EncyclopediaOceans

ആര്‍ട്ടിക്കിലെ സഞ്ചാരികള്‍

വളരെ പണ്ടു മുതലേ ആര്‍ട്ടിക്സമുദ്രം സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു.ഗ്രീക്ക് സഞ്ചാരിയായിരുന്ന പൈത്തിയാസ് ബി സി നാലാം നൂറ്റാണ്ടില്‍ മെഡിറ്ററെനിയന്‍ കടലില്‍ നിന്ന് വടക്കോട്ട്‌ സഞ്ചരിച്ച് ആര്‍ട്ടിക് പ്രദേശത്തിന്‍റെ അടുത്തുവരെയെത്തി.ആര്‍ട്ടിക് കണ്ടുപിടിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനാണ്.

   പലയിടത്തും മഞ്ഞുറഞ്ഞു കിടക്കുന്ന ആര്‍ട്ടിക്സമുദ്രം കീഴടക്കാന്‍ സഞ്ചാരികള്‍ ധാരാളമായി ഇറങ്ങിത്തുടങ്ങിയത് പതിനാറാംനൂറ്റാണ്ടിലാണ്.അറ്റ്ലാന്റിക്കിനും പസിഫിക്കിനുമിടയിലൂടെ ഒരു സമുദ്രപാത കണ്ടെത്താനായിരുന്നു ഇത്.

  ആര്‍ട്ടിക്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടുപിടിക്കപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലുമാണ്.നോര്‍വീജിയന്‍ പര്യവേക്ഷകനായ ഫ്രിജോഫ് നാന്‍സനാണ് ഇതില്‍ ശ്രദ്ദേയമായ വിജയം കൈവരിച്ചത്‌.1888-ല്‍ അദേഹം ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ കുറുകെ കടന്നു.പിന്നീട് ആര്‍ട്ടിക്സമുദ്രത്തിലെ ഉത്തരധ്രുവത്തിലെത്താനായി അദ്ദേഹത്തിന്‍റെ ശ്രമം.1895-ല്‍ അദ്ദേഹം ഉത്തരധ്രുവത്തിന്‍റെ അടുത്തെത്തി.

  1903-ല്‍ നോര്‍വേക്കാരനായ റൊണാള്‍ഡ്‌ അമുണ്ട്സന്‍ വടക്കുപടിഞ്ഞാറന്‍ സമുദ്രപാതയിലൂടെ ആദ്യമായി അറ്റ്ലാന്റിക്കില്‍ നിന്നു പസിഫിക്കിലെത്തി.1909-ല്‍ റോബര്‍ട്ട് പിയറി ആര്‍ട്ടിക് സമുദ്രത്തിലെ ഉത്തരധ്രുവത്തിലെത്തി ചരിത്രം കുറിച്ചു.

  ഉത്തരധ്രുവത്തിനു മുകളിലൂടെ വിമാനം പറത്തുന്നതില്‍ ആദ്യവിജയം നേടിയത് റിച്ചാര്‍ഡ് ഇ.ബിയേഡും ഫ്ലോയ്ഡ് ബെന്നറ്റുമാണ്. 1926-ലായിരുന്നു ഈ നേട്ടം. ആ വര്‍ഷം തന്നെ അമുണ്ട്സെനും ലിങ്കണ്‍ എല്‍സ്വര്‍ത്തും ആര്‍ട്ടിക്കിനു കുറുകേ പറന്നു.

  1930 കളില്‍ ബ്രിട്ടന്‍, ഡെന്മാര്‍ക്ക്, നോര്‍വേ, റഷ്യ, കാനഡ,അമേരിക്ക തുടങ്ങിയവിടങ്ങളില്‍ നിന്നെല്ലാം പര്യവേക്ഷകസംഘം ആര്‍ട്ടിക്കിലേക്ക് തിരിച്ചു.1950-കളില്‍ അമേരിക്ക,റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇവിടെ റഡാര്‍സ്റ്റേഷനുകള്‍ സ്ഥാപിച്ചു. 1958-ല്‍ നോട്ടിലസ് എന്ന അമേരിക്കന്‍ അന്തര്‍വാഹിനി ഉത്തരധ്രുവം കുറുകെ കടന്ന ആദ്യഅന്തര്‍വാഹിനിയായി,1977-ല്‍ ഒരു സോവിയറ്റ് ഐസ്ബ്രേക്കര്‍കപ്പല്‍ ഉത്തരധ്രുവത്തിലൂടെ സഞ്ചരിച്ചു.

  ആധുനികയന്ത്രങ്ങളുടെയും ഉപഗ്രഹങ്ങളുടെയും സഹായത്തോടെ ആര്‍ട്ടിക് സമുദ്രത്തിന്റെ രഹസ്യങ്ങള്‍ മനുഷ്യന്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.