Encyclopedia

കാഞ്ഞിരം

പണ്ടുമുതല്‍ക്കേ കയ്പിനു പേരുകേട്ട ഈ കുരു കാഞ്ഞിരത്തിന്റേതാണ് കുരുവിനു മാത്രമല്ല എല്ലാ ഭാഗങ്ങള്‍ക്കും കയ്പുരസമാണ്.
കേരളത്തിലെ പേരുകേട്ട ഔഷധവൃക്ഷമായ കാഞ്ഞിരം ആയുര്‍വേദത്തിലും അലോപ്പതിയിലും ഹോമിയോപ്പതിയിലും ഒരുപോലെ ഉപയോഗിക്കുന്നു. വിഷസ്വഭാവം ഉള്ള എന്ന അര്‍ത്ഥത്തില്‍ വിഷദ്രൂമ എന്നാണു കാഞ്ഞിരം സംസ്കൃതത്തില്‍ അറിയപ്പെടുന്നത്. പല പ്രാചീനഗ്രന്ഥങ്ങളിലും കാഞ്ഞിരത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.
കാഞ്ഞിരവിത്തിനകത്തെ പരിപ്പാണ് ഔഷധമായി ഉപയോഗിക്കുന്ന പ്രധാനഭാഗം, ഇത് കൂടാതെ വേര്, ഇല, പട്ട എന്നിവയും ഔഷധയോഗ്യമാണ്. കാഞ്ഞിരത്തിന്റെ കുരുവില്‍ നിന്നും വിഷം നീക്കി ശുദ്ധി ചെയ്യ്തതാണ് മരുന്നിനായി ഉപയോഗിക്കുന്നത്. ദഹനശക്തി വര്‍ധിപ്പിക്കാനും കഫ, പിത്തരോഗങ്ങളെ ശമിപ്പിക്കാനും കാഞ്ഞിരവിത്തിന് കഴിവുണ്ട്. ഹൃദയത്തിന്റെ സങ്കോചവികാസങ്ങള്‍ കൂട്ടാനും ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കാനും സന്ധികളിലും മറ്റുമുള്ള നീര്‍ക്കെട്ടും വേദനയും ശമിപ്പിക്കാനും ഇവയ്ക്കു ശേഷിയുണ്ട്, കാലപ്പഴക്കമുള്ള സന്ധിവാതത്തിന് കാഞ്ഞിരം മുഖ്യ ഔഷധമായി ഉപയോഗിക്കുന്നു.