. 721-ൽ അറബി യോദ്ധാവ് മുഹമ്മദ് ബിൻ കാസിം സിന്ധ്, പഞ്ചാബിലെ മുൾട്ടാൻ എന്നീ പ്രദേശങ്ങൾ കീഴടക്കി. പാകിസ്താൻ സർക്കാരിന്റെ ഔദ്യോഗിക ചരിത്രരേഖകൾ പ്രകാരം പാകിസ്താൻ എന്ന രാജ്യത്തിന് അടിസ്ഥാനമിട്ടത് ഈ അധിനിവേശമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പിന്നീട് പ്രബലമായ ഡൽഹി സുൽത്താനത്ത്, മുഗൾ സാമ്രാജ്യം തുടങ്ങിയ മുസ്ലീം സാമ്രാജ്യങ്ങൾക്കു വഴിതുറന്നത് കാസിമിന്റെ അധിനിവേശമായിരുന്നു എന്നു പറയാം. ഈ കാലഘട്ടങ്ങളിൽ ഇസ്ലാമിക സൂഫിവര്യന്മാരുടെ പ്രവർത്തനഫലമായി ബുദ്ധ, ഹിന്ദു ജനവിഭാഗങ്ങളിൽ ഒട്ടേറെപ്പേർ ഇസ്ലാമിക വിശ്വാസം സ്വീകരിച്ചു. മുഗൾ സാമ്രാജ്യത്തിന്റെ അസ്തമയത്തോടെ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അഫ്ഗാനുകളും, ബലൂചികളും സിഖുകാരും ഇന്നത്തെ പാകിസ്താനിലുള്ള അവിഭക്ത ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി തെക്കനേഷ്യയുടെ നിയന്ത്രണം കൈക്കലാക്കുന്നതുവരെ ഇതു തുടർന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾവരെ പാകിസ്താനിലുൾപ്പെട്ട അവിഭക്ത ഇന്ത്യയിലെ പ്രദേശങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കീഴിലായിരുന്നു ബ്രിട്ടീഷ് ഭരണത്തിനെതിരെ പടപൊരുതിയിരുന്നത്. എന്നാൽ 1930കളോടെ രാഷ്ട്രീയത്തിൽ മുസ്ലിംങ്ങളുടെ പ്രാതിനിധ്യം നഷ്ടപ്പെടുന്നു എന്ന ചിന്ത വ്യാപകമായി. മുസ്ലീം ലീഗ് ഇതോടെ ശക്തിപ്രാപിച്ചു. 1930 ഡിസംബർ 29നു അല്ലാമ ഇക്ബാൽ മുസ്ലീംങ്ങൾക്കു മാത്രമായി വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ഇന്ത്യക്കകത്തുതന്നെ പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുയർത്തി. മുഹമ്മദ് അലി ജിന്ന ഈ ആവശ്യം ദ്വിരാഷ്ട്ര സിദ്ധാന്തമായി മാറ്റിയെടുത്തു. 1940-ൽ മുസ്ലീം ലീഗ് പ്രത്യേക മുസ്ലീം സ്വയംഭരണ പ്രദേശം ആവശ്യപ്പെട്ടുകൊണ്ട് ലാഹോർ പ്രമേയം പാസാക്കി.
1947 ഓഗസ്റ്റ് 14നു ഇന്ത്യയുടെ വടക്കു പടിഞ്ഞാറും കിഴക്കുമുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ വിഭജിച്ച് പാകിസ്താൻ രൂപീകൃതമായി. ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനം ഇന്ത്യയിലും പാകിസ്താനിലും സാമുദായിക ലഹളകൾക്കു കാരണമായി. പാകിസ്താനിൽ നിന്നും ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്നും മുസ്ലീംങ്ങൾ പാകിസ്താനിലേക്കും കൂട്ടത്തോടെ പലായനം ചെയ്തു.
ഒട്ടേറെ നാട്ടുരാജ്യങ്ങളുടെ അവകാശത്തെച്ചൊല്ലി ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ തർക്കമുടലെടുത്തു. ജമ്മു-കശ്മീർ ആയിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. പാകിസ്താനിലെ പഷ്തൂൺ പോരാളികൾ ജമ്മു-കാശ്മീർ ആക്രമിച്ച് മൂന്നിൽ രണ്ടു ഭാഗവും നിയന്ത്രണത്തിലാക്കിയതോടെ അവിടത്തെ ഭരണാധികാരി തന്റെ നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ തീരുമാനിച്ചു. ഈ സ്ഥിതിവിശേഷം ഒന്നാം കശ്മീർ യുദ്ധത്തിലേക്കു നയിച്ചു. അധീനതയിലാക്കിയ കശ്മീരിന്റെ ഭാഗം യുദ്ധാനന്തരവും പാകിസ്താൻ വിട്ടുകൊടുത്തില്ല. ഈ പ്രദേശത്തെ പാകിസ്താൻ തങ്ങളുടെ ഭൂപ്രദേശമായിത്തന്നെ കണക്കാക്കുന്നു. ജമ്മു-കശ്മീരിന്റെ പേരിൽ ഇന്ത്യയുമായുള്ള കലഹം ഇപ്പോഴും തുടരുന്നു.
1956-ൽ പാകിസ്താൻ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടു. 1958-ൽ പട്ടാള അട്ടിമറിയിലൂടെ അയൂബ് ഖാൻ അധികാരം പിടിച്ചെടുത്തു. അയൂബ് ഖാന്റെ പിൻഗാമി യാഹ്യാഖാന്റെ കാലത്ത് പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും ആയിരത്തിലേറെ മൈലുകൾ അകലെയുള്ള കിഴക്കൻ പാകിസ്താൻ സാമ്പത്തിക, രാഷ്ട്രീയ പിന്നോക്കാവസ്ഥയുടെ പേരിൽ ആഭ്യന്തര കലഹത്തിലേക്കു നീങ്ങി. ഇതു ക്രമേണ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരമായി മാറി. 1971ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിനൊടുവിൽ ഇന്ത്യയുടെ പിന്തുണയോടെ കിഴക്കൻ പാകിസ്താനെ പടിഞ്ഞാറു നിന്നും മോചിപ്പിച്ചു. കിഴക്കൻ പാക്കിസ്ഥാൻ ബംഗ്ലാദേശ് എന്ന പേരിൽ പുതിയ രാജ്യമായി.
1972-ൽ പട്ടാള ഭരണം അവസാനിപ്പിച്ച് സുൽഫിക്കർ അലി ഭൂട്ടോയുടെ നേതൃത്വത്തിൽ ജനാധിപത്യ സർക്കാർ നിലവിൽ വന്നു. 1977-ൽ സിയ ഉൾ ഹഖ് പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിക്കുകയും 1979ൽ ഭൂട്ടോയെ വധശിക്ഷയ്ക്കു വിധേയനാക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം നാലുപതിറ്റാണ്ടുകളോളം മതേതര രാജ്യമായി നിലകൊണ്ട പാകിസ്താനെ സിയ ഉൾ ഹഖ് ശരീഅത്ത് നിയമത്തിൻ കീഴിലാക്കി ഇതോടെ ഭരണത്തിലും സൈന്യത്തിലും മതപരമായ സ്വാധീനം ശക്തമായി. 1988-ൽ ജനറൽ സിയ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതോടെ വീണ്ടും ജനാധിപത്യ ഭരണത്തിനു വഴിതെളിഞ്ഞു. സുൽഫിക്കർ ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ പാകിസ്താന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള ഒരു ദശാബ്ദം ബേനസീറിന്റെയും നവാസ് ഷെരീഫിന്റെയും കീഴിൽ പാകിസ്താനിൽ ജനാധിപത്യ ഭരണം തുടർന്നു.
1999 ജൂണിൽ ഇന്ത്യയുമായി കാർഗിലിൽ സൈനിക ഏറ്റുമുട്ടലുണ്ടായി. അതേവർഷം ഒക്ടോബറിൽ സൈനിക മേധാവി ജനറൽ പർവേസ് മുഷാറഫ് സൈനിക അട്ടിമറിയിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 2001-ൽ മുഷാറഫ് സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചു.
രാഷ്ട്രീയം, ഭരണകൂടം
മുഹമ്മദാലി ജിന്നയുടെയും ലിയാഖത്ത് അലി ഖാന്റെയും നേതൃത്വത്തിൽ മുസ്ലീം ലീഗാണ് പാകിസ്താനിലെ ആദ്യ സർക്കാരിനു രൂപം നൽകിയത്. എന്നാൽ സ്വാതന്ത്ര്യാനന്തരം ഇതര പാർട്ടികളുടെ വരവോടെ മുസ്ലീം ലീഗിന്റെ ശക്തി ക്ഷയിച്ചു. പടിഞ്ഞാറൻ പാകിസ്താനിലെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും(പി.പി.പി.) കിഴക്കൻ പാകിസ്താനിലെ അവാമി ലീഗുമായിരുന്നു ഇവയിൽ പ്രധാനം. അവാമി ലീഗ് ബംഗ്ലാദേശ് രൂപവത്കരണത്തിലേക്കു നയിക്കുകയും ചെയ്തു. 1956-ൽ നിലവിൽ വന്ന ഭരണഘടന 1958-ൽ അയൂബ് ഖാൻ മരവിപ്പിച്ചു. 1973-ൽ പുതുക്കി നിലവിൽ വന്ന ഭരണഘടനയാണ് ഇപ്പോൾ പിന്തുടരുന്നത്. ഇത് 1977-ൽ സിയാ ഉൾ ഹഖ് മരവിപ്പിച്ചിരുന്നെങ്കിലും 1991-ൽ പുനഃസ്ഥാപിക്കപ്പെട്ടിരുന്നു.
ഭരണഘടനപ്രകാരം പാകിസ്താൻ ഇസ്ലാം ദേശീയ മതമായി സ്വീകരിച്ചിരിക്കുന്ന ഒരു കേന്ദ്രീകൃത ജനാധിപത്യ രാജ്യമാണ്. ദ്വിമണ്ഡല പാർലമെന്ററി സംവിധാനമാണ് ഇവിടെ നിലവിലുള്ളത്. നൂറംഗ പ്രതിനിധിസഭയും (സെനറ്റ്) 342 അംഗ ദേശീയ അസംബ്ലിയും. ഇലക്ടറൽ കോളജിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് രാഷ്ട്രത്തലവനും സർവ്വ സൈന്യാധിപനും. ദേശീയ അസംബ്ലിയിലെ ഭൂരിപക്ഷപ്പാർട്ടിയുടെ നേതാവായിരിക്കും സാധാരണഗതിയിൽ പ്രധാനമന്ത്രി.
ഭരണഘടന പ്രകാരം ജനാധിപത്യ രാജ്യമാണെങ്കിലും പലപ്പോഴും പട്ടാളമാണ് പാകിസ്താന്റെ രാഷ്ട്രീയ ഗതിനിർണ്ണയിക്കുന്നത്. 1958-71, 1977-88 കാലഘട്ടങ്ങളിലും 1999 മുതൽ നിലവിലും രാജ്യം പട്ടാളഭരണത്തിൻ കീഴിലായിരുന്നു. സുൽഫിക്കർ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാകിസ്താൻ പീപ്പിൾസ് പാർട്ടി 1970കളിൽ രാഷ്ട്രീയത്തിൽ പ്രബല ശക്തിയായി. ഭൂട്ടോയെ അട്ടിമറിച്ച് അധികാരത്തിലെത്തിയ സിയാ ഉൾ ഹഖാണ് പാകിസ്താനെ ശരിഅത്ത് നിയമങ്ങൾക്കു കീഴിലാക്കിയത്. 1990കളിൽ പി.പി.പിയും നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗും ശക്തികാട്ടി.ൻ മുസ്ലീം ലീഗ് (ഖായിദെ അസം വിഭാഗം) ഏറ്റവും വലിയ കക്ഷിയായി. പാകിസ്താൻ പീപ്പിൾസ് പാർട്ടിയാണ് നിലവിൽ പ്രധാന പ്രതിപക്ഷം. 2018ൽ നടത്തിയ തിരഞ്ഞെടുപ്പിൽ മുൻ ക്രിക്കറ്റ് ഇതിഹാസം ഇമ്രാൻഖാന്റെ നേതൃത്വത്തിൽ പാകിസ്താൻ തഹ്രീകെ ഇൻസാഫ് എന്ന പാർട്ടി അധികാരത്തിൽ വന്നു
ഐക്യരാഷ്ട്ര സഭ ഒ.ഐ.സി. തുടങ്ങിയ രാജ്യാന്തര പ്രസ്ഥാനങ്ങളിൽ പാകിസ്താൻ സജീവാംഗമാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക്കിലും ബ്രിട്ടീഷ് കോമൺവെൽത്തിലും പാകിസ്താന് അംഗത്വമുണ്ട്. അമേരിക്കൻ ഐക്യനാടുകളുമായി സുദൃഢ ബന്ധം നിലനിർത്തിപ്പോരുന്ന രാജ്യമാണിത്. 1980കളിലെ സോവ്യറ്റ്-അഫ്ഗാൻ യുദ്ധവേളകളിൽ സോവ്യറ്റ് യൂണിയനെതിരെ അഫ്ഗാൻ പോരാളികളെ സംഘടിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് പാകിസ്താൻ ഏറെ സഹായം ചെയ്തു. എന്നാൽ 1990കളിൽ നടത്തിയ ആണവ പരീക്ഷണങ്ങളെത്തുടർന്ന് അമേരിക്ക സാമ്പത്തിക സഹായങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. എന്നാൽ 2001 സെപ്റ്റംബർ 11ലെ ഭീകാരാക്രമണത്തിനുശേഷം അമേരിക്ക ആഗോള തലത്തിൽ ഭീകരവിരുദ്ധ യുദ്ധം എന്ന പേരിൽ നടത്തുന്ന സൈനിക-നയതന്ത്ര ഇടപെടലുകളിൽ പാകിസ്താൻ സുപ്രധാന സഖ്യകക്ഷിയാണ്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ സൈനിക താവളമായി പാകിസ്താനെയും ഉപയോഗപ്പെടുത്തി. ഇതിനെത്തുടർന്ന് അമേരിക്കയിൽ നിന്നും ഒട്ടേറെ സാമ്പത്തിക-സൈനിക സഹായങ്ങളും പാകിസ്താൻ നേടിയെടുത്തു .
അയൽരാജ്യമായ ഇന്ത്യയുമായി കശ്മീരിന്റെ പേരിൽ നിരന്തര സംഘർഷം നിലനിൽക്കുന്നുണ്ട്. 1947ലും 1965ലും 1971ലും ഇരു രാജ്യങ്ങളും ഈ പ്രശ്നത്തിന്റെ പേരിൽ യുദ്ധംനടത്തി. 1999-ൽ കാർഗിൽ മലനിരകളിൽ വച്ചും ചെറിയ യുദ്ധമുണ്ടായി. 1974, 1998 വർഷങ്ങളിൽ ഇന്ത്യ നടത്തിയ ആണവ പരീക്ഷണങ്ങൾക്കു മറുപടിയെന്നോണം 1998-ൽ പാകിസ്താനും ആണവ പരീക്ഷണം നടത്തി. ആണവായുധങ്ങളുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട ഏക ഇസ്ലാമിക രാജ്യമാണു പാകിസ്താൻ. 2002 മുതൽ ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇതിൽ കാര്യമായ പുരോഗതികളില്ല.
രാജ്യത്തിനകത്ത് ചില മേഖലകളിലുള്ള വിഘടനവാദവും പാകിസ്താൻ രാഷ്ട്രീയത്തിൽ നിർണ്ണായകമാണ്. ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനിൽ വിഘടനവാദവും അനുബന്ധ പോരാട്ടങ്ങളും കാലങ്ങളായി നിലവിലുണ്ട്. 1970കൾ മുതൽ തെല്ലുശമനമുണ്ടായിരുന്ന ഈ മേഖലയിൽ ജനറൽ മുഷാറഫ് അധികാരത്തിലെത്തിയതുമുതൽ വീണ്ടും പ്രശ്നങ്ങൾ തലപൊക്കിയിട്ടുണ്ട്. 2006 ഓഗസ്റ്റിൽ ബലൂചി പോരാളികളുടെ നേതാവായ നവാബ് അക്ബർ ബഗ്തിയെ പാക് സൈന്യം വെടിവച്ചുകൊന്നു. കേന്ദ്രനിയന്ത്രണത്തിലുള്ള ഗോത്രവർഗ്ഗ മേഖലകളാണ് പാകിസ്താനിലെ മറ്റൊരു പ്രശ്നബാധിത മേഖല. അയൽ രാജ്യമായ അഫ്ഗാനിസ്ഥാനിലെ താലിബാൻ സേനയുമായി സൌഹൃദമുള്ളവരാണ് മിക്ക ഗോത്രവർഗ്ഗ നേതാക്കളും. വസിറിസ്ഥാൻ മേഖലയിൽ അടുത്ത കാലത്ത് ഗോത്രവർഗ്ഗങ്ങളുടെ എതിർപ്പു നേരിടാൻ പട്ടാളത്തെ നിയോഗിച്ചിരുന്നു.
കാലാവസ്ഥ
വളരെ കുറച്ചുമാത്രം വർഷപാതം ഉണ്ടാകുന്ന പ്രദേശമാണ് പാകിസ്താൻ. ഇവിടെ വേനൽക്കാലം വളരെ ചൂടേറിയതും, മഞ്ഞുകാലം വളരെ തണുപ്പുള്ളതുമാണ്. മൺസൂൺ സമയത്ത് അതായത് ജൂൺ 15 മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മഴ ലഭിക്കാറുണ്ട്. സമതലപ്രദേശങ്ങളിൽ 40 സെന്റീമീറ്ററും ഉയർന്ന പ്രദേശങ്ങളിൽ 150 സെന്റീമീറ്ററുമാണ് ശരാശരി വർഷപാതം. എന്നിരുന്നാലും ഇടയ്ക് ശക്തമായ മഴ ലഭ്യമാകാറുണ്ട്