EncyclopediaWild Life

പറപറക്കും അണ്ണാന്‍

സഞ്ചിമൃഗങ്ങളില്‍ലെ പറക്കും വീരനാണ് പെറ്റാറസ്, പറക്കും പോസ്സം എന്നും പറക്കും അണ്ണാന്‍ എന്നുമൊക്കെ ഇക്കൂട്ടരെ വിളിക്കാറുണ്ട്. പെറ്റാറസിന്‍റെ കൈയിനും കാലിനുമിടയ്ക്ക് പ്രത്യേക രീതിയിലുള്ള തോലുണ്ട്. കൈകാലുകള്‍ നിവര്‍ത്തിയാല്‍ ഇതും നിവരുന്നു. ശരീരത്തിന്റെ ഇരുവശങ്ങളിലും ഇങ്ങനെ വിടര്‍ന്നു നില്‍ക്കുന്ന ചര്‍മ്മമാണ് പറക്കുന്നപോലെ ദൂരേക്ക് ചാടാന്‍ അവയെ സഹായിക്കുന്നത്. അവ കൈകാലുകള്‍ നീട്ടിപ്പിടിച്ച് കുതിച്ചു ചാടിയാല്‍ ദൂരേക്കു പറന്നു പോകുന്നതും പോലെ തോന്നും! ഇങ്ങനെയുള്ള ഒറ്റപ്പറക്കലില്‍ നൂറുമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ പെറ്റാറസിനു സാധിക്കും. ഇര തേടുന്നതിനും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനുമാണ് അവ ഇത്തരം ചാട്ടപ്പറക്കല്‍ നടത്തുന്നത്.
രാത്രിയിലാണ് ഇവരുടെ പറക്കലും ഇരതേടലും, പൂമ്പൊടിയും തേനും ചില മരങ്ങളുടെ കറയും പ്രാണികളും ചെറിയ ജന്തുക്കളുമാണ് പറക്കും സഞ്ചി മൃഗത്തിന്റെ പ്രിയപ്പെട്ട ഭക്ഷണം. മങ്ങിയ വെളിച്ചത്തിലും നന്നായി കാണാന്‍ സഹായിക്കുന്ന വലിയ കണ്ണുകളും’ പെറ്റാറസിനുണ്ട്. പകല്‍ മരപ്പൊത്തുകളില്‍ ഇലകള്‍ വിരിച്ചുണ്ടാക്കിയ കൂട്ടില്‍ അവ സുഖമായി കിടന്നുറങ്ങും.
അണ്ണാന്റേതു പോലെ രോമങ്ങള്‍ തിങ്ങിനിറഞ്ഞ സ്റ്റൈലന്‍ വാലും ഇക്കൂട്ടര്‍ക്കുണ്ട്. പറക്കലിനെ നിയന്ത്രിക്കുന്നത് ബ്രഷ് പോലെയുള്ള ഈ നീളന്‍ വാലാണ് വാലിനു 30 സെന്റിമീറ്റര്‍ നീളമുണ്ടാകും.
ചാര നിറക്കാരായ അവയുടെ പുറത്ത് മൂക്കു മുതല്‍ പുറകറ്റം വരെ സുന്ദരമായ കറുത്ത വരകള്‍ കാണപ്പെടുന്നു. കണ്ണുകള്‍ക്ക്‌ കുറുകെയുമുണ്ട് ഭംഗിയുള്ള ഇത്തരം വരകള്‍, 12 മുതല്‍ 30 സെന്റിമീറ്റര്‍ വരെയാണ് ഇവയുടെ വലിപ്പം. 260 ഗ്രാം വരെ ഭാരവും ഉണ്ടാകും.
കാടുകളില്‍ ചെറിയ കൂട്ടങ്ങളായിട്ടാണ് ഇവ വസിക്കുന്നത്. ഒരു സംഘത്തില്‍ മുതിര്‍ന്ന ഒരാണും മുതിര്‍ന്ന ഏതാനും പെണ്ണുങ്ങളും അവയുടെ കുഞ്ഞുങ്ങളും കാണും. വിവിധതരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ വിരുതന്മാരാണ്‌ ഇക്കൂട്ടര്‍. അങ്ങനെ പല രീതിയിലുള്ള സന്ദേശങ്ങള്‍ അവ കൈമാറുന്നു.
അപകട സൂചന നല്‍കാനുള്ള പ്രത്യേക ശബ്ദം തുടരെത്തുടരെ ഉണ്ടാക്കി മറ്റു വിഭാഗത്തില്‍പ്പെട്ട കൂട്ടര്‍ക്കും അവ മുന്നറിയിപ്പ് നല്‍കും. കുഞ്ഞുങ്ങളെ പ്രസവിക്കാറാകുമ്പോഴാണ് പെണ്‍ അണ്ണാനുകള്‍ക്ക് സഞ്ചി രൂപപ്പെടുന്നത്.
ആദ്യത്തെ ആറുമാസം കുഞ്ഞ് സഞ്ചിയില്‍ തന്നെയായിരിക്കും വളരുന്നത്. കുഞ്ഞ് വളര്‍ന്ന് പുറത്തിറങ്ങിയാല്‍ പിന്നെ സഞ്ചിയും ക്രമേണ അപ്രത്യക്ഷമാകും. സാധാരണയായി ഒരു പ്രാവശ്യം ഒരു കുഞ്ഞാണ് ജനിക്കുന്നത്, വളരെ അപൂര്‍വ്വമായി മാത്രം രണ്ടു കുഞ്ഞുങ്ങളും ഉണ്ടാകാറുണ്ട്. പെണ്‍കുഞ്ഞുങ്ങള്‍ ഒരു വര്‍ഷം തീരാറാകുമ്പോഴേക്കും പൂര്‍ണവളര്‍ച്ചയെത്തും. ആണ്‍കുഞ്ഞുങ്ങള്‍ രണ്ടാം വര്‍ഷത്തിന്‍റെ തുടക്കത്തിലേ പൂര്‍ണവളര്‍ച്ച പ്രാപിക്കൂ.12 വര്‍ഷമാണ് പറക്കും അണ്ണാന്മാരുടെ പരമാവധി ആയുസ്.
ഓസ്ട്രേലിയയുടെ കിഴക്കും തെക്കുകിഴക്കും ഭാഗങ്ങളാണ് ഈ അണ്ണാനുകളെ കൂടുതലായി കണ്ടുവരുന്നത്. സഞ്ചിമൃഗങ്ങളുടെ കൂട്ടത്തിലെ ഒരുപാടു പ്രത്യേകതകള്‍ ഉള്ള പറക്കും അണ്ണാനുകള്‍ ഇപ്പോള്‍ വംശനാശഭീഷണിയിലാണ്