ഇസ്രായേൽ
മദ്ധ്യപൂർവേഷ്യയിൽ മെഡിറ്ററേനിയൻ ഉൾക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രായേൽ. ജനപങ്കാളിത്തതോടെയുള്ള നിയമനിർമ്മാണസഭകൾ ഉൾപ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിന്റേത്. പശ്ചിമേഷ്യയിലെ ജനാധിപത്യ രാഷ്ട്രം ആണ് ഇസ്രയേൽ.
പേരിന്റെ ചരിത്രം
നൂറ്റാണ്ടുകളായി, ഇസ്രായേൽ ദേശം എന്ന പേര്, രാജ്യത്തേയും യഹൂദജനതയേയും പരാമർശിക്കാനായി ഉപയോഗിച്ചുപോരുന്നു. സ്വപ്നത്തിൽ ജയിച്ചതിനെ തുടർന്ന്, യഹൂദജനതയുടെ പിതാവായി കരുതപ്പെടുന്ന യാക്കോബ്, ഇസ്രായേൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതായി പറയുന്ന ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ വാക്യത്തിലാണ് (ഉല്പത്തി 32:28). ഈ പേരിന്റെ തുടക്കം. അതിന്റെ അർത്ഥത്തെക്കുറിച്ച് അഭിപ്രായ സമന്വയമില്ല. ‘ഭരിക്കുക’, ‘ശക്തനായിരിക്കുക’, ‘അധികാരം പ്രയോഗിക്കുക’ എന്നൊക്കെ അർത്ഥമുള്ള ‘സരാർ’ എന്ന ക്രിയാപദത്തിൽ നിന്നാണ് അതുണ്ടായതെന്നാണ് ഒരു പക്ഷം. ‘ദൈവത്തിന്റെ കുമാരൻ’, ‘ദൈവം യുദ്ധം ചെയ്യുന്നു’ എന്നുമൊക്കെ ഇതിന് അർത്ഥമാകാമെന്നും പറയുന്നവരുണ്ട്. എന്നാൽ ഏറ്റവും പ്രബലമായ അഭിപ്രായം ഇസ്രായേൽ എന്നാൽ ‘രാത്രിയിൽ പുറപ്പെട്ടവൻ’ എന്നാണു അർത്ഥം എന്നതാണ്. ‘ഇസ്രാ’ എന്നാൽ രാത്രി. യാക്കോബ് തന്റെ മാതാവിന്റെ ഉപദേശപ്രകാരം മാതുലനായ ലാബാന്റെ അടുക്കലേക്കു പുറപ്പെട്ടത് രാത്രിയിൽ ആണ്. യാക്കോബിനു ആ പേര് ലഭിക്കുകയും ചെയ്തു. വാക്കിന്റെ കൃത്യമായ അർത്ഥമെന്തായാലും, യാക്കോബിൽ നിന്ന് ഉത്ഭവിച്ചതായി കരുതപ്പെടുന്ന ജനതക്ക് ഇസ്രായേൽ മക്കളെന്നും, ഇസ്രായേൽക്കാരെന്നുമൊക്കെ പേരുറച്ചു ഇസ്രയേലിന്റെ ചരിത്രം.
ചരിത്രം
ഇസ്രായേലിനെക്കുറിച്ചുള്ള ചരിത്രപരമായ പരാമർശങ്ങൾ രണ്ട് തരമാണ്. ഒന്ന് മത ഗ്രന്ഥങ്ങളിലുള്ള പരാമർശം, രണ്ട് മതേതരചരിത്ര രേഖകളിലുള്ള പരാമർശം. ചരിത്രരേഖകളിലുള്ള ആദ്യപരാമർശം 1200 ബി സി യിൽ ഈജിപ്റ്റിലെ മെർണപ്റ്റാ എന്ന ഭരണാധികാരിയുടെ കാലത്തുള്ള ഒരു ശിലാ ലിഖിതത്തിലാണ്. [13] ജൂതമതത്തിന്റെയും ജൂത ജനതയുടെയും ചരിത്രം അതിപ്രാചീനമാണ്. പഴയ നിയമത്തിലെ അബ്രഹാമിൽ നിന്ന് തുടങ്ങുന്നതാണ് തങ്ങളുടെ പരമ്പരയെന്ന് ലോകത്തെവിടെയുമുള്ള ജൂതർ (യഹൂദർ)വിശ്വസിക്കുന്നു. ജൂതരുടെ പരമ്പരാഗത വിശ്വസമനുസരിച്ച് മെസപ്പൊട്ടേമിയ(ഇന്നത്തെ ഇറാഖി. ൽ)യിലെ ഊർ എന്ന ജന പദത്തിൽ നിന്ന് ഇസ്രയേലിന്റെ ചരിത്രം തുടങ്ങുന്നു.അബ്രഹാമിന്റെ മകൻ ഇസഹാക്ക്, ഇസഹാക്കിന്റെ മകൻ യാക്കോബ്, യാക്കോബിന്റെ പന്ത്രണ്ടു മക്കൾ എന്നിവരിലൂടെ ആ ജനത വളർന്നു പെരുകി. ദൈവം തന്നെയായ ഒരു അജ്ഞാത പുരുഷനുമായി മൽപിടുത്തത്തിൽ ഏർപ്പെട്ട യാക്കോബിന്, ദൈവം ഇസ്രയേൽ എന്ന് പേര് നൽകി. യാക്കോബും പന്ത്രണ്ടു മക്കളും പിന്നീട് ഈജിപ്തിലേക്ക് താമസമാക്കി. ആ പന്ത്രണ്ടു പേരുടെ അനന്തരവകാശികൾ പന്ത്രണ്ടു ഗോത്രങ്ങളായി വികസിച്ചു.ഏറെക്കാലം കഴിഞ്ഞപ്പോൾ ഈജിപ്തിലെ ഫറവോമാരിൽ ഒരാൾ ഇസ്രയേൽ ജനങ്ങളെ അടിമകളായി പീഠിപ്പിക്കുവാൻ തുടങ്ങി. മോശെ (moses) യുടെ നേതൃത്വത്തിൽ ഇസ്രയേൽജനം തങ്ങളുടെ മാതൃ-ദേശമായ കാനാനിലേക്ക് പുറപ്പാട് നടത്തി.ഈ സംഭവമാണ് പഴയ നിയമത്തിലെ പുറപ്പാട് പുസ്തകത്തിൽ വിവരിക്കുന്നത് . ഒരു ജനതയെന്ന നിലയിൽ ഇസ്രയേലുകാരുടെ രൂപവത്കരണം സംഭവിച്ചത് മോശയുടെ നേതൃത്വത്തിലുള്ള പ്രയാണത്തോടെയാണ്. മരുഭൂമിയിലെ വർഷങ്ങൾ നീണ്ട യാത്രയ്ക്ക് ശേഷം അവർ കാനാൻ ദേശത്ത് എത്തി. ജോഷ്വയുടെ നേതൃത്വത്തിൽ അവിടം കീഴടക്കി താമസമുറപ്പിച്ചു. പന്ത്രണ്ടു ഗോത്രങ്ങളായി ഭൂമി പങ്കിടുകയും ചെയ്തു. അക്കാലത്ത് ന്യായാധിപൻമാർ എന്നറിയറിയപ്പെട്ട ഭരണാധിപൻമാരായിരുന്നു ഭരണം നടത്തിയിരുന്നത്.അതിനു ശേഷം സാവൂളിനെ പ്രാവാചകനായ സാമുവൽ വഴി ഇസ്രയേൽ രാജാവായി അഭിഷേകം ചെയ്തു. ദാവീദ്, മകൻ സോളമൻ, എന്നിവരായിരുന്നു തുടർന്നു വന്ന രാജാക്കൻമാർ. ദാവീദായിരുന്നു ഒരു രാഷ്ട്രമായി ഇസ്രയേലിനെ മാറ്റിയത്.ജറുസലേം പട്ടണം കീഴടക്കി തലസ്ഥാനമാക്കിയതും ദാവീദായിരുന്നു. സമാധാനവാദിയും നീതിമാനുമായ സോളമന്റെ കാലശേഷം ഇസ്രയേൽ രണ്ട് രാഷ്ട്രമായി പിളർന്നു.വടക്കുള്ള പത്ത് ഗോത്രങ്ങളടങ്ങിയ ഇസ്രയേലും തെക്കുള്ള രണ്ട് ഗോത്രങ്ങളടങ്ങിയ ജൂദായും (ഈ പന്ത്രണ്ട് ഗോത്രങ്ങളെപ്പറ്റി സ്വീകാര്യമായ ചരിത്ര വസ്തുതകളൊന്നുമില്ല). ബി.സി. എട്ടാം നൂറ്റാണ്ടിൽ അസ്സീറിയൻ ഭരണാധിപനായ ഷൽമാനെസർ അഞ്ചാമൻ ഇസ്രയേൽ പിടിച്ചടക്കി. ആറാം നൂറ്റാണ്ടിൽ ബാബിലോണിയൻ സേന ജൂദായും കീഴടക്കി. ജൂത ആരാധനാലയമായ ഒന്നാം ക്ഷേത്രം അവർ നശിപ്പിച്ചു.ജൂദയായിലെ (യൂദയാ) വരേണ്യർ ബാബിലോണിലേക്ക് പാലായനം ചെയ്തു.ബാബിലോണിയൻ അടിമത്തം (ബാബിലോൺ പ്രവാസം) എന്നാണ് ഇത് അറിയപ്പെടുന്നത്. എഴുപത് വർഷം കഴിഞ്ഞ് പേർഷ്യക്കാർ ബാബിലോൺ കീഴടക്കിയപ്പോൾ പാലായനം ചെയ്തവരിൽ ഒരു വിഭാഗം മാതൃദേശത്തേക്ക് മടങ്ങി. പേർഷ്യൻ രാജാവിന്റെ സഹായത്തോടെ അവർ രണ്ടാം ക്ഷേത്രം നിർമ്മിക്കുകയും ജൂത വിശ്വാസങ്ങൾ പുനസ്ഥാപിക്കുകയും ചെയ്തു. പേർഷ്യക്കാരെ മാസിഡോണിയയിലെ അലക്സാൻഡർ പരാജയപ്പെടുത്തി. അദ്ദേഹത്തിന്റെ മരണശേഷം സൈനികമേധാവിയായിരുന്ന സെല്ലക്കസ് സ്ഥാപിച്ച സെല്യൂസിഡ് സാമ്രാജ്യം പേർഷ്യൻ ലോകത്ത് ഗ്രീക്ക് സംസ്കാരം പ്രചരിപ്പിച്ചു. ഗ്രീക്ക് സംസ്കാരം സ്വീകരിച്ച ജൂതൻമാരുടെ സഹായത്തോടെ ജൂത ക്ഷേത്രത്തെ സ്യൂസ് ക്ഷേത്രമാക്കാൻ സെല്യൂസിഡ് ചക്രവർത്തിയായ ആന്റിയോക്കസ് എപ്പിഫേനേസ് നാലാമൻ ശ്രമിച്ചു. ഇതിനെ ജൂത വിശ്വാസത്തിൽ ഉറച്ചു നിന്നവർ എതിർത്തു. ഹാസ്മൊണേയിയൻ എന്ന സ്വതന്ത്ര ജൂത രാജവംശവും അവർ സ്ഥാപിച്ചു .ബി.സി. 165 മുതൽ 63 വരെ നിലനിന്ന ആ വംശം പിന്നീട് റോമാ സാമ്രാജ്യത്തിന്റെ സ്വാധീനത്തിലായി ഹാസ് മൊണേയിയൻ കുടുംബത്തെ പ്രഭുവംശീയ നായ ഹെറോദ് ഉന്മൂലനം ചെയ്തു.റോമാക്കാരുടെ സാമന്തനായാണ് ഹെറോദ് (ഹെറോദേസ്) ഭരണം നടത്തിയത്. ഹെറോദിന്റെ മരണശേഷം റോമാക്കാർ ജൂദയായിൽ നേരിട്ട് ഭരണം തുടങ്ങി. റോമാക്കാരുടെ ബഹുദൈവാരാധനയും ജൂതൻമാരുടെ ഏക ദൈവ ആരാധനയും തമ്മിൽ ഏറ്റുമുട്ടി. ഈ കാലത്താണ് യേശുവിന്റെ ജീവിതവും രക്തസാക്ഷിത്വവുമുണ്ടായത്. ഒരു ചെറു സംഘം ജൂതർക്കിടയിൽ മാത്രം പ്രചാരം നേടിയ യേശുവിന്റെ ആശയങ്ങൾ പിൻ കാലത്ത് ലോകമാസകലം ക്രിസ്തുമതമായി തീർന്നു. യഥാസ്ഥിതികരും റോമൻ പക്ഷപാതികളുമായ ജൂത പ്രമാണിമാരാണ് യേശുവിന്റെ ക്രൂശാരോഹണത്തിനു പിന്നിൽ പ്രവർത്തിച്ചത്.
എ.ഡി. 66-ൽ കൊടിയ ക്ഷാമത്തെയും കലാപങ്ങളെയും തുടർന്ന് ജൂദാ നിവാസികൾ റോമൻ ഭരണാധികാരികൾക്കെതിരെ ലഹള യാരംഭിച്ചു. പിന്നീട് റോമൻ ചക്രവർത്തിയായി തീർന്ന സൈന്യധിപൻ ടൈറ്റസ് ഫ്ളാവിയസ്സിന്റെ നേതൃത്വത്തിൽ റോം ജൂതൻമാരുടെ കലാപംഅടിച്ചമർത്തി.ജറുസലേം നഗരം തകർക്കുകയും ചെയ്തു. രണ്ടാം ദേവാലയത്തിന്റെ ചുവർ മാത്രമാണ് അവശേഷിച്ചത്. രണ്ടാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തി ഹഡ്രിയൻ ജൂതാരാധനക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ സൈമൺ ബാർകോ ഖ്ബയുടെ നേത്യത്വത്തിൽ ജൂതർ കലാപത്തിനൊരുങ്ങി. അഞ്ചു ലക്ഷത്തോളം ജൂതർക്ക് മരണം സംഭവിച്ചു. ജറുസലേമിൽ നിന്ന് ജൂതർ പുറത്താക്കപ്പെടുകയും മതാരാധന നിരോധിക്കപ്പെടുകയും ചെയ്തു. ഇതോടെ ക്ഷേത്രാരാധന സമ്പ്രദായം നിലച്ചു. പകരം അത് മതാചാര്യരായ റബ്ബികളെ കേന്ദ്രീകരിച്ചു. റോമൻ കാലത്തിനു ശേഷം ജൂത ബൈബിളിൽ പുതിയ പുസ്തകങ്ങളൊന്നും കൂട്ടിച്ചേർക്കപ്പെട്ടില്ല. ഒട്ടേറെ ജൂതരെ റോമാക്കാർ അടിമകളാക്കി വിറ്റ തോടുകൂടി ഇസ്രയേൽ ജനതയുടെ തകർച്ച പൂർത്തിയായി.അങ്ങനെ ജൂത വിപ്രവാസത്തിന് ആരംഭമായി.
ആധുനിക ഇസ്രയേലിന്റെ പിറവി
രണ്ടാം ലോകമഹായുദ്ധം തീരുമ്പോഴേക്കും പലസ്തീനിലെ ജൂതരുടെ എണ്ണം പെരുകി കഴിഞ്ഞിരുന്നു. ജൂതരും അറബികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി.1947-ൽ പലസ്തീനിൽ നിന്നും പിൻവാങ്ങുവാൻ ബ്രിട്ടൺ തീരുമാനിച്ചു.അതിനു മുമ്പുതന്നെ പലസ്തീനിൽ ജൂതരാഷട്രം സ്ഥാപിക്കാനുള്ള ഉദ്ദേശം ബാൽഫർ പ്രഖ്യാപനത്തിലൂടെ ബ്രിട്ടൺ വെളിപ്പെടുത്തിയിരുന്നു. 1947 നവുംബർ 29 ന് ചേർന്ന യു.എൻ ജനറൽ അസംബ്ലി പലസ്തീൻ ജൂതർക്കും അറബികൾക്കുമായി വിഭജിക്കുവാനുള്ള തീരുമാനം അംഗീകരിച്ചു. ജൂതർ അത് സ്വീകരിച്ചുവെങ്കിലും അറബി ലീഗ് രാജ്യങ്ങൾ തിരസ്കരിച്ചു.1948 മെയ് 14-ന് അർദ്ധരാത്രി ഇസ്രയേൽ എന്ന പുതിയ രാജ്യം പിറവികൊണ്ടു. ആധുനിക ഇസ്രയേലിന്റെ രൂപീകരണത്തിന് നിദാനമായിത്തീർന്ന പ്രസ്ഥാനമായിരുന്നു സയണിസ്റ്റ് പ്രസ്ഥാനം. ഡേവിഡ് ബെൻഗൂറിയനായിരുന്നു ആദ്യ പ്രധാനമന്ത്രി. പത്ത് ലക്ഷത്തോളം പേരെ ആദ്യ ഘട്ടത്തിൽ തന്നെ പുറത്താക്കിയ ഇസ്രയേൽ രാഷ്ട്രം, തുടർന്ന് 1948-ലെ അറബ് ഇസ്രയേൽ യുദ്ധത്തെ അഭിമുഖീകരിച്ചു. അറബിരാജ്യങ്ങളായ ഈജിപ്ത്, സിറിയ, ജോർദ്ദാൻ, ലെബനൻ, ഇറാഖ്, എന്നിവർ ചേർന്ന് 1948 മെയ് മാസം തന്നെ ഇസ്രയേലിനെ ആക്രമിച്ചു. ജോർദ്ദാൻ സൈന്യം കിഴക്കൻ ജറുസലേം കീഴടക്കിയെങ്കിലും ശത്രുക്കൾക്കളെ മുഴുവൻ പ്രതിരോധിച്ച് ചെറുത്തു നിന്നു. ജൂണിൽ യു എൻ ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു.ഈ സമയത്താണ് ഔദ്യോഗികമായി ഇസ്രയേൽ സേന രൂപീകൃതമായി ‘1949-ൽ വെടിനിർത്തലുണ്ടായി. യുദ്ധ ഫലമായി ജോർദാൻ നദിക്ക് പടിഞ്ഞാറുള്ള പ്രദേശ ത്തിന്റെ 29 ശതമാനം ഇസ്രയേലിന് ലഭിച്ചു. ജൂദിയായിലെ പർവ്വത പ്രദേശങ്ങളും സമരിയായുമടങ്ങുന്ന വെസ്റ്റ് ബാങ്ക് പ്രദേശം ജോർദ്ദാനും കൈവശപ്പെടുത്തി.ഗാസാ മുനമ്പിൽ ഈജിപ്ത് അവകാശം സ്ഥാപിച്ചു. എല്ലാം നഷ്ടപ്പെടുകയും ഒന്നും നേടാതിരിക്കുകയും ചെയ്തത് ഇസ്രയേലിലെ പാലസ്തീൻകാരായ അറബികളായിരുന്നു. അവർ മറ്റ് അറബിനാടുകളിൽ അഭയാർത്ഥികളാകാൻ വിധിക്കപ്പെട്ടു. 711000 പലസ്തീനികൾ അന്നു അഭയാർത്ഥികളായന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇസ്രയേൽ രൂപവൽക്കരിച്ച ശേഷം ജൂതന്മാർ അങ്ങോട്ടേക്ക് ഒഴുകി. അറബ് ഇസ്രയേൽ യുദ്ധത്തെ തുടർന്ന് അറബിരാജ്യങ്ങളിലും ഇറാനിലും നിന്നും പുറത്താക്കപ്പെട്ട ആറ് ലക്ഷത്തോളം മിസ്രാഹി ജൂതരും ഇസ്രയേലിലെത്തി.
ഇന്ത്യയിലെ ഇസ്രയേലികൾ
1947-ൽ ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഏകദേശം 35000 ജൂതൻമാർ ഇന്ത്യയിൽ ഉണ്ടായിരുന്നു. അടുത്ത വർഷം ഇസ്രയേൽ രൂപീകരിച്ചതോടെ മിക്കവരും അങ്ങോട്ട് കുടിയേറി. പ്രധാനമായും 3 വിഭാഗക്കാരാണ് ജൂതർ. കൊച്ചിയിലെ ജൂത രായിരുന്നു ഇതിൽ ഏറ്റവും പുരാതന സമൂഹം. ഇറാനു കിഴക്കുള്ള ഏറ്റവും പഴക്കമുള്ള ജൂത സമൂഹവും കൊച്ചിയിലെ ജൂതൻമാരായിരുന്നു .എ.ഡി. 70 ലാണ് ജൂതർ കൊച്ചിയിലെത്തിയതെന്ന് കരുതുന്നു.റോമാക്കാർ ജറുസലേം കീഴടക്കിയപ്പോളാണ് ജൂതർ കൊച്ചിയിലെത്തിയത്. തനതു വ്യക്ത്വത്തo കളയാതെ കൊച്ചിൻ ജൂതർ കേരളത്തിൽ വാണിക സമൂഹമായി വികസിച്ചു.പ്രാചീന കാലത്ത് വന്നവരുടെ പിത്തലമുറക്കാരായ,മലബാറികൾ,16-ആം നൂറ്റാണ്ടിൽ അറബി രാജ്യങ്ങളിൽ നിന്നും ഉത്തരാഫ്രിക്കയിൽ നിന്നും എത്തിയ സെഫാർദിക് ജൂതരായ,പരദേശികൾ,കൊച്ചിൻ ജൂതരിലെ രണ്ടു വിഭാഗമാണ്. മുംബൈയ്ക്കടുത്ത് വേരുറപ്പിച്ച ബെനെ ജൂതർ ആണ് മൂന്നാമത്തെ വിഭാഗമായ ബാഗ്ദാദി ജൂതർ പശ്ചിമേഷ്യയിൽ നിന്നുള്ള അറബി സംസാരിക്കുന്നവരാണ് ഇവർ.ഇസ്രയേൽ രൂപം കൊണ്ടതോടെ മിക്കവരും അങ്ങോട്ട് പോയി. ഇപ്പോൾ ഇന്ത്യയിൽ ഏകദേശം 6000 പേരോളമുണ്ട്.ഇന്ത്യയിൽ ജനിച്ച് വളർന്നവർ 60000 പേർ ഇസ്രയേലിൽ ഉണ്ട്. 1941-ൽ കൊച്ചിയിൽ നിന്ന് 1935 ജൂതർ ഇസ്രയേലിലേക്ക് പോയി.1970-80 കാലഘട്ടത്തിൽ ബാക്കിയുള്ളവരും സ്ഥലം വിട്ടു.ഇന്ന് കൊച്ചിയിൽ വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്. മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുന്നവരാണ് കൊച്ചിൻ യൂദർ. ഇസ്രയേലിൽ ഇവർ ഇടക്കെല്ലാം ഒത്തുകൂടാറുണ്ട്. ഇസ്രയേൽ രൂപീകൃതമായതിനു 70 വർഷത്തിനു ശേഷം ഇസ്രയേൽ സന്ദർശിച്ച ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. വമ്പൻ വരവേൽപ്പായിരുന്ന ഇസ്രയേൽ അദ്ദേഹത്തിന് നൽകിയത്.