ഡോം പെഡ്രോ
1591-ലാണ് അലി എന്ന പയ്യന് കുഞ്ഞാലിയുടെ നാവികപ്പടയില്‍ ചേര്‍ന്നത്. അന്നദ്ദേഹത്തിന് പതിമൂന്നുവയസ്സേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഒരു ഇരുപത്തിനാലുകാരന്റെ നെഞ്ചൂക്കും ധീരതയും ഉണ്ടായിരുന്നു. കാര്ഡിവയ്ക്കുടുത്തുവച്ച് ഡോണ്‍ ഫുര്ട്ടോ ഡോവിന്റെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസുകാരുടെ അന്‍പത് യുദ്ധക്കപ്പലുകളെ വളഞ്ഞവരുടെ കൂട്ടത്തില്‍ ഈ അലിയും ഉണ്ടായിരുന്നു. യുദ്ധത്തില്‍ അലിയെയും മറ്റു ചിലരെയും പോര്‍ച്ചുഗീസുകാര്‍ തടവുകാരായി പിടിച്ച് ഗോവയിലേക്കു കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹത്തെ മതം മാറ്റി ഡോം പെഡ്രോറോഡ്റിഗ്സ് യുവതിയെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും തടവുപുള്ളികളുടെ മേലാളായി നിയമിക്കുകയും ചെയ്തു. എങ്കിലും മറ്റുള്ളവരെപ്പോലെ റോഡ്റിഗ്സിനെയും ചങ്ങലയ്ക്കിട്ടിരുന്നു.
സ്വന്തം ബന്ധുവും ധീരദേശാഭിമാനിയുമായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെ നിഷ്കരുണം വധിക്കുന്ന സമയത്ത് റോഡ്റിഗ്സ് ഗോവയിലുണ്ടായിരുന്നു. ഈ സംഭവത്തോടെ അദ്ദേഹത്തില്‍ പ്രതികാരം ആളിക്കത്തി. ഒരു ദിവസം അര്‍ദ്ധരാത്രി റോഡ്റിഗ്സ് കുടുംബസമേതം ഗോവയില്‍ നിന്ന് രക്ഷപെട്ടു. ധൈര്യവും ബുദ്ധിശക്തിയും മാത്രം കൈമുതലാക്കി അദ്ദേഹം രംഗത്തിറങ്ങി.
സമര്‍ഥരായ കുറച്ച് അനുയായികളും ആവശ്യത്തിന് പടക്കോപ്പുകളുമായി പോര്‍ച്ചുഗീസ് കേന്ദ്രങ്ങളെ ആക്രമിച്ചുകൊണ്ട് അദ്ദേഹം അറബിക്കടലിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി, ഡോം പെഡ്രോയുടെ തിരിച്ചുവരവും പടയോരുക്കവും കുഞ്ഞാലിയുടെ അനുയായികളില്‍ നവോന്മേഷം വളര്‍ത്തി. റോഡ്റിഗ്സിന്റെ നേതൃത്വത്തിലുള്ള നാവികവ്യൂഹം വീണ്ടും പോര്‍ച്ചുഗീസുകാരുടെ ഉറക്കം കെടുത്തി. അവര്‍ക്ക് തങ്ങളുടെ കപ്പലുകള്‍ കടലിലിറക്കാന്‍ പോലും ഭയമായി. എവിടെ നോക്കിയാലും റോഡ്റിഗ്സിന്റെ നൗകകള്‍. തീരപ്രദേശത്തെ നാടുവാഴികളുടെയും ഡച്ചുകാരുടെയും പിന്തുണ ഇക്കാര്യത്തില്‍ റോഡ്റിഗ്സിനുണ്ടായിരുന്നു, അങ്ങനെ മലബാര്‍ തീരം വീണ്ടും സജീവമായി.
പോര്‍ച്ചുഗീസുകാരെ കേരളത്തില്‍നിന്നും കെട്ടുകെട്ടിക്കാന്‍ വിശ്രമമില്ലാതെ യുദ്ധം ചെയ്ത കുഞ്ഞാലിമരയ്ക്കാന്മാരുടെ വീരചരിത്രത്തില് മറക്കാനാവാത്ത സ്ഥാനമാണ് റോഡ്റിഗ്സിനുള്ളത്.