EncyclopediaWild Life

ബ്രഷ് വാലന്‍ പോസ്സം

പോസ്സവും ഒപ്പോസവും രണ്ടു വര്‍ഗക്കാരാണ്. പോസ്സം ഓസ്ട്രേലിയയില്‍ മാത്രമേയുള്ളൂ’. ഒപ്പോസങ്ങള്‍ കൂടുതലും അമേരിക്കയിലാണ്. പോസ്സങ്ങളില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന കൂട്ടരാണ് ബ്രഷ് ടെയില്‍ പോസ്സം.ബ്രഷ് പോലെ നീണ്ട വാലുകളാണ് അവയ്ക്ക് ഈ പേര് കിട്ടാന്‍ കാരണം. പാര്‍ക്കുകളിലും പൂന്തോട്ടങ്ങളിലും വരെ ഇക്കൂട്ടരെ കാണാം. മിക്ക ഓസ്ട്രേലിയന്‍ വീടുകളിലും മേല്‍ക്കൂരകള്‍ക്കിടയ്ക്ക് ഇവയെ കണ്ടുവരുന്നു. ഏതു ചുറ്റുപാടിനോടും ഇണങ്ങിച്ചേരാന്‍ ഇക്കൂട്ടര്‍ക്കു കഴിയും. നദീതീരങ്ങളിലെ യൂക്കാലിപ്റ്റസ് മരങ്ങളിലും ഇവയെ ധാരാളം ആയി കാണാം. മരുഭൂമികളോടു സാമ്യമുള്ള പ്രദേശങ്ങളില്‍ പോലും ബ്രഷ് വാലന്‍ പോസ്സം താമസമാകും.ഒറ്റപ്പെട്ട് കഴിയാന്‍ ഇഷ്ടപ്പെടുന്ന അവ മറ്റു കൂട്ടര്‍ തങ്ങളുടെ പ്രദേശത്ത് എത്തിയാല്‍ ശക്തമായ ആക്രമണം തന്നെ നടത്തും.ഈ സമയത്ത് കാലില്‍ ഉയര്‍ന്നു നിന്ന് മുന്‍കാലുകള്‍ക്ക് കൊണ്ട് ആക്രമിക്കുന്നതോടൊപ്പം ഭയങ്കര ശബ്ദവും പുറപ്പെടുവിക്കും.പിന്നെ ഉഗ്രന്‍ സ്റ്റണ്ട് തന്നെ നടക്കും. ശത്രുവിനെ നേരിടാന്‍ കൂര്‍ത്ത വളഞ്ഞ നഖങ്ങളും അവയ്ക്കുണ്ട്.
ബ്രഷ് വാലന്‍ പോസ്സങ്ങള്‍ പല നിറക്കാരുണ്ട്. ചാരനിറത്തിലും തവിട്ടു നിറത്തിലും കറുപ്പും വെളുപ്പും നിറങ്ങളിലും ക്രീം കളറിലും ഇവയെ കണ്ടുവരുന്നു. ആണുങ്ങള്‍ക്ക് തോള്‍ ഭാഗത്ത് ചുവപ്പും തവിട്ടു നിറത്തിലും ചേര്‍ന്നു കാണാം. നീളം കുറഞ്ഞ ചാരനിറക്കാരെ വടക്ക് ഭാഗങ്ങളിലും നീളം കൂടിയ കറുപ്പ് കലര്‍ന്ന നിറക്കാരെ തെക്ക് ഭാഗങ്ങളിലും കൂടുതലായി കാണപ്പെടുന്നു. അക്കേഷ്യ മരങ്ങളിലും യൂക്കാലിപ്റ്റസ് മരങ്ങളിലും അതിവേഗം പാഞ്ഞുകയറുന്ന ഇവയുടെ പ്രധാന ആഹാരം ഇലകളും പൂക്കളും പഴങ്ങളുമാണ്. പക്ഷികളുടെ മുട്ടയും കുഞ്ഞുങ്ങളെയും ശാപ്പിടും. ബ്രഷ് പോലിരിക്കുന്ന വാലിനു 40 സെന്റിമീറ്റര്‍ നീളം വയ്ക്കും. കുഞ്ഞുങ്ങള്‍ അമ്മയുടെ സഞ്ചിയില്‍ 5 മാസo വരെ കഴിയുന്നു. ഓസ്ട്രേലിയയുടെ മിക്ക ഭാഗങ്ങളിലും ഇക്കൂട്ടരെ കാണാം. ടാസ്മാനിയയിലും ഇവയുണ്ട്. അടുത്തകാലത്തായി ന്യുസ് ലാന്റിലും പോസ്സങ്ങളെ കണ്ടുവരുന്നു.