EncyclopediaWild Life

പശു

പശു പൊതുവേ ഒരു വളർത്തു മൃഗമാണ്. ഭൂമിയിൽ ഉഷ്ണ- മിതോഷ്ന മേഖലകളിലെല്ലാം തന്നെ ഈ വർഗത്തില്പെട്ട വിവിധയിനങ്ങൾ അധിവസിച്ചിരുന്നു. അവിടങ്ങളിലെല്ലാം ഇവ മനുഷ്യരാൽ ഇണക്കിയെടുക്കുകയും ചെയ്യപ്പെട്ടു. ആഫ്രിക്ക പോലുള്ള ചിലയിടങ്ങളിലെ വനങ്ങളിലും ഹിമാലയപ്രാന്തങ്ങളിലും മറ്റും ഇവയുടെ വർഗത്തിൽ പെട്ട ജീവികൾ കാട്ടുമൃഗങ്ങളായി ജീവിക്കുന്നുമുണ്ട്.
പ്രത്യേകതകൾ
കൊമ്പുകൾ ഉള്ള ഇവ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളാണ്‌. തികഞ്ഞ സസ്യാഹാരികളുമാണ്‌. അയവെട്ടുന്ന മൃഗമാണ്‌ ഇത്‌. ഇതിന്റെ ആമാശയത്തിന്‌ നാല്‌ അറകളുണ്ട്‌. പചനക്രിയ പല ഘട്ടങ്ങളിലായി ആമാശയത്തിന്റെ വിവിധ അറകളിൽ നടക്കുന്നു. ഇവയുടെ പാൽ ഒരു നല്ല സമീകൃതാഹാരമാണ്‌. ഇവയുടെ ഒരു പ്രസവത്തിൽ സാധാരണയായി ഒരു ശിശു മാത്രമേ ഉണ്ടാകൂ. ഏതാണ്ട് ഒൻപതു മാസമാണ്‌ ഗർഭകാലം.
മനുഷ്യർ പാലിനായി പശുവിനെ വളർത്തുന്നു. മനുഷ്യരുമായി വളരെ ഇണങ്ങുന്ന, പൊതുവെ ശാന്തപ്രകൃതികളായ മൃഗങ്ങളാണ്‌ ഇവ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പശു ഒരു പുണ്യ മൃഗമായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ ഈ ഇനത്തിൽപ്പെട്ട ആൺജാതിയെ കാള എന്നും ചിലയിടങ്ങളിൽ മൂരി എന്നും വിളിക്കുന്നു
ഔഷധഗുണം
ആയുർ‌വേദവിധിയിൽ പശു ധാരാളം ഔഷധഗുണമുള്ള ഒരു മൃഗമാണ്. പശുവിൻറെ പഞ്ചഗവ്യം എന്നറിയപ്പെടുന്ന പാൽ, മൂത്രം, ചാണകം, തൈര് , നെയ്യ് എന്നിവ ഉപയോഗിച്ച് ആയുർവേദ വിധിപ്രകാരം ഔഷധഘൃതങ്ങൾ ഉണ്ടാക്കുന്നു. ഈ നെയ്യ് ശരീരത്തിന്റെ കോശ ശക്തി വീണ്ടെടുക്കാനും, മാനസിക – ശാരീരിക ക്ലേശങ്ങൾ, വാതരോഗം, സന്താന ലബ്ധി എന്നിവക്കും ഉപയോഗിക്കുന്നു. പശുവിന്റെ വയറ്റിൽ നിന്നെടുക്കുന്ന ഗോരോചനം ആയുർവേദ മരുന്നുകളിലെ മറ്റൊരു വിശേഷപ്പെട്ട ചേരുവയാണ്‌.
വിവിധ ഇനം പശുക്കൾ
കന്നുകാലികളെ മൂന്ന് വ്യത്യസ്ത ഇനങ്ങളായി തരം തിരിച്ചിട്ടുണ്ട്. ബോസ് ടോറസ്, Bos taurus (യൂറോപ്യൻ അല്ലെങ്കിൽ ടോറൈൻ) , ബോസ് ഇൻഡിക്കസ് (സെബു), വംശനാശം സംഭവിച്ച ബോസ് പ്രൈമിജെനിയസ് (ഔറോക്സ് Aurochs) എന്നിവയാണ് അവ. വംശനാശം സംഭവിച്ച ഔറോക്സുകളുടെ പിൻഗാമികളാണ് ടോറൈൻ, സെബു എന്നിവ. ബോസ് ടോറസ് എന്ന ഒറ്റ വർഗ്ഗത്തിലാക്കി ഇവയെ പുനർ നാമകരണം ചെയ്തു. ബോസ് ടോറസ് പ്രൈമിജെനിയസ്, ബോസ് ടോറസ് ഇൻഡിക്കസ്, ബോസ് ടോറസ് ടോറസ് എന്നിങ്ങനെ മൂന്ന് ഉപവർഗ്ഗങ്ങളാക്കി വീണ്ടും തിരിച്ചു. ഈ മൂന്നിനങ്ങളാണ് ഇപ്പോൾ വ്യാപകമായി വളർത്തുമൃഗങ്ങളായി പരിപാലിച്ച് പോരുന്നത്.
സെബു (ബോസ് ടോറസ് ഇൻഡിക്കസ്)
മുതുകിൽ കൂനുകളുള്ള (മുഴ) ഒരു കന്നുകാലി വർഗ്ഗമാണ് സെബു (zebu). ബോസ് പ്രൈമിജെനിയസ് ഇൻഡിക്കസ് (Bos primigenius indicus), ബോസ് ഇൻഡിക്കസ് (Bos indicus), ബോസ് ടോറസ് ഇൻഡിക്കസ് (Bos taurus indicus) എന്നിങ്ങനെയുള്ള ഉപവിഭാഗങ്ങളായും അറിയപ്പെടുന്നു. ഉഷ്ണമേഖലാ രാജ്യങ്ങളിലുടനീളം ഇവയെ വളർത്തി വരുന്നു. ഇൻഡിക്കൈൻ കന്നുകാലികൾ (indicine cattle) അല്ലെങ്കിൽ കൂനൻ കന്നുകാലികൾ (humped cattle) എന്നറിയപ്പെടുന്നു. ഇന്ത്യയിൽ വ്യാപകമായി പരിപാലിച്ച് പോരുന്ന തനത് നാടൻ ജനുസ്സുകളാണ് ഇവ.
കേരളത്തിൽ അറിയപ്പെടുന്ന നാടൻ പശുക്കൾ
വെച്ചൂർ
വില്വാദ്രി
ചെറുവള്ളി
കാസർഗോഡ് കുള്ളൻ
വടകര കുള്ളൻ
കുട്ടമ്പുഴ
സുവർണ്ണവല്ലി
വയനാട്
ഇടുക്കി
ഹൈറേഞ്ച്
എന്നിങ്ങനെ നിരവധി നാടൻ വിഭാഗങ്ങളാണ് കേരളത്തിലുള്ളത്.
വെച്ചൂർ പശുവിന് അംഗീകാരം നൽകിയ ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (എൻ.ബി.എ.ജി.ആർ) ശാസ്ത്രജ്ഞന്മാർ മറ്റു പശുക്കളെക്കുറിച്ചും ഗവേഷണം നടത്തിക്കൊണ്ടിരിക്കയാണ്. ഇതിൽ വില്വാദ്രി, കുട്ടമ്പുഴ എന്നിവയുടെ ജനിതക സാമ്പിളുകളും വംശ പാരമ്പര്യ പഠനവും എൻ.ബി.എ.ജി.ആർ. വിദഗ്ധ സംഘം കഴിഞ്ഞ വർഷങ്ങളിൽ പ്രത്യേക പഠനത്തിന് വിധേയമാക്കി ക്കൊണ്ടിരിക്കുകയാണ്.