യാത്ര തുടങ്ങുന്നു…..
1492 ഓഗസ്റ്റ് മൂന്ന്. ചരിത്രം കുറിച്ച ആ യാത്ര ആരംഭിച്ചു.പാലോസ് തുറമുഖത്തു നിന്ന് ക്രിസ്റ്റഫര്‍. കൊളംബസും കൂട്ടരും കപ്പലിറക്കി. ഏഷ്യയിലേക്കുള്ള പുതിയ കപ്പല്‍മാര്‍ഗം കണ്ടെത്താനുള്ള ആവേശമായിരുന്നു യാത്രയ്ക്കുള്ള ഊര്‍ജ്ജം.
80 അടിയില്‍ താഴെയുള്ള മൂന്ന് കപ്പലുകള്‍. അന്നത്തെ വമ്പന്‍ ചരക്കുകപ്പലുകളെ അപേക്ഷിച്ച് ഇവയ്ക്ക് കൂടുതല്‍ വേഗത്തില്‍ കുതിച്ചു പായാന്‍ കഴിയുമായിരുന്നു. കൊളംബസിന്റെ കപ്പലായ സാന്റാ മരിയ യാത്രാസംഘത്തെ നയിച്ചു. കാനറി ദ്വീപില്‍ കുറച്ചു ദിവസം തങ്ങി വിശ്രമിച്ച ശേഷം ജപ്പാനിലേക്ക് തിരിക്കാമെന്ന് കൊളംബസ് കണക്കുകൂട്ടി.
സാന്റാ മരിയയും നീനയും ഒമ്പത് ദിവസംകൊണ്ട് 1000 കിലോമീറ്ററോളം സഞ്ചരിച്ചു. എന്നാല്‍ പിന്റ ഒരു കുഴപ്പത്തില്പെട്ടു.നാലാം ദിവസം ആ കപ്പലിന്റെ വമ്പന്‍ തുഴ ഒടിഞ്ഞുപോയി. കൊളംബസ് യാത്ര നിര്‍ത്തിയില്ല. എങ്ങനെയെങ്കിലും കാനറി ദ്വീപില്‍ എത്തിച്ചേരാന്‍ പിന്റയിലെ നാവികരോട് നിര്‍ദ്ദേശിച്ച ശേഷം അദ്ദേഹം യാത്ര തുടര്‍ന്നു.
യാത്ര പുരോഗമിക്കവേ നീനയുടെ പോക്കും ദുഷ്ക്കരമായി. കാരണം, അതിന്റെ പായ്മരങ്ങള്‍ അറ്റ്ലാന്റിക് സമുദ്രത്തിലെ യാത്രയ്ക്ക് ചേര്‍ന്ന രീതിയിലായിരുന്നില്ല നിര്‍മിച്ചത്.
നീനയുടെ അറ്റകുറ്റപ്പണിക്കും മറ്റുമായി കാനറി ദ്വീപുകളില്‍ കൊളംബസിന് കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവന്നു.ദ്വീപില്‍ നിന്ന് പഴങ്ങളും മറ്റും ശേഖരിച്ചശേഷം 1492 സെപ്റ്റംബര്‍ ആറിന് അദ്ദേഹം പടിഞ്ഞാറേക്ക് യാത്ര തുടങ്ങി.
ആഴ്ചകള്‍ കടന്നുപോയിട്ടും കരയുടെ ലക്ഷണം പോലുമില്ല. നാവികരില്‍ പലരും നിരാശരാകാന്‍ തുടങ്ങി. അവരുടെ ആവേശം തിരിച്ചു കൊണ്ട് വരാന്‍ കൊളംബസ് ഒരു പ്രഖ്യാപനം നടത്തി.ആദ്യം കര കാണുന്നയാള്‍ക്ക് പതിനായിരം സ്വര്‍ണ്ണനാണയം സമ്മാനം!’ ഊര്‍ജ്ജം തിരിച്ചു കിട്ടിയ നാവികര്‍ അതുവരെ കാണാത്ത കരതേടി പ്രതീക്ഷയോടെ യാത്ര തുടര്‍ന്നു.