EncyclopediaHistory

കൊളംബസിന്റെ അവസാനയാത്ര

1502 ആയപ്പോഴേക്കും കൊളംബസിന്റെ മേലുണ്ടായിരുന്ന ഗൗരവമുള്ള ആരോപണങ്ങളൊക്കെ ഒഴിവായി. പക്ഷെ, സ്പെയിന്‍ അദ്ദേഹത്തിനു നല്‍കിയ അംഗീകാരങ്ങള്‍ ഓക്കേ എടുത്തുനീക്കിയിരുന്നു.
താന്‍ കണ്ടുപിടിച്ച പുതിയ ഭൂമി ഏഷ്യയല്ലെന്നു പതിയെ കൊളംബസ് തിരിച്ചറിഞ്ഞു. എന്നിട്ടും പ്രായമേറിത്തുടങ്ങിയിരുന്ന ആ നാവികന്റെ ആവേശം കെട്ടടങ്ങിയില്ല. ഇന്ത്യയിലേക്കും ചൈനയിലേക്കും ഉള്ള സമുദ്രമാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ ഒരു യാത്ര കൂടി പുറപ്പെടാന്‍ കൊളംബസ് തീരുമാനിച്ചു. കുറെ നാളത്തെ പരിശ്രമഫലമായി ഒരവസരം കൂടി സ്പെയിനിലെ ഗവണ്മെന്റ് കൊളംബസിന് നല്‍കി.
ഇത്തവണ നാല് ചെറിയ കപ്പലുകളിലയിരുന്നു യാത്ര. 1502 ഏപ്രിലില്‍ മൂന്നാം തീയതി യാത്രയാരംഭിച്ചു.ഇത്തവണ പസിഫിക് സമുദ്രത്തില്‍ നിന്ന് കുറച്ചു കിലോമീറ്ററുകള്‍ മാത്രം അകലെ പനാമ വരെ എത്താന്‍ കൊളംബസിന് സാധിച്ചു. അവിടെവച്ച് പ്രദേശവാസികളുടെ ആക്രമണത്തെത്തുടര്‍ന്ന് രണ്ടു കപ്പലുകള്‍ അദ്ദേഹത്തിനു ഉപേക്ഷിക്കേണ്ടി വന്നു.
ഏഷ്യയിലേക്കുള്ള സമുദ്രമാര്‍ഗം തിരഞ്ഞ് കൊളംബസും കൂട്ടരും മാസങ്ങളോളം അമേരിക്കയുടെ തീരക്കടലിലൂടെ കപ്പലോടിച്ചു.കൊടുങ്കാറ്റ് കാരണം ഒടുവില്‍ കൊളംബസ് ശ്രമം ഉപേക്ഷിച്ചു.പക്ഷെ, ഹിസ്പാനിയോളയിലേക്കുള്ള മടക്കയാത്രയില്‍ ജമൈക്കയുടെ തീരക്കടലില്‍ വച്ച് കൊളംബസിന്റെ കപ്പലുകളെല്ലാം കൊടുങ്കാറ്റില്‍ പെട്ടും പാറയിലിടിച്ചും തകര്‍ന്നു.
അങ്ങനെ ആക്രമണകാരികളായ ദ്വീപുനിവാസികളുടെ ഇടയില്‍ കൊളംബസിനും കൂട്ടര്‍ക്കും ഒരു വര്‍ഷത്തോളം കഴിയേണ്ടിവന്നു. കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നു അത്. തകര്‍ന്ന കപ്പലുകളുടെ മരത്തടികള്‍ ശേഖരിച്ചു അവര്‍ ഒരു കോട്ട നിര്‍മ്മിച്ച്‌. മുത്തുമാലകളും മറ്റും കൊടുത്ത് ദ്വീപുനിവാസികളില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ വാങ്ങി.
ചില പ്രശ്നങ്ങളെ തുടര്‍ന്ന് ദ്വീപുനിവാസികള്‍ അവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കുന്നത് നിര്‍ത്തി.അങ്ങനെ ആകെ വശംകെട്ടിരിക്കുന്ന സമയത്ത് അടുത്തൊരു ചന്ദ്രഗ്രഹണം വരാനുണ്ടെന്ന് കൊളംബസ് മനസ്സിലാക്കി. ഭക്ഷണം നിഷേധിച്ച ദ്വീപുനിവാസികളോട് തന്റെ ദൈവം കോപിച്ചുവെന്നും അതുകൊണ്ട് ചന്ദ്രന്‍ കോപം കൊണ്ട് ജ്വലിച്ചേ ഉദിക്കൂവെന്നും കൊളംബസ് തട്ടിവിട്ടു. ഗ്രഹണം തുടങ്ങിയതോടെ വിരണ്ടുപോയ ദ്വീപുനിവാസികള്‍ വേഗം കൊളംബസിന്റടുത്തേക്ക് ഭക്ഷണസാധനങ്ങളുമായി ചെന്നെന്നാണ് കഥ!