CountryEncyclopediaHistory

ഇമ്മാനുവൽ മാക്രോൺ

2017 മുതൽ ഫ്രാൻസിന്റെ പ്രസിഡന്റായും അൻഡോറ എക്‌സ് ഒഫീഷ്യോ കോ-പ്രിൻസുമായി സേവനമനുഷ്ഠിക്കുന്ന ഫ്രഞ്ച് രാഷ്ട്രീയപ്രവർത്തകനാണ് ഇമ്മാനുവൽ ജീൻ മിഷേൽ ഫ്രെഡെറിക് മാക്രോൺ (ജനനം: 21 ഡിസംബർ 1977). രാജ്യത്തെ റാഡിക്കൽ ഇസ്‌ലാമിസത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിൽ ഇദ്ദേഹം പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിച്ചു.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് അദ്ദേഹം ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനും ഇൻവെസ്റ്റുമെന്റ് ബാങ്കറും ആയിരുന്നു. പാരീസിലെ നാൻടെർ സർവകലാശാലയിൽ ഫിലോസഫിയും സയൻസ് പോയിൽ നിന്നു പബ്ലിക് അഫയേഴ്സിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. ഇൻസ്പെക്ടറേറ്റ് ജനറൽ ഓഫ് ഫിനാൻസ്സിന്റെ ഓഫിസിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം, പിന്നീട് റോത്ത്സ്ചിൽഡിൽ & സി ബാൻക്വുവിൽ ഒരു ഇൻവെസ്റ്റുമെന്റ് ബാങ്കർ ആയി സേവനം അനുഷ്ടിച്ചു .

2006 മുതൽ 2009 വരെ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന മാക്രോൺ മെയ്‌ 2012 ൽ ഫ്രാൻസ്വ ഒലാണ്ടിന്റെ ആദ്യത്തെ സർക്കാരിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിതനായി. 2014 ൽ സാമ്പത്തിക, വ്യവസായ, ഡിജിറ്റൽ അഫയേർസ് വകുപ്പുകളുടെ മന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. ബിസിനസ് സൗഹൃദ പരിഷ്കരണങ്ങളിലൂടെ ഈ സ്ഥാനത്ത് അദ്ദേഹം ശ്രദ്ധേയനായി. 2017 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി അദ്ദേഹം ഓഗസ്റ്റ്‌ 2016 ൽ ആ സ്ഥാനം രാജിവെച്ചു. 2016 നവംബറിൽ എൻ മാർച്ചെ! എന്ന പുതുതായി രൂപം നൽകിയ തന്റെ പ്രസ്ഥാനത്തിനു കീഴിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മാക്രോൺ പ്രഖ്യാപിച്ചു. 2016 മേയ് 7-ന് തെരഞ്ഞെടുപ്പ് വിജയിച്ചു.

39 താം വയസ്സിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിജയിക്കുകവഴി, മാക്രോൺ ഫ്രാൻസിലെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയായി. സ്ഥാന ആരോഹണവേളയിൽ മാക്രോൺ ലെ ഹാവ്റെ മേയർ എഡോർഡ് ഫിലിപ്പിനെ പ്രധാനമന്ത്രിയായി നിയമിച്ചു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാക്രോൺ പാർട്ടിയുടെ പേര് “ലാ റിപബ്ലിക്ക് എൻ മാർച്ചെ!” എന്ന് തിരുത്തി. ഡെമോക്രാറ്റിക് മൂവ്മെന്റുമായി (മോഡെം) സഖ്യം രൂപീകരിച്ച്, ദേശീയ നിയമസഭയിൽ 577 സീറ്റിൽ 350 സീറ്റുകൾ നേടി. അദ്ദേഹത്തിന്റെ പാർട്ടിക്ക് മാത്രം 308 സീറ്റുകൾ ലഭിച്ചു.

ഭരണപരിഷ്കാരങ്ങൾ
ഇസ്‌ലാമിൽ
ഫ്രാൻസിൽ മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രഖ്യാപനങ്ങൾ ഇമ്മാനുവേൽ നടത്തി. ഇസ്ലാമിക വിഘടനവാദത്തിനെതിരെ പോരാടുമെന്ന് മാക്രോൺ പ്രതിജ്ഞയെടുത്തു. രാജ്യത്തെ റാഡിക്കൽ ഇസ്‌ലാമിസത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിൽ പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിച്ചു. റിപ്പബ്ലിക്കൻ മൂല്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന ഒരു നിർദ്ദേശം ഇദ്ദേഹം ഫ്രഞ്ച് കൗൺസിൽ ഓഫ് ദ മുസ്‌ലിം ഫെയ്ത്തിനു വെയ്ക്കുകയും ഇതംഗീകരിക്കാൻ 15 ദിവസത്തെ സമയം നൽകുകയും ചെയ്തു. ഇസ്‌ലാം ഒരു മതമാണെന്നും ഒരു രാഷ്ട്രീയ മൂവ്‌മെന്റല്ലെന്നും പൊളിറ്റിക്കൽ ഇസ്‌ലാമിസത്തെ ബഹിഷ്കരിച്ച് വിദേശത്തുനിന്നുള്ള ഇടപെടൽ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്തെ ഭരണ നിർവഹകണ നടപടികളിൽ നിന്നും ചർച്ചുകളെ ഒഴിവാക്കാനായി 1905-ൽ നിലവിൽ വന്ന നയങ്ങളെ കൂടുതൽ ബലപ്പെടുത്താനായാണ് പ്രധാനമായും അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

മുസ്‌ലിം പള്ളികളിലെ ഇമാമിന് പ്രവർത്തിക്കാൻ സർക്കാർ നടപ്പിലാക്കുന്ന പരിശീലനം വിജയിക്കണം. കൂടാതെ വിദേശ ഇമാമുകളെ രാജ്യത്തേക്ക് അയയ്ക്കുന്നതിനും വിലക്കേർപ്പെടുത്തി. കുട്ടികൾക്ക് മതവിദ്യാഭ്യാസം നൽകുന്നതു കുറവു ചെയ്യാനായി വീടുകളിൽ നിന്നു് വിദ്യാഭ്യാസം നൽകുന്ന രീതി ഒഴിവാക്കാനും ഇതിന്റെ ഭാഗമായി പദ്ധതിയുണ്ട്.