ഭൂട്ടാനിലെ വിവാഹവും ശവസംസ്കാരം
വലിയ ആര്‍ഭാടത്തോടെ വിവാഹം നടത്താന്‍ കഴിവില്ലാത്തവരാണ് ഭൂട്ടാനിലെ ബഹുഭൂരിപക്ഷം ജനങ്ങളും.
വിവാഹപ്രായമായവര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ സ്വയം കണ്ടെത്തുകയാണ്. എന്നിട്ട് കുറേക്കാലം ഒന്നിച്ചു കഴിയുന്നു. അതിനുശേഷമാണ് വിവാഹം. ഒന്നിച്ചു ജീവിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വേര്‍ പിരിഞ്ഞു വേറൊരാളെ വിവാഹം കഴിക്കുകയും ചെയ്യാം.
ആഘോഷമായി നടത്തുന്ന വിവാഹങ്ങള്‍ വളരെ കുറവാണെങ്കിലും തീരെ ഇല്ലാതില്ല. അത്തരം വിവാഹങ്ങള്‍ക്ക് തീയതിയും സമയവും മറ്റും നിശ്ചയിക്കുന്നത് ജ്യോത്സ്യന്മാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ്. അങ്ങനെ നിശ്ചയിച്ച ദിവസം വരനും കൂട്ടുകാരും കൂടി വധുവിന്റെ വീട്ടിലെത്തും. എന്നിട്ട് അവര്‍ വധുവിനേയും കൂട്ടി വരന്റെ വീട്ടില്‍ മടങ്ങിയെത്തുന്നു. അവിടെ വധൂവരന്മാരെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം കാത്തുനില്‍ക്കുന്നുണ്ടാവും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമായി ഒരു പാത്രം നിറയെ വെള്ളവും മറ്റൊരു പാത്രം നിറയെ പാലുമായിട്ടാണ് അവര്‍ വധൂവരന്മാരെ സ്വാഗതം ചെയ്യുന്നത്.
തുടര്‍ന്ന്‍ പുരോഹിതന്മാര്‍ വധൂവരന്മാരെ അനുഗ്രഹിക്കും. പിന്നെ ആട്ടവും പാട്ടുമായി സദ്യ പൊടിപൊടിക്കും.
ഭൂട്ടാന്‍കാര്‍ ഏറ്റവും പ്രധാന്യമുള്ളതായി കരുതുന്നത് ശവസംസ്ക്കാര ചടങ്ങാണ്. മരണം സംഭാവിച്ചാലുടന്‍ ലാമമാരെ വീടുകളിലേക്ക് വരുത്തി മരിച്ചവരുടെ പുസ്തകം വായിക്കും.
മൃതദേഹം വെള്ളത്തുണിയില്‍ പൊതിഞ്ഞ് ദഹിപ്പിക്കും. ചിതാഭസ്മം പിന്നീട് നദിയില്‍ ഒഴുക്കും. പുനര്‍ജ്ജന്മത്തില്‍ വലിയ വിശ്വാസമുള്ളവരാണ് ഭൂട്ടാനിലെ ജനങ്ങള്‍.