അമിത് ഷാ
ഇന്ത്യയുടെ നിലവിലെ ആഭ്യന്തരമന്ത്രി ആണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ (ജനനം 22 ഒക്ടോബർ 1964). 2019 മേയ് 30-ന്ആണ്ഇദ്ദേഹം ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്
1997 (ഉപതിരഞ്ഞെടുപ്പ്), 1998, 2002, 2007 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ സാകേജ് നിയോജകമണ്ഡലത്തിൽ നിന്നും ജയിച്ച് നിയമസഭാംഗമായി. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹപ്രവർത്തകരിൽ ഒരാൾ കൂടിയാണ് അമിത് ഷാ. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, പല നിർണ്ണായ തീരുമാനങ്ങളും എടുത്തിരുന്നത് ഷാ ആയിരുന്നു. 2012 ലെ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ നാരാൺപുര മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു, വീണ്ടും ഗുജറാത്ത് നിയമസഭയിലെത്തി.
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതല അമിത് ഷാക്കായിരുന്നു. മത്സരിച്ച 80 സീറ്റുകളിൽ 73 സീറ്റുകളിലും വിജയിച്ച് ഉത്തർപ്രദേശിൽ ഭാരതീയ ജനതാ പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി.ഈ വിജയത്തോടെ, അമിത് ഷാ, ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ആദ്യകാല ജീവിതം
1964 ഒക്ടോബർ 22 നു ബോംബെയിലെ ഒരു ഗുജറാത്തി-ബനിയ കുടുംബത്തിലാണ് അമിത് ഷാ ജനിച്ചത്. പിതാവ് അനിൽചന്ദ്ര ഷാ ഒരു ബിസിനസ്സുകാരനായിരുന്നു. ബോംബെയിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ഉപരിപഠനത്തിനായി ഗുജറാത്തിലേക്കു പോയി. അഹമ്മദാബാദിലെ യു.സി.ഷാ കോളേജിൽ ബയോകെമിസ്ട്രിയിൽ അദ്ദേഹം പ്രവേശനം നേടി. ബിരുദം പൂർത്തിയാക്കിയ ശേഷം, പിതാവിനെ വ്യാപാരത്തിൽ സഹായിക്കാൻ തുടങ്ങി. അഹമ്മദാബാദിലെ സഹകരണ സംഘങ്ങളിൽ ഓഹരി ദല്ലാളായും അമിത് ജോലി ചെയ്തിട്ടുണ്ട്.
വളരെ ചെറിയ പ്രായത്തിൽ തന്നെ ഷാ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായിരുന്നു. അയൽപക്കത്തുള്ള ശാഖകളിൽ ഷാ, സ്ഥിരം സാന്നിദ്ധ്യമായിരുന്നു. അഹമ്മദാബാദിലെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ഒരു സന്നദ്ധപ്രവർത്തകനായി സംഘത്തിൽ ചേരുന്നത്. ആർ.എസ്സ്.എസ്സ് പ്രവർത്തനകാലഘട്ടത്തിലാണ് 1982 ൽ അമിത് ഷാ ആദ്യമായി നരേന്ദ്ര മോദിയെ കാണുന്നത്. അഹമ്മദാബാദിലെ യുവതലമുറയെ സംഘടിപ്പിക്കാനുള്ള ചുമതലയുള്ള ആർ.എസ്സ്.എസ്സ് പ്രചാരക് ആയിരുന്നു അക്കാലത്ത് നരേന്ദ്ര മോദി.
രാഷ്ട്രീയം
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതാവായാണ് അമിത് ഷാ, തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.1986 ൽ ഭാരതീയ ജനതാ പാർട്ടി അംഗമായി. ഭാരതീയ ജനതാ പാർട്ടിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവ മോർച്ചയുടെ സജീവ പ്രവർത്തകനായിരുന്നു ഷാ. പാർട്ടിയിലെ നേതൃത്വപടവുകൾ ഷാ, അതിവേഗം കീഴടക്കി. 1991 ലെ പൊതു തിരഞ്ഞെടുപ്പിൽ അദ്വാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ചത് ഷാ ആയിരുന്നു.
1995 ൽ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടി ആദ്യത്തെ സർക്കാരുണ്ടാക്കി. കോൺഗ്രസ്സിനു ശക്തമായ സ്വാധീനമുള്ള ഗുജറാത്തിലെ ഗ്രാമീണ മേഖലകളിൽ നരേന്ദ്ര മോദിയുടേയും, അമിത് ഷായുടേയും പ്രവർത്തന ഫലമായി ഭാരതീയ ജനതാ പാർട്ടിക്കു മുന്നേറ്റം നേടാനായി. ഓരോ ഗ്രാമങ്ങളിലും ചെന്ന് അവിടെ സ്വാധീനമുള്ള വ്യക്തിയെ ഭാരതീയ ജനതാ പാർട്ടിയിൽ അംഗമാക്കുക എന്ന നയമാണ് ഇരുവരും സ്വീകരിച്ചത്. ഇത്തരത്തിൽ ഏതാണ്ട് എണ്ണായിരത്തോളം നേതാക്കളെ അവർ ഭാരതീയ ജനതാ പാർട്ടി അംഗങ്ങളാക്കി.
ഗുജറാത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു, അവിടത്തെ സഹകരണപ്രസ്ഥാനങ്ങൾ. ഈ സഹകരണസംഘങ്ങളിലെല്ലാം കോൺഗ്രസ്സിനായിരുന്നു സ്വാധീനം. മോദിയും, ഷായും മുൻ തന്ത്രമുപയോഗിച്ചു തന്നെ, ഇവിടങ്ങളിൽ കോൺഗ്രസ്സിന്റെ സ്വാധീനം കുറച്ചു. 1999 ൽ ഇന്ത്യയിലെ തന്നെ വലിയ സഹകരണസ്ഥാപനങ്ങളിലൊന്നായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ഷാ തിരഞ്ഞെടുക്കപ്പെട്ടു. ജാതി വോട്ടുകളുടെ പിൻബലത്തിലാണ് സാധാരണ ഇത്തരം സ്ഥാപനങ്ങളിൽ നേതൃസ്ഥാനത്തേക്ക് ആളുകൾ തിരഞ്ഞെടുക്കപ്പെടുന്നത്. പട്ടേൽ, ക്ഷത്രിയ വിഭാഗങ്ങളിലൊന്നും പെടാഞ്ഞിട്ടു പോലും ഷാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 36 കോടി കടം ഉള്ള ബാങ്ക്, അക്കാലത്ത് തകർച്ചയുടെ വക്കിലായിരുന്നു. ഷായുടെ സാരഥ്യത്തിനു കീഴിൽ അടുത്ത വർഷം, ബാങ്കിന്റെ ലാഭം 27 കോടി രൂപയായി മാറി. 2014 ആയപ്പോഴേക്കും, ബാങ്കിന്റെ ലാഭം 250 കോടി രൂപയായി. ബാങ്കിന്റെ ഭരണസമിതിയിൽ ഭൂരിഭാഗവും, ഭാരതീയ ജനതാ പാർട്ടിയോടു ആഭിമുഖ്യമുള്ളവരോ, പാർട്ടി പ്രവർത്തകരോ ആയിരിക്കാൻ ഷാ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഗുജറാത്തിലെ കായിക സംഘടനകളുടെ ഭരണവും, തങ്ങളുടെ കൈപിടിയിലൊതുക്കാൻ മോദിയും, ഷായും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗുജറാത്ത് സ്റ്റേറ്റ് ചെസ്സ് അസ്സോസ്സിയേഷന്റെ പ്രസിഡന്റായി ഷാ തിരഞ്ഞെടുക്കപ്പെട്ടു. 2009 ൽ ഗുജറാത്ത് ക്രിക്കറ്റ് അസ്സോസ്സിയേഷൻ വൈസ്-പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലയളവിൽ നരേന്ദ്ര മോദി ആയിരുന്നു സംഘടനയുടെ പ്രസിഡന്റ്, 2014 ൽ മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോൾ, ഷാ അസ്സോസ്സിയേഷന്റെ പ്രസിഡന്റായി ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.
1990 കളിൽ നരേന്ദ്ര മോദി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായതോടെ, ഷായുടെ ഉയർച്ചകൾ തുടങ്ങി. നരേന്ദ്ര മോദിയുടെ അനുഗ്രാഹിശ്ശിസുകളോടെ, ഷാ ഗുജറാത്ത് സ്റ്റേറ്റ് ഫൈനാൻഷ്യൽ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനമേറ്റെടുത്തു. ശങ്കർസിങ് വഗേല മുതലായ വിമതർ പാർട്ടിയിൽ മോദിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ, ഭാരതീയ ജനതാ പാർട്ടി, മോദിയെ ഗുജറാത്തിൽ നിന്നും ഡൽഹിയിലേക്കു മാറ്റി.
1997 ലെ ഉപതിരഞ്ഞെടുപ്പിൽ ഷാ സാർകേജ് മണ്ഡലത്തിൽ നിന്നും ജയിച്ച് ഗുജറാത്ത് നിയമസഭയിലെത്തി. മോദിയുടെ സ്വാധീനം മൂലമാണ് ഷാക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്. 1998 തിരഞ്ഞെടുപ്പിൽ ഷാ ഇതേ മണ്ഡലത്തിൽ നിന്നും ജയിച്ചു.
മന്ത്രി
2001 ൽ ഭരണ കെടുകാര്യസ്ഥത ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി, കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി പകരം നരേന്ദ്ര മോദിയെ അവരോധിച്ചു. ഭരണ സാരഥ്യം കൈയിൽ വന്ന നരേന്ദ്ര മോദിയും, ഷായും കൂടി വളരെ കുറച്ചു കാലം കൊണ്ട്, തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഒതുക്കി. 2002 നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാ, വീണ്ടും സാർകേജ് മണ്ഡലത്തിൽ നിന്നും മത്സരിക്കുകയും, 158,036 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. രേഖപ്പെടുത്തിയ വോട്ടുകളുടെ 36 ശതമാനം ആയിരുന്നു ഷായുടെ ഭൂരിപക്ഷം.
നരേന്ദ്ര മോദി, പന്ത്രണ്ടു വർഷക്കാലം, ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ഇക്കാലയളവുകൊണ്ട്, സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാവായി ഷാ മാറി. 2002 മോദി മന്ത്രിസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഷാ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിനു വിവിധ വകുപ്പുകളുടെ ചുമതലകളുണ്ടായിരുന്നു. ഒരു കാലയളവിൽ 12 വകുപ്പുകൾ ഷാ കൈകാര്യം ചെയ്തിരുന്നു.
തീവ്രവാദ നിരോധന നിയമം തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു എന്നാരോപിച്ച് അതു പിൻവലിക്കാൻ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടു. പോട്ട പിൻവലിക്കുന്നതിനു പകരമായി, ഗുജറാത്ത് കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം എന്നൊരു ഭേദഗതി ബിൽ ഷാ നിയമസഭയിൽ അവതരിപ്പിച്ചു. ബില്ലിന്റെ വോട്ടെടുപ്പു വേളയിൽ കോൺഗ്രസ്സ് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയെങ്കിലും, ചെറിയ ഭേദഗതികളോടെ ബിൽ പാസ്സാക്കി.
ഷാ, ഗുജറാത്ത് നിയമസഭയിൽ അവതരിപ്പിച്ച, മതപരിവർത്തന നിരോധന ബിൽ ഏറെ ഒച്ചപ്പാടുകൾ ഉണ്ടാക്കി. ഇന്ത്യൻ ഭരണഘടന ഒരു പൗരനു ഉറപ്പു നൽകിയിരിക്കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഈ ബില്ലെന്നു കോൺഗ്രസ്സ് ആരോപിച്ചു. എന്നാൽ ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യത്തെ ഷാ പ്രതിരോധിക്കുകയും, ബിൽ സഭയിൽ പാസ്സാക്കിയെടുക്കുകയും ചെയ്തു. ഇത് ആർ.എസ്.എസ് നേതൃത്വത്തിൽ മതിപ്പുളവാക്കി.
വിവാദങ്ങൾ
സൊഹ്റാബുദ്ദീൻ കൊലക്കേസ്
സൊഹ്റാബുദ്ദീൻ കൊലക്കേസിൽ അമിത് ഷാ പോലിസന്വേഷണത്തിനു വിധേയമായിരുന്നു. സൊഹ്റാബുദ്ദീൻ എന്ന ഗുണ്ടയുടെ ശല്യം സഹിക്ക വയ്യാതെ, ഗുജറാത്തിലെ രണ്ടു മാർബിൾ വ്യാപാരികൾ അമിത് ഷാക്കു മേൽ സമ്മർദ്ദം ചെലുത്തി പോലീസിന്റെ സഹായത്തോടെ ഷൊറാബ്ദീനെ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. മനപൂർവ്വം ഒരു കുറ്റകൃത്യത്തിൽ കുടുക്കി പോലീസ് ഷൊറാബ്ദീനെ അറസ്റ്റു ചെയ്യുകയും, ഒഴിഞ്ഞ ഒരു ഫാം ഹൗസിൽ വച്ച് നേരത്തേ തന്നെ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് കൊലപ്പെടുത്തി എന്നു പറയപ്പെടുന്നു. സൊഹ്റാബുദ്ദീൻ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയാ ലഷ്കർ-ഇ-ത്വയ്യിബ പ്രവർത്തകനായിരുന്നുവെന്നും, പോലീസുമായുള്ള ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെന്നുമാണു പോലീസ് പറയുന്നത്.
ഗുജറാത്ത് കലാപം
സംഭവത്തിൽ കുറ്റാരോപിതരായ പോലീസുദ്യോഗസ്ഥരുമായി അമിത് ഷാ ടെലിഫോണിലൂടെ ബന്ധം പുലർത്തിയിരുന്നതിന്റെ തെളിവുകൾ സി.ബി.ഐ ക്കു ലഭിച്ചു. ഇതിൽ നിന്നും കൊലപാതകത്തിലുള്ള ഷായുടെ പങ്ക് വ്യക്തമാണെന്ന് സി.ബി.ഐ കോടതിയിൽ ബോധിപ്പിക്കുകയുണ്ടായി. ഷായെ ഈ കേസിൽ ഉൾപ്പെടുത്താൻ സി.ബി.ഐ തന്നിൽ ഏറെ സമ്മർദ്ദം ചെലുത്തിയതായി, ആദ്യം ഈ കേസ് അന്വേഷിച്ചിരുന്ന പോലീസുദ്യോഗസ്ഥ ഗീത ജോഹ്രി വെളുപ്പെടുത്തിയത് സി.ബി.ഐക്ക് തിരിച്ചടിയുണ്ടാക്കി.ഈ കേസിൽ കുറ്റാരോപിതനായ ഡി.ഐ.ജി. വൻസാര, മുമ്പ് ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിലും പ്രതിയായിരുന്നു. ഈ കേസിൽ, സി.ബി.ഐ അമിത് ഷായെ കുറ്റവിമുക്തനാക്കി.
2002 ഗുജറാത്ത് കലാപത്തിലും, വ്യാജ ഏറ്റുമുട്ടൽ കേസിലും, ഗുജറാത്ത് സർക്കാരിനെതിരേ മൊഴി കൊടുത്ത സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരോട് അമിത് ഷാ പ്രതികാര നടപടിയെടുത്തത് ഏറെ വിവാദങ്ങൾക്കു വഴി വെച്ചിരുന്നു. ഈ സംഭവങ്ങളിൽ സർക്കാരിനെതിരേ മൊഴി നൽകിയതു കാരണം, തന്റെ സ്ഥാനക്കയറ്റം അന്യായമായി ഷാ ഇടപെട്ടു തടഞ്ഞുവെന്ന് അന്ന് സംസ്ഥാനത്ത് ഡി.ജി.പി ആയിരുന്ന ആർ.ബി.ശ്രീകുമാർ നാനാവതി കമ്മീഷനു മുമ്പാകെ മൊഴി നൽകിയിരുന്നു. സംസ്ഥാനത്തെ പോലീസുദ്യോഗസ്ഥരുടേയും, രാഷ്ട്രീയക്കാരുടേയും ഫോൺ രേഖകൾ കമ്മീഷനു കൈമാറിയ രാഹുൽ ശർമ്മ എന്ന പോലീസുദ്യോഗസ്ഥനെതിരേ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന്റെ പേരിൽ കേസെടുത്തു.
സ്നൂപ്ഗേറ്റ് വിവാദം
2009 ൽ അമിത് ഷാ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്തിരുന്ന കാലത്ത്, അനധികൃതമായി ഒരു വനിതയെ നിരീക്ഷിക്കാൻ പോലീസിനോടാവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഒരു സ്ത്രീയെ നിരീക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ജി.എൽ.സിംഗാളിനോടു ഷാ ആവശ്യപ്പെടുന്നതിന്റെ തെളിവുകൾ ചില ഓൺലൈൻ പത്രങ്ങൾ പുറത്തു വിട്ടു. ഇസ്രത്ത് ജഹാൻ കേസിൽ തെളിവായി സമർപ്പിച്ചിരുന്ന ഈ ടേപ്പുകൾ പിന്നീടു ഓൺലൈൻ മാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ ഐ.എ.എസ്സ് ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് ശർമ്മയേയും, ഒരു സ്ത്രീയേയും തുടർച്ചയായി പരാമർശിക്കുന്ന ഈ ടേപ്പുകളിൽ ധാരാളം ആയി ഉപയോഗിക്കുന്ന സാഹേബ് പദം, മുഖ്യമന്ത്രി നരേന്ദ്രമോദിയായിരിക്കാമെന്നു മാധ്യമങ്ങൾ സംശയം പ്രകടിപ്പിക്കുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ വരെ ഈ സംഭവത്തിൽ അന്വേഷണം വേണമെന്നു ആവശ്യപ്പെട്ടു പ്രക്ഷോഭം തുടങ്ങി. 2014 ൽ അന്വേഷണം നേരിട്ട സ്ത്രീ സുപ്രീം കോടതിയിൽ ഹാജരായി, ഈ അന്വേഷണം വ്യക്തിപരമായ ഒരു അഭ്യർത്ഥനയുടെ പുറത്തു ചെയ്തതാണെന്നും, തന്റെ സ്വകാര്യതക്കു വിഘ്നം നേരിടുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും നിറുത്തിവെക്കണമെന്നും കോടതിയോടു ആവശ്യപ്പെട്ടു. തനിക്കെതിരേ ഉണ്ടായ എല്ലാ ആരോപണങ്ങളും ഷാ നിഷേധിക്കുകയും, ഇതെല്ലാം പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണമാണെന്നു സമർത്ഥിക്കുകയും ചെയ്തു.
അറസ്റ്റ്
ഷൊറാബ്ദീൻ കേസുമായി ബന്ധപ്പെട്ട്, 2010 ജൂലൈ 25 നു അമിത് ഷാ അറസ്റ്റു ചെയ്യപ്പെട്ടു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നിവയായിരുന്നു ഷാക്കെതിരേ ചുമത്തപ്പെട്ട കുറ്റങ്ങൾ. ഭാവി ഗുജറാത്ത് മുഖ്യമന്ത്രി എന്നു കരുതപ്പെട്ട ഷായുടെ രാഷ്ട്രീയ പ്രതിച്ഛായക്കേറ്റ ഒരു മങ്ങലായിരുന്നു ഈ അറസ്റ്റ്. അദ്ദേഹത്തിന്റെ സഹപ്രവർത്തകരു പോലും ഷായോടു കരുണ കാണിച്ചില്ല, മാത്രവുമല്ല ഷായിൽ നിന്നും ഒരു സുരക്ഷിതമായ അകലം പാലിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു.
ജാമ്യത്തിൽ പുറത്തിറങ്ങിയാൽ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനോ, സാക്ഷികളെ സ്വാധീനിച്ച് കേസു തനിക്കനുകൂലമാക്കാനോ ശ്രമിക്കാൻ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് ഷായുടെ ജാമ്യാപേക്ഷ സി.ബി.ഐ കോടതിയിൽ എതിർത്തു. 2010 ഒക്ടോബർ 29 നു, അറസ്റ്റിനു മൂന്നു മാസങ്ങൾക്കു ശേഷം, ഗുജറാത്ത് ഹൈക്കോടതി ഷാക്കു ജാമ്യം അനുവദിച്ചു. എന്നാൽ പിറ്റേ ദിവസം തന്നെ മറ്റൊരു ഉത്തരവിലൂടെ, ഷാ ഗുജറാത്ത് സംസ്ഥാനത്തു പ്രവേശിക്കുന്നത് കോടതി തടഞ്ഞു. 2010 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ ഷാ തന്റെ കുടുംബവുമൊന്നിച്ച് ഡൽഹിയിലായിരുന്നു താമസം.
2012 ൽ ഗുജറാത്തിൽ പ്രവേശിക്കാൻ സുപ്രീം കോടതി ഷാക്കു അനുമതി നൽകി. 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാരാൺപുര നിയോജകമണ്ഡലത്തിൽ നിന്നും ഷാ വിജയിച്ചു.
ദേശീയ രാഷ്ട്രീയം
നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടി പ്രഖ്യാപിച്ചതോടെ, ഷായുടെ പാർട്ടിയിലുള്ള സ്വാധീനവും വർദ്ധിച്ചു. മുതിർന്ന നേതാക്കളായ, അദ്വാനി, മുരളീമനോഹർ ജോഷി, ജസ്വന്ത് പട്ടേൽ എന്നിവരെയെല്ലാം രാഷ്ട്രീയമായി അരികിലേക്കു മാറ്റി നിർത്തിയാണ് ഇരുവരും ഭാരതീയ ജനതാ പാർട്ടിയുടെ നേതൃതലത്തിലേക്കെത്തിച്ചേർന്നത്. ഷാ ഇതിനകം, അഭിനവ ചാണക്യൻ എന്ന പേരു നേടിക്കഴിഞ്ഞിരുന്നു. സ്ഥാനാർത്ഥികൾക്കു വേണ്ടി തിരഞ്ഞെടുപ്പുകളിൽ പ്രചാരണ സാരഥ്യം വഹിക്കുക വഴിയാണ് ഈ പേര് ഷാക്കു ചാർത്തി കിട്ടിയത്. ഷാ ഭാരതീയ ജനതാ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു, ഇതു കൂടാതെ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതലും പാർട്ടി അദ്ദേഹത്തിനു നൽകി. ഗുജറാത്തിൽ കോൺഗ്രസ്സിന്റെ കൈപ്പിടിയിലായിരുന്ന പല സ്ഥാപനങ്ങളുടേയും ഭരണാധികാരം, തിരികെ പിടിക്കാൻ ഷാ കാണിച്ച കൗശലത്തിലും, രാഷ്ട്രീയപാടവത്തിലും സംതൃപ്തനായ ഭാരതീയ ജനതാ പാർട്ടി നേതാവ് രാജ്നാഥ് സിങ് ആയിരുന്നു ഷായെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു നാമനിർദ്ദേശം ചെയ്തത്. ഈ തീരുമാനം, പല നേതാക്കളിലും അതൃപ്തി ഉളവാക്കി, ഷായുടെ പേരിലുള്ള ക്രിമിനൽ കേസുകൾ പാർട്ടിക്കു തന്നെ ബാദ്ധ്യതയായേക്കാമെന്നു പലരും സംശയം പ്രകടിപ്പിച്ചു. രാഷ്ട്രീയ നിരീക്ഷകനായ ശേഖർ ഗുപ്ത ഈ തീരുമാനത്തെ വിഡ്ഢിത്തം എന്നാണു വിശേഷിപ്പിച്ചത്.
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ്
ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നേടിയ മികച്ച വിജയത്തോടെ, 2010 ലെ അറസ്റ്റോടെ ഷായുടെ പ്രതിച്ഛായക്കേറ്റ മങ്ങൽ പൂർണ്ണമായും മാറി. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിനു ഏകദേശം ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോഴാണു തിരഞ്ഞെടുപ്പിന്റെ സാരഥ്യം ഷാ ഏറ്റെടുക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച 80ൽ 73 സീറ്റും നേടി ഭാരതീയ ജനതാ പാർട്ടിയും അതിന്റെ സഖ്യക്ഷികളും മികച്ച തിരിച്ചു വരവു നടത്തി. സമാജ്വാദി പാർട്ടിയുടെ ഭരണത്തോടുള്ള ജനങ്ങളുടെ എതിർപ്പും, തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളും ലംഘനങ്ങളും, എല്ലാറ്റിലുമുപരി ന്യൂനപക്ഷങ്ങൾക്കു 4.5% സംവരണം നൽകാനുള്ള അവരുടെ തീരുമാനവും ഷാ, തിരഞ്ഞെടുപ്പിൽ ഫലപ്രദമായി ഉപയോഗിച്ചു.
സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ ഷാ വ്യക്തിപരമായി തന്നെ ഇടപെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള കഴിവ് ഒന്നുമാത്രമായിരുന്നു സ്ഥാനാർത്ഥി നിർണ്ണയത്തിലെ യോഗ്യത.ഭാരതീയ ജനതാ പാർട്ടിയുടെ സമ്മതിദായകരിൽ ഏതാണ്ടു 35% ആളുകൾ മാത്രമേ വോട്ടു ചെയ്യാൻ സാധ്യത ഉള്ളൂ എന്നതായിരുന്നു പാർട്ടി നേതൃത്വത്തിന്റെ വിശ്വാസം. 140000 ബൂത്തുകളിലും, വോട്ടർമാരെ നേരിട്ടു കാണാൻ പത്തുപേരടങ്ങുന്ന ചെറിയ കമ്മറ്റികൾ ഉണ്ടാക്കി. ഈ സംഘം, ഓരോ വീടുകളിലും എത്തി വോട്ടർമാരെ കാണുന്നുണ്ടെന്നും ഷാ തന്നെ ഉറപ്പു വരുത്തി. 80 ൽ 76 മണ്ഡലങ്ങളിലും ഷാ നേരിട്ടു തന്നെ പ്രചാരണത്തിനെത്തി. വാരണാസി മണ്ഡലത്തിൽ മോദിയോടു മത്സരിക്കാൻ ഷാ നിർബന്ധിച്ചു, ഇത് ഉത്തർപ്രദേശിലെ വോട്ടർമാർക്കിടയിൽ ഒരു പുതിയ ആവേശം സൃഷ്ടിക്കാൻ ഉതകുമെന്നും ഷാ കരുതിയിരുന്നു.
തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഷാ വർഗീയത പറയുന്നുവെന്നു എതിർപാർട്ടി പ്രവർത്തകർ ആരോപിച്ചു. അയോധ്യയിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പു യോഗത്തിൽ രാമജന്മഭൂമി വിഷയം ഷാ പ്രചാരണത്തിനായി ഉപയോഗിച്ചു. മുസ്സാഫിർ നഗർ കലാപത്തിൽ കുറ്റാരോപിതരായ മൂന്നു പേരെ പാർട്ടി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കിയിരുന്നു. മുസ്സാഫിർ നഗർ കലാപത്തിനു വോട്ടുകളിലൂടെ മറുപടി നൽകാൻ ഷാ ജനങ്ങളോടാവശ്യപ്പെട്ടു, ഇതു തിരഞ്ഞെടുപ്പു ലംഘനമായി കണക്കിലെടുത്ത് തിരഞ്ഞെടുപ്പു കമ്മീഷൻ പ്രഥമവിവരറിപ്പോർട്ട് രെജിസ്റ്റർ ചെയ്തിരുന്നു. തലസ്ഥാനമായ ലക്നോവിലെ സുന്നി മുസ്ലൂമുകളോട്, അവിടുത്തെ ഷിയ വിഭാഗക്കാരായ മുസ്ലിമുകൾക്കുള്ള വിരോധം പോലും, ഷാ ഈ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്കനുകൂലമായി ഉപയോഗിച്ചു.