ഫിന്‍ലന്‍ഡ്
ഐസ്ക്രീം പോലൊരു നാട്
ഭൂമിയുടെ വടക്കേയറ്റത്ത് ഐസ്ക്രീം പോലെ ഒരു നാട്! തൂവെള്ളമഞ്ഞും നീലത്തടാകങ്ങളും കാടുകളും ചേര്‍ന്ന് പെയിന്റിങ്ങ് പോലെ മനോഹരമായ ഫിന്‍ലന്‍ഡ്. ഇവിടത്തെ ഭൂപ്രകൃതി മാത്രമല്ല. ജനതയും സന്തുഷ്ടരാണ് വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട്-2020 പ്രകാരം ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനതയാണ് നോര്‍ഡിക് രാഷ്ട്രമായ ഫിന്‍ലന്‍ഡിലേത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലോകത്തിലെ സന്തുഷ്ടരാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം.
യൂറോപ്പിന്‍റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഫിന്‍ലന്‍ഡ്. ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്നു. പാതിരാസൂര്യന്‍റെ നാട്, എന്ന വിശേഷണം നോര്‍വേയ്ക്കൊപ്പം ഫിന്‍ലന്‍ഡിന്‍റെ ഒരു ഭാഗത്തിനും സ്വന്തമാണ്. കാരണം വര്‍ഷത്തില്‍ രണ്ടു മാസത്തോളം അവിടെ സൂര്യന്‍ അസ്തമിക്കാറില്ല. ഭൂഗോളത്തിന്റെ വടക്കേയറ്റത്ത് മനുഷ്യവാസമുള്ള അവസാനത്തെ രാജ്യമാണ് ഫിന്‍ലന്‍ഡ്. വലുപ്പത്തില്‍ യൂറോപ്പില്‍ എട്ടാം സ്ഥാനം രാജ്യത്തിന്‍റെ മൂന്നിലൊരുഭാഗം ഉത്തരധ്രുവത്തിനകത്താണ്.
നോര്‍വേ, സ്വീഡന്‍, റഷ്യ എന്നിവയാണ് ഫിന്‍ലന്‍ഡിന്റെ അയല്‍രാജ്യങ്ങള്‍, നോര്‍വേ വടക്കുഭാഗത്തും സ്വീഡന്‍ വടക്കുപടിഞ്ഞാറും റഷ്യ കിഴക്കും സ്ഥിതിചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഹെല്‍സിങ്കിയാണ് തലസ്ഥാനം. ഔദ്യോഗികഭാഷകള്‍ ഫിന്നിഷും സ്വീഡിഷുമാണെങ്കിലും ലാപ്ലാന്‍ഡ് പ്രവിശ്യയില്‍ സാമി അഥവാ ലാപ് എന്ന ഭാഷയും പ്രചാരത്തിലുണ്ട്. ഫിന്‍ലന്‍ഡുകാര്‍ പൊതുവെ ഫിന്നുകള്‍ എന്നറിയപ്പെടുന്നു.