പലതരം വാലബികള്‍
ഏതു ചെടിയും ശാപ്പിടുന്ന കൂട്ടരാണ് വാലബികള്‍. അക്കൂട്ടത്തില്‍ കടുത്ത വിഷാംശമടങ്ങിയ സസ്യങ്ങളും ഇലകള്‍പോലും അവ അകത്താക്കും. പാര്‍മ വാലബി , സ്വാംപ് വാലാബി, റെഡ് നെക്ക്ട് വാലബി എന്നിങ്ങനെ പലതരക്കാരായ വാലബികളാണുള്ളത്, കൂട്ടത്തില്‍ വലിയവര്‍ സ്വാംപ് വാലബികളാണ്. ഒറ്റനോട്ടത്തില്‍ ഇവര്‍ക്ക് കങ്കാരുവുമായി സാമ്യമുണ്ട്. ഇരുണ്ട മുഖവും കറുപ്പും തവിട്ടു നിറവും കലര്‍ന്ന ഉടലും ഇക്കൂട്ടരുടെ പ്രത്യേകതയാണ്. മുഖം പോലെ കൈകാലുകളുടെ പത്തിയും വാലും കറുപ്പ്നിറത്തില്‍ കാണപ്പെടുന്നു. അതിനാല്‍ സ്റ്റിങ്കര്‍ അഥവാ ബ്ലാക്ക് വാലബി എന്നും ഇക്കൂട്ടരെ വിളിക്കാറുണ്ട്. അവയുടെ ഉള്ളം കാലില്‍ മാത്രം ഓറഞ്ച്നിറവും കാണാം. 66 മുതല്‍ 85 സെന്റിമീറ്റര്‍ വരെയാണ് സ്വാംപ് വാലബികളുടെ വലിപ്പം. വലിബനു മാത്രം 86 സെന്റിമീറ്റര്‍ നീളം കാണും. 21 കിലോഗ്രാം ഭാരവും ഇക്കൂട്ടര്‍ക്കുണ്ടാകും. കിഴക്കന്‍ ഓസ്ട്രേലിയയാണ് ഈ രണ്ടു വിഭാഗം വാലിബകളുടെയും നാട്. വലിപ്പം കുറഞ്ഞ പാര്‍മ വാലബികള്‍ക്ക് 45 മുതല്‍ 53 സെന്റിമീറ്റര്‍ വരെ നീളവും 6 കിലോഗ്രാം വരെ ഭാരവും കാണും. ഉടലിനെക്കാള്‍ നീളമുള്ള വാല്‍ അക്കൂട്ടത്തില്‍ ചിലര്‍ക്കുണ്ട്.
ചുവപ്പോ ചാരനിറമോ കലര്‍ന്ന തവിട്ടുനിറക്കാരാണ് പാര്‍മ വാലബികള്‍. പുറത്ത് കഴുത്തു മുതല്‍ താഴേക്ക് ശരീരത്തിന്റെ പകുതി ഭാഗം വരെ കാണുന്ന കറുത്ത വരയും മുഖത്തും ഇരുകവിളിലും കാണപ്പെടുന്ന വെളുത്ത വരയും ഇക്കൂട്ടരുടെ മാത്രം പ്രത്യേകതയാണ്.ഒറ്റപ്പെട്ടു കഴിയാനിഷ്ടപ്പെടുന്നു ഇവര്‍. ശരീരത്തിലെ നിറങ്ങളുടെ പ്രത്യേകത കൊണ്ട് ചെടിപ്പടര്‍പ്പില്‍ മറ്റു മൃഗങ്ങളുടെ കണ്ണില്‍ പെടാതെ മറഞ്ഞുനില്‍ക്കാന്‍ ഇവയ്ക്കു സാധിക്കും. ഒരു നൂറ്റാണ്ടില്‍ ഏറെ കാലമായി ഓസ്ട്രേലിയയിലെ പ്രധാന പ്രദേശങ്ങളിലൊന്നും കാണപ്പെടാത്ത ഇവയ്ക്ക് വംശനാശം വന്നതായി കരുതിയിരുന്നു. എന്നാല്‍ 1967-ല്‍ അവയെ വീണ്ടും കണ്ടെത്തി. സ്വാംപ് വാലബിയെപ്പോലെ രാത്രിയാണ് തീറ്റ തേടുന്നത്. ഇവരും പുല്ലും ചെടിയുമാണ് തിന്നുന്നത്. എല്ലാ തരത്തിലും പെട്ട ചെടികള്‍ ഇവര്‍ അകത്താക്കും.
കുറ്റിക്കാടുകളില്‍ മാത്രം കഴിയാന്‍ ഇഷ്ടപ്പെടുന്ന കൂട്ടരാണ് റെഡ്നെക്ക്ഡ് വാലബികള്‍.
തെക്ക്കിഴക്കേ ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന കൂട്ടരാണ് ബ്രഷ് ടെയില്‍ഡ് റോക്ക് വാലബികള്‍. പാറകളില്‍ കയറാന്‍ മിടുക്കരാണ് ഇവര്‍. റോക്ക് വാലബിയേക്കാള്‍ ചെറുതാണ് ലിറ്റില്‍ റോക്ക് വാലബികള്‍. വടക്കന്‍ ഓസ്ട്രേലിയയിലാണ് ഇവരുടെ നാട്. നാര്‍ഡൂ എന്ന പന്നല്‍ച്ചെടിയാണ് ഇവരുടെ ഇഷ്ടഭക്ഷണം. പല്ല് പോയാല്‍ പുതിയ പല്ല് മുളച്ച് വളരും. സഞ്ചിമൃഗങ്ങളില്‍ ഈ പ്രത്യേകത ഇവര്‍ക്ക് മാത്രമേയുള്ളൂ.