EncyclopediaWild Life

കോമണ്‍ വോമ്പാറ്റ്

മനുഷ്യരോട് നന്നായി ഇണങ്ങുന്നവരാണ് കോമണ്‍ വോമ്പാറ്റുകള്‍. വലിയ പേടിത്തൊണ്ടന്മാരുമാണ് അവര്‍. മൂന്നു തരം വോമ്പാറ്റുകള്‍ ഉണ്ട്.അവരില്‍ ഏറ്റവും കൂടുതലുള്ളത് കോമണ്‍ വോമ്പാറ്റുകള്‍ ആണ്.
ഇവരെ കണ്ടാല്‍ ചെറിയ കരടികള്‍ ആണെന്നേ തോന്നൂ. വലിയ തലയും രോമങ്ങള്‍ തങ്ങിനിറഞ്ഞ ചെറിയ ഉടലും ചെറിയ കരുത്തന്‍ കാലുകളുമാണ് വോമ്പാറ്റുകള്‍ക്കുള്ളത്. ഉരുണ്ട ചെവിയും രോമങ്ങളില്ലാത്ത മൂക്കും കോമണ്‍ വോമ്പാറ്റിന്റെ പ്രത്യേകതയാണ്. തവിട്ടു കലര്‍ന്ന ചാരനിറമാണ് ഇവയ്ക്ക്.
വോമ്പാറ്റുകളുടെ മുതുമുത്തുച്ഛന്മാര്‍ വമ്പന്‍മാര്‍ ആയിരുന്നു. ഹിപ്പോപൊട്ടാമസിനോളം വലിപ്പമുണ്ടായിരുന്നു അവയ്ക്ക് എന്നാണു ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.
കാട്ടില്‍ വലിയ മാളങ്ങള്‍ തുരന്നുണ്ടാക്കിയാണ് ഇക്കൂട്ടര്‍’ കഴിയുന്നത്. അതിനു പറ്റിയ നഖങ്ങളുള്ള കാലുകളാണ് അവയ്ക്കുള്ളത്. ഒരു വോമ്പാറ്റ് മാളത്തിനു 30 മീറ്റര്‍ നീളം കാണും.മാളത്തിന്റെ വശങ്ങളിലേക്ക് ധാരാളം ശാഖകളും അവയുണ്ടാക്കും. അങ്ങനെ ശാഖകളുടെ നീളം കൂട്ടിയാല്‍ ആകെ നീളം 200 മീറ്റര്‍ വരെയാകും! മാളത്തില്‍ ഒരിടത്ത് ഇലകളും മറ്റും വിരിച്ച് കിടപ്പുമുറിയും ഒരുക്കിയിരിക്കും! പുറത്തുനിന്ന് പ്രവേശിക്കാന്‍ ഒരു വാതിലേ കാണൂ. താഴ്വരകളിലും വെള്ളമുള്ള സ്ഥലങ്ങളിലുമാണ് അവ മാളങ്ങളുണ്ടാക്കുക.
രാത്രിയിലാണ് ഇവര്‍ ഇര തേടാന്‍ മാളത്തില്‍ നിന്ന് പുറത്തിറങ്ങുന്നത്. പുല്ലും വേരുകളും ചെടികളുമാണ് പ്രധാന ആഹാരം കൊടുംതണുപ്പുകാലത്ത് വെയില്‍കായാനും വോമ്പാറ്റുകള്‍ പുറത്തിറങ്ങാറുണ്ട്.
ഒറ്റപ്പെട്ടു ജീവിക്കുന്ന ഇവര്‍ ചിലപ്പോള്‍ കൂട്ടുചേര്‍ന്നും താമസിക്കാറുണ്ട്. ഇടയ്ക്കിടെ മറ്റുള്ള ജീവികളുടെ മാളങ്ങള്‍ സന്ദര്‍ശിക്കുന്ന രീതി വോമ്പാറ്റുകളില്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ വളര്‍ത്തുമൃഗങ്ങളായി ഒന്നിച്ചു കൂട്ടിലിട്ടാല്‍ അവ കുഴപ്പമുണ്ടാക്കുകയും ചെയ്യും.
ഒരു മീറ്ററിലേറെ നീളം വയ്ക്കുന്ന വോമ്പാറ്റുകള്‍ക്ക് 35 കിലോഗ്രാം വരെ ഭാരവും കാണപ്പെടുന്നു. വാല്‍ വെറും 3 സെന്റിമീറ്ററെ കാണൂ. തണുപ്പ്കാലത്താണ് കുഞ്ഞുങ്ങള്‍ ഉണ്ടാക്കുക. ഒരു പ്രാവശ്യം ഒരു കുഞ്ഞാണ് സാധാരണയായി ജനിക്കാറുള്ളത്. ചിലപ്പോള്‍ രണ്ടു കുഞ്ഞുങ്ങളും, കുഞ്ഞുങ്ങള്‍ നേരെ അമ്മയുടെ സഞ്ചിയിലെത്തുന്നു. ആറേഴുമാസം ഇങ്ങനെ സഞ്ചിയിലിരുന്നു പാല്‍ കുടിച്ച് അവ വളരും. അത് കഴിഞ്ഞ് പുറത്തിറങ്ങിയാലും മൂന്നുമാസം വരെ ഇടയ്ക്കിടെയ്ക്ക് അവ അമ്മയുടെ സഞ്ചിയില്‍ കയറിയിരിക്കും. അല്ലാത്ത സമയത്ത് മാളങ്ങളിലെ കൂട്ടില്‍ അമ്മമാര്‍ ഒരുക്കി വയ്ക്കുന്ന ഉണക്കപ്പുല്ലും ഇലകളും ശാപ്പിട്ട് കഴിയും. രണ്ടു വര്‍ഷം കൊണ്ടെ കുഞ്ഞുങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തൂ. 25 വയസാണ് അവയുടെ കൂടിയ ആയുസ്.
തെക്ക്കിഴക്കന്‍ ഓസ്ട്രേലിയയിലും ടാസ്മാനിയയിലും ഇക്കൂട്ടരെ കണ്ടുവരുന്നു. പൊതുവേ ഉപദ്രവകാരികളല്ല ഇവര്‍, ഇവയുടെ മാളങ്ങള്‍ക്കും മുകളില്‍ ചവിട്ടി കുതിരകളും മറ്റു ജീവികളും വീണ് പരിക്കേല്‍ക്കാറുണ്ട്.