EncyclopediaHistory

യുളീസസ് എസ്.ഗ്രാന്‍റ്

ഞാന്‍ അടിസ്ഥാനപരമായി കര്‍ഷകനാണ്; പട്ടാളക്കരനല്ല ഞാന്‍ സൈന്യത്തില്‍ ചേര്‍ന്നത് കുറ്റബോധത്തോടെയാണ്, അവിടെ നിന്ന് വിരമിച്ചത് സന്തോഷത്തോടെയും അമേരിക്കന്‍ സൈന്യത്തിന്‍റെ അധിപനും പിന്നീട് രാജ്യത്തിന്‍റെ പ്രസിഡന്റായ യുളീസസ് ഗ്രാന്റിന്റെ വാക്കുകളാണിത്.
ശക്തനായ മനുഷ്യനായിരുന്നു യുളീസസ്, മൃദുവായ സംസാരം. ഇദ്ദേഹം മോശമായ വാക്കുകള്‍ പറയുന്നത് ആരും കേട്ടിട്ടില്ല. അക്കാലത്തെ ചെറുപ്പക്കാരെപ്പോലെ യുളീസസ് നായാട്ടിനൊന്നും പോയിരുന്നില്ല. രക്തം കണ്ടാല്‍ അദ്ദേഹത്തിനു മനംപുരട്ടലുണ്ടാകുമായിരുന്നത്രേ.
1822 ഏപ്രില്‍ 27 നാണ് ജനനം. പഠിക്കാന്‍ സമര്‍ത്ഥനായിരുന്നു യുളീസസ്,പക്ഷേ സൈനികസ്കൂളില്‍ ചേരണമെന്ന പിതാവിന്‍റെ തീരുമാനം ആ ബാലനെ ഞെട്ടിച്ചുകളഞ്ഞു. അനുസരിക്കുകയല്ലാതെ വഴിയില്ല. മനസ്സില്ലാമനസ്സോടെയായിരുന്നു പഠനമെങ്കിലും മികച്ച പ്രകടനമായിരുന്നു യുളീസസിന്റേത്; പ്രത്യേകിച്ച് കായികപരീക്ഷകളില്‍ സൈന്യത്തില്‍ച്ചേര്‍ന്ന യുളീസസ് പടിപടിയായി ഉയര്‍ന്ന് ജനറല്‍ വരെയായി. മെക്സിക്കന്‍ യുദ്ധത്തിലും സിവില്‍ വാറിലും പങ്കെടുത്ത അദ്ദേഹത്തിന്‍റെ സൈനികസേവനങ്ങള്‍ മികവുറ്റതായിരുന്നു. അദ്ദേഹത്തിനു ലഭിച്ച ജനറല്‍ എന്ന പദവി തന്നെ അതിനു തെളിവ്. വാഷിംഗ്ടണിനു ശേഷം മറ്റാര്‍ക്കും ആ സ്ഥാനം നല്‍കിയിരുന്നില്ല. 1866 ജൂലൈയിലാണ് യുളീസസ് ജനറലായി സ്ഥാനക്കയറ്റം ലഭിച്ചത്.
1868-ല്‍ യുളീസസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. റിപബ്ലിക്കന്‍സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം.ഡെമോക്രാറ്റായ സെയ്മോര്‍ആയിരുന്നു എതിരാളി. യുളീസസ് വിജയിച്ചു.
ആദ്യവട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ അദ്ദേഹം ഒരിക്കല്‍ക്കൂടി അമേരിക്കയുടെ പ്രസിഡന്റായി,1872-ല്‍, 1877 മാര്‍ച്ച് നാലു വരെ യുളീസസ് അമേരിക്കന്‍ പ്രസിഡന്റിന്‍റെ കസേരയിലിരുന്നു.
അതിനുശേഷം അദ്ദേഹം ഭാര്യയും മകനുമൊത്ത് ഒരു ലോകപര്യടനം തന്നെ നടത്തി. 1885 ജൂലൈ 23-നു യുളീസസ് എസ്.ഗ്രാന്‍റ് അന്തരിച്ചു.