വേറെയും ഒപ്പോസങ്ങള്‍
എലിയെപ്പോലെയിരിക്കുന്ന ഒരിനം ഒപ്പോസമാണ് കോമണ്‍ മൗസ് ഒപ്പോസം, കാട്ടരുവികളുടെ തീരത്തും മനുഷ്യര്‍ താമസിക്കുന്നതിനടുത്തും ഇവ കാണപ്പെടുന്നു. മുകള്‍ ഭാഗത്ത് മങ്ങിയ വയ്ക്കോല് നിറവും ചാരനിറവുമാണ്.
താഴെ മഞ്ഞകലര്ന്ന വെളുപ്പും മുഖം മൂടി വച്ചതുപോലെ കറുപ്പുനിറവും മുഖത്തിനുണ്ട്. ഉന്തിയ കണ്ണുകളും കരുത്തന് വാലും ഇക്കൂട്ടരുടെ പ്രത്യേകതയാണ്.മരത്തില്‍ അതിവേഗം പാഞ്ഞുകയറാന്‍ ഇവയ്ക്കു കഴിയും.
വലിയ തീറ്റക്കാരാണ് എലി ഒപ്പോസങ്ങള്‍, പ്രാണികള്‍, എട്ടുകാലി, പല്ലി, പക്ഷികളുടെ മുട്ട, കോഴിക്കുഞ്ഞ് തുടങ്ങിയവയൊക്കെ ശാപ്പിടും, ചില പഴങ്ങളും വലിയ ഇഷ്ടമാണ്, രാത്രിയാണ് ഇര തേടി ഇറങ്ങുക. പകല്‍ മരപ്പൊത്തുകളിലോ പക്ഷികള്‍ ഉപേക്ഷിച്ച കൂടുകളിലോ മരച്ചില്ലകള്ക്കിടയിലോ വിശ്രമിക്കുന്നു.
പതിനൊന്നു മുതല്‍ പതിനാല് സെന്റിമീറ്റര്‍ വരെ നീളം കാണും, വാലിനു 21 സെന്റിമീറ്ററും നീളമുണ്ടാകാറുണ്ട്. 45 ഗ്രാമാണ് കൂടിയ ഭാരo ഒരു പ്രാവശ്യം 8 കുഞ്ഞുങ്ങള്‍ക്ക് വരെ ജന്മം നല്കുന്നു.
വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്നു. തെക്കേഅമേരിക്കയുടെ പടിഞ്ഞാറു ഭാഗത്ത് കാണപ്പെടുന്ന മറ്റൊരിനം ഒപ്പോസങ്ങളാണ് ബ്ലാക്ക് ഷോള്ഡേട് ഒപ്പോസം. തോള് ഭാഗം മുതല്‍ മുന്‍കാലുകള്‍ വരെ കറുപ്പ് നിറമുള്ളതാണ് ഈ പേരിനു കാരണം. അതിനാല്‍ ഇക്കൂട്ടരെ മറ്റുള്ളവരില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയാം, രോമങ്ങള്‍ തിങ്ങിനിറഞ്ഞതാണ് വാലിന്റെ മുകള്ഭാഗം. വാലിനറ്റം നല്ല വെളുപ്പുനിറവുമാണ്. ഉടലിനു 26 സെന്റിമീറ്റര്‍ നീളം.31 സെന്റിമീറ്റര്‍ നീളമുള്ള വാലും ഇക്കൂട്ടര്‍ക്കുണ്ട്. അറുന്നൂറു ഗ്രാമേ തൂക്കമുണ്ടാകൂ, എലി ഒപ്പോസങ്ങളെപ്പോലെ വലിയ തീറ്റക്കാരാണ് ഇക്കൂട്ടരും, പുഴുക്കള്‍ മുതല്‍ പഴങ്ങള്‍ വരെ കിട്ടുന്നതെന്തും അകത്താക്കും, രാത്രിസമയം മരങ്ങളിലാണ് ഇവ ഇരതേടുന്നത്. ബ്ലാക്ക് ഷോള്ഡേട് ഒപ്പോസങ്ങള്ക്ക് കുഞ്ഞുങ്ങള്‍ ഇരട്ടകളായിട്ടാണ് ഉണ്ടാവാറ്.