EncyclopediaIndiaKerala

ലോകമറിഞ്ഞ കോഴിക്കോട്

പതിനഞ്ചാം നൂറ്റാണ്ടില്‍ സാമൂതിരിരാജാവ് കോഴിക്കോടിനെ സ്വതന്ത്ര തുറമുഖമായി പ്രഖ്യാപിച്ചതോടെ അത് ലോകത്തിലെതന്നെ ഏറ്റവും മികച്ച തുറമുഖങ്ങളിലൊന്നായി മാറി. എല്ലാ വിദേശവ്യാപാരികളെയും സാമൂതിരി കോഴിക്കോട്ടേക്ക് സ്വാഗതം ചെയ്തു. വ്യാപാരികള്‍ക്കും ചരക്കുകള്‍ക്കും വേണ്ടത്ര സുരക്ഷിതത്വം ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. 15-ആം നൂറ്റാണ്ടില്‍ കോഴിക്കോട്ടെത്തിയ അബദുല്‍ റസാഖ് എന്ന വിദേശവ്യാപാരിയുടെ വിവരണം നോക്കൂ.
നഗരത്തില്‍ സമാധാനം നിലനിന്നു. ചരക്കുകള്‍ കപ്പലുകളില്‍ നിന്നിറക്കി വ്യാപാരികള്‍ അങ്ങാടികളില്‍ വയ്ക്കും. അങ്ങാടികളില്‍ എത്തിച്ച ചരക്ക് സൂക്ഷിക്കാനുള്ള ചുമതല രാജാവിന്റെതാണ്. മുഴുവന്‍ ചരക്കും വിറ്റുകഴിഞ്ഞാല്‍ നാല്‍പതില്‍ ഒരു ഭാഗം നികുതിയായി വസൂലാക്കും മറ്റു നികുതികളൊന്നുമില്ല.
ഇവിടെവച്ച് മരണപ്പെടുന്ന വ്യാപാരികളുടെ സംബന്ധിച്ചോ കപ്പല്‍ പൊളിഞ്ഞ് കരയ്ക്കടുക്കുന്ന ചരക്കുകള്‍ സംബന്ധിച്ചോ യാതൊരു കൃത്രിമവും ഉണ്ടാകുന്നതല്ല. അവകാശികള്‍ വരുമ്പോള്‍ അവ തിരിച്ചുനല്‍കും, ഭാരതസമുദ്രത്തില്‍ പൊതുവെ കടല്‍ക്കൊള്ളക്കാരുടെ ശല്യമുണ്ടെങ്കിലും കോഴിക്കോട്ടേക്കുവരുന്ന കപ്പലുകളെ കടല്‍ക്കൊള്ളക്കാര്‍ ഉപദ്രവിക്കാറില്ല. നഗരത്തിലെ സമാധാനവും നീതിവ്യവസ്ഥകളും സുരക്ഷിതത്വംവും സുഗന്ധവ്യഞ്ജനങ്ങളുടെ ലഭ്യതയും വ്യാപാരികളോടുള്ള രാജാവിന്‍റെ സമീപനവുമാണ് കച്ചവടക്കാരെ കോഴിക്കോട്ടേയ്ക്കാകര്‍ഷിക്കുന്നത്.