നീള നഖക്കാരന്‍ സഞ്ചി എലി!
തിരിച്ചു കടിക്കാത്തതിനെയെല്ലാം ശാപ്പിടുന്നവന്‍ എന്ന്കേട്ടിട്ടില്ലേ? കിട്ടുന്നതെന്തു൦ തട്ടിവിടുന്ന വിരുതന്മാരാണവര്‍. ഒരിനം സഞ്ചി എലിയും ഇക്കൂട്ടത്തില്‍പെടുന്ന വിരുതനാണ്. കീഴടക്കാന്‍ പറ്റുന്ന ഏതൊരു ജീവിയെയും അത് തിന്നും. ലോംഗ്-ക്ലോഡ് മാര്‍സൂപ്പിയല്‍ മൗസ് എന്നാണ് ഇവന്‍റെ പേര്.
പേര് പോലെ നീള നഖക്കാരന്‍ എലികളുടെ നാലുകാലിലെയും എല്ലാ വിരലുകളിലും നല്ല നീളമുള്ള കരുത്തന്‍ നഖങ്ങളുണ്ട്. ഇവ ഉപയോഗിച്ച് മണ്ണ് തുരന്നു ഇരകളെ കണ്ടുപിടിച്ച് അകത്താക്കും. കരുത്തുള്ള കാലുകള്‍ക്ക് നീളം കുറവായിരിക്കുമെന്നു മാത്രം.
സമുദ്രനിരപ്പില്‍ നിന്ന് പതിനായിരം അടി വരെ ഉയര്‍ന്ന പ്രദേശങ്ങളിലെ കാടുകളിലാണ് ഇക്കൂട്ടരുടെ വാസം. അതിനാല്‍ അവയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമായിട്ടില്ല. എങ്കിലും തണുത്ത കാട്ടു പ്രദേശത്ത് അവ വലിയ പ്രദേശങ്ങള്‍ കീഴടക്കി കഴിഞ്ഞുകൂടുന്നതായി തെളിഞ്ഞിട്ടുണ്ട്. ആണുങ്ങള്‍ സ്വന്തമാക്കുന്നതിലും ഇരട്ടി സ്ഥലമാണ് പെണ്ണുങ്ങള്‍ സ്വന്തമാക്കി വാഴുക. പെണ്ണുങ്ങള്‍ തമ്മില്‍ ഇതിന്‍റെ പേരില്‍ ഉഗ്രന്‍ പോരാട്ടവും നടക്കാറുണ്ട്. അതിര്‍ത്തി പ്രശ്നത്തില്‍ ആണുങ്ങളെയും അവ അടിയറവ് പറയിക്കും. അതുപോലെ ആണ്‍കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയാല്‍ തങ്ങളുടെ പ്രദേശത്തു നിന്ന് അമ്മമാര്‍ ഓടിച്ചു വിടും.അവ താമസിക്കാന്‍ സ്വന്തം സ്ഥലം കണ്ടെത്തിക്കൊള്ളണo, എന്നാല്‍ പെണ്‍മക്കള്‍ അമ്മയുടെ സ്ഥലം പങ്കിട്ട് കഴിയും.
17 മുതല്‍ 23 സെന്റിമീറ്റര്‍ വരെയാണ് സഞ്ചി എലിയുടെ നീളം വലിപ്പം കൂടിയവയ്ക്ക് 230 ഗ്രാം വരെ ഭാരവും കാണും.
സ്പെക്കിള്‍ട് ഡാസ്സിയര്‍ എന്നും ഇക്കൂട്ടര്‍ക്കും പേരുണ്ട്. ഒരു സമയം നാലു മുതല്‍ എട്ടു വരെ കുഞ്ഞുങ്ങള്‍ സഞ്ചിയിലുണ്ടാവും. എട്ടുമാസം കൊണ്ട് അവ പ്രായപൂര്‍ത്തിയെത്തും, 2 വയസ്സാണ് ഇവയുടെ പരമാവധി ആയുസ്.പല തരക്കാരായ അമ്പതിലേറെ സഞ്ചിഎലികളുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഓസ്ട്രേലിയയിലും ന്യൂഗിനിയയിലും മാത്രമേ ഇക്കൂട്ടര്‍ ഉള്ളൂ. ന്യൂഗനിയയുടെ പടിഞ്ഞാറും മധ്യഭാഗങ്ങളിലും ഉള്ള പര്‍വതങ്ങളില്‍ സഞ്ചി എലികളെ കൂടുതലായി കണ്ടുവരുന്നു.