ഭൂട്ടാനിലെ ബോണ്‍ മതവും ബുദ്ധമതവും
ഭൂട്ടാനില്‍ ഏഴാം നൂറ്റാണ്ടിലാണ് ബുദ്ധമതം പ്രചാരത്തില്‍ വരുന്നത്. അതിനു മുമ്പേ ഹിമാലയന്‍ മേഖലകളില്‍ നില നിന്നിരുന്ന പ്രാചീനമതമാണ് ബോണ്‍ മതം. ഒരേസമയം രണ്ട് മതത്തില്‍ വിശ്വസിക്കുന്നതിനെ ബുദ്ധമതം എതിര്‍ക്കാത്തതിനാല്‍ ബോണ്‍ മതവും പിന്നീട് ബുദ്ധമതത്തില്‍ ഇഴുകിച്ചേര്‍ന്നു.
ബോണ്‍ മതക്കാരുടെ ചില ആരാധനാമൂര്‍ത്തികള്‍ താന്ത്രിക ബുദ്ധമതക്കാരുടെ ആരാധനാമൂര്‍ത്തികളുടെ പൂര്‍വികരായിരുന്നു എന്നു കരുതപ്പെടുന്നു. മഴ പെയ്യുന്നതിനും രോഗം ഭേദമാകുന്നതിനും ആഗ്രഹം സാധിക്കുന്നതിനും ദാരിദ്ര്യമകറ്റുന്നതിനുമൊക്കെ ബോണ്‍ മതക്കാര്‍ ഇത്തരം ആരാധനാമൂര്‍ത്തികളോട് പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ ബുദ്ധമതത്തില്‍ ഇത്തരം പ്രാര്‍ഥനകള്‍ക്കൊന്നും സ്ഥാനമില്ല. ബുദ്ധനെയും ബുദ്ധന്റെ അവതാരങ്ങളെയുമാണ് അവര്‍ പ്രാര്‍ഥിച്ചിരുന്നത്. തങ്ങളുടെ ഭൗതികജീവിതത്തിലെ ഫലപ്രാപ്തിക്കായി അവര്‍ വഴിപാടുകളും നേര്‍ന്നിരുന്നു.
മലകള്‍ക്കും തടാകങ്ങള്ക്കുമൊക്കെ വിശുദ്ധി കല്പിക്കുന്നവരാണ് ഭൂട്ടാന്കാര്. ഇതിനു പിന്നില്‍ ബോണ്‍ മതത്തിന്റെ സ്വാധീനമാണെന്നു കരുതുന്നു. പര്‍വതങ്ങളെ പരിപാവനമായി കരുതുന്നതിനാല്‍ അവയെ കീഴ്പെടുത്താന്‍ ഭൂട്ടാന് കാര്‍ ഭയപ്പെടുന്നു. പര്‍വതങ്ങള്‍ക്ക് മുകളില്‍ കയറിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് അവരുടെ വിശ്വാസം.
ബുദ്ധന്റെ കല്പനകളില് അടിയുറച്ചു വിശ്വസിക്കുന്നവരാണ് ഭൂട്ടാന്കാര്. ചുറ്റുപാടുമുള്ള എല്ലാറ്റിനോടും അനുകമ്പയോടെ പെരുമാറണം എന്നത് അവരുടെ അടിസ്ഥാനപ്രമാണങ്ങളിലൊന്നാണ്. ഇവര്‍ വളര്‍ത്തു മൃഗങ്ങളെ കൊല്ലുകയോ വേട്ടയാടുകയോ മീന്‍ പിടിക്കുകയോ ഇല്ല. പകരം ചത്തുവീഴുന്ന മൃഗങ്ങളെ ഭക്ഷിക്കും. ഇതുപോലെ ദൈനംദിന ജീവിതത്തില്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട പല കടമകളും ഭൂട്ടാനില്‍ ഉണ്ട്.
ഭൂട്ടാനിലെ ഹിന്ദുക്കളും ബോണ്‍ മതക്കാരും മൃഗബലി അനുഷ്ടിച്ചിരുന്നു. എന്നാല്‍ ബുദ്ധമതം ഇത് കര്‍ശനമായി നിരോധിച്ചു. മൃഗബലിക്ക് പകരം അരിപ്പൊടിയും വെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന രൂപങ്ങളാണ് അവര്‍ ബലിക്കായി ഉപയോഗിക്കുക. വിവിധ ആരാധനാ മൂര്‍ത്തികളുടെ ആകൃതിയില്‍ ഉണ്ടാക്കുന്ന ഇവ തോര്മാര്സ് എന്നാ പേരിലറിയപ്പെടുന്നു. ഭൂട്ടാനിലെ ഒട്ടു മിക്ക ആഘോഷങ്ങളിലും ഒഴിച്ച് കൂടാനാവാത്ത ഒന്നാണിവ.
ഇഷ്ടമൂര്ത്തികള്ക്കെന്നപോലെ പിശച്ചുക്കള്ക്കും ദുഷ്ടശക്തികള്‍ക്കും ഇത്തരം രൂപങ്ങള്‍ സമര്‍പ്പിക്കുന്ന പതിവും ഭൂട്ടാന്ക്കാര്ക്കുണ്ട്. കഠാരയുടെ ആകൃതിയില്‍ ഉണ്ടാക്കുന്ന ഇത്തരം രൂപങ്ങള്‍ ‘പുര്പാ’ എന്നറിയപ്പെടുന്നു. ദുഷ്ട ശക്തികളെ കൊല്ലാന്‍ വേണ്ടിയല്ല, മറിച്ച് പാപത്തിന്റെ പിടിയില്‍ നിന്ന് അവരെ മോചിപ്പിക്കാനും നല്ലൊരു പുനര്ജ്ജന്മത്തിന് അവരെ പ്രാപ്തരാക്കാനും ആണ് ഈ ബലി നടത്തുന്നത്.
ബുദ്ധമതത്തില്‍ ജനിച്ച് ബുദ്ധമതവിശ്വാസങ്ങള് മുറുകെ പിടിക്കുന്നവരാണ് ഭൂട്ടാനിലെ ഭൂരിഭാഗം കര്‍ഷകരും. ഇവര്‍ മതപണ്ഡിതന്മാരെയും സന്യാസിമാരെയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്നു. മികച്ച ഒരു പുനര്‍ജ്ജന്മം സ്വപ്നം കണ്ട് നന്മയുടെ പാതയിലൂടെ ജീവിക്കുന്നവരാണിവര്‍. വീടുകളില്‍ ദിവസേനയുള്ള പ്രാര്‍ഥനയ്ക്കും പ്രത്യേക അവസരങ്ങളിലെ ക്ഷേത്ര ദര്‍ശനത്തിനും താന്ത്രിക് പഠനങ്ങള്‍ ആവശ്യമാണ്. അതിനാല്‍ ഇവരുടെ കുടുംബത്തില്‍ ഒരാളെങ്കിലും സന്യാസത്തിലേക്ക് തിരിയാറുണ്ട്.