പല്ലുള്ള വില്ലന്‍ നമ്പാറ്റ്!
പല്ലിന്‍റെ കാര്യത്തില്‍ വില്ലന്മാരാണ് നമ്പാറ്റ് എന്ന സഞ്ചിമൃഗങ്ങള്‍. കരയിലുള്ള സസ്തിനികളില്‍ ഏറ്റവും കൂടുതല്‍ പല്ല് അവയ്ക്കാണ്, 52 പല്ലുകള്‍!എണ്ണത്തില്‍ കൂടുതലുണ്ടെങ്കിലും അവയ്ക്ക് വലിപ്പം തീരെ കുറവാണ്.പല്ലിനു മാത്രമല്ല നമ്പാറ്റുകളുടെ നാവിനുമുണ്ട് ചില പ്രത്യേകതകള്‍. ശരീരത്തിന്‍റെ ആകെ നീളത്തിന്റെ പകുതിയോളം നീളമുണ്ട് നാവിന്. നാവില്‍ മുട്ടുന്നതെല്ലാം അവിടെ ഒട്ടിപ്പിടിക്കു കയും ചെയ്യും. ഇഷ്ടഭക്ഷണമായ ചിതലിനെ ചിതല്‍പ്പുറ്റുകളില്‍ നിന്ന് നക്കിയെടുക്കുന്നത് ഈ നീളന്‍ നാവുകൊണ്ടാണ്. ചിതല്‍പ്പുറ്റ് പൊളിക്കാന്‍ കഴിയുന്ന കരുത്തുള്ള നഖങ്ങളും മുന്‍കാലുകളില്‍ ഇക്കൂട്ടര്‍ക്കുണ്ട്. ചിതലുകള്‍ ഉള്ള ദ്രവിച്ച തടിയും മുന്‍ കാലുകള്‍കൊണ്ട് അവ തകര്‍ക്കും.
നമ്പാറ്റിന്‍റെ ഉടലാകെ വരയും പുള്ളികളുമുണ്ട്. അതിനാല്‍ ബാന്‍ഡഡ് ആന്‍റ് ഈറ്റര്‍ എന്നും ഇവര്‍ അറിയപ്പെടുന്നു. പൂച്ചയുടെ വലിപ്പമേ ഇക്കൂട്ടര്‍ക്കുള്ളൂ. 20 മുതല്‍ 28 സെന്റിമീറ്റര്‍ വരെ നീളമുണ്ട് വാലിന്. പകലാണ് ഇവര്‍ ഇരതേടിയിറങ്ങുന്നത്. ചിതലിനെ കൂടാതെ ചിലപ്പോള്‍ ഉറുമ്പുകളേയും ശാപ്പിടും.
പെണ്‍നമ്പാറ്റിന് ഒരു പ്രാവശ്യം ഒന്നിലേറെ കുഞ്ഞുങ്ങള്‍ ഉണ്ടാകും. ജനിക്കുമ്പോള്‍ തന്നെ സഞ്ചിയിലെത്തുന്ന കുഞ്ഞുങ്ങള്‍ നാല് മാസം വരെ അതിനുള്ളില്‍ കഴിയും. സഞ്ചിയില്‍ നിന്ന് പുറത്തിറങ്ങിയാലും രണ്ടു മൂന്നു മാസം കൂടി അവ അമ്മയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ ഓസ്ട്രേലിയയാണ് നമ്പാറ്റുകളുടെ നാട്. നമ്പാറ്റുകളില്‍ ചിലയിനങ്ങള്‍ വംശനാശഭീഷണി നേരിടുകയാണ്. ഒരിക്കല്‍ ഓസ്ട്രേലിയയിലും ന്യൂസൗത്ത് വെയില്‍സിലുമൊക്കെ കാണപ്പെട്ടിരുന്ന റസ്റ്റി നമ്പാറ്റ് എന്ന കൂട്ടര്‍ വളരെ ചെറിയ ഒരു പ്രദേശത്ത് മാത്രമേ ഇപ്പോള്‍ ഉള്ളൂ.
കുറുക്കനെയും പട്ടിയെയും പോലുള്ള മൃഗങ്ങള്‍ കൂടിയതും മനുഷ്യര്‍ കാടുകള്‍ വെട്ടിത്തെളിച്ചതും മറ്റും ഇവയുടെ സംഖ്യ കുറയാന്‍ ഇടയാക്കി. കുറ്റിക്കാടുകളിലുണ്ടാകുന്ന തീപ്പിടുത്തം ഈ അപൂര്‍വയിനം സഞ്ചിമൃഗങ്ങളുടെ നിലനില്പിന് വലിയ ഭീഷണിയാണ്.