കുടുംബം
വലിയ കുടുംബങ്ങള്‍ ഭൂട്ടാനില്‍ സര്‍വസാധാരണമാണ്. അഞ്ചോ ആറോ കുട്ടികള്‍ കാണും ഒരു വീട്ടിലും.
ഓരോ ഗ്രാമവും ഓരോ വലിയ കുടുംബത്തിനു തുല്യമാണ്. ഇവിടെ ഓരോരുത്തരും മറ്റുള്ളവരുടെ ക്ഷേമത്തിനായി യത്നിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
നിയമത്തിന്റെ മുമ്പില്‍ സ്ത്രീകളും പുരുഷന്മാരും തുല്യരാണ്. സ്ത്രീകളോട് വിവേചനമൊന്നും ഭൂട്ടനില്ല.
സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടമനുസരിച്ച് ജീവിക്കുന്നതിനും ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഭൂട്ടാനിലുണ്ട്.
പുരുഷന്മാര്ക്കൊപ്പം സ്ത്രീകളും വയലുകളില്‍ പണിയെടുത്ത് ഉപജീവനം നടത്തുകയും അതുവഴി കുടുംബവരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസപരമായി സ്ത്രീകളുടെ നില പിന്നോക്കമാണ്. സന്യാസവിഹാരങ്ങളും സ്ഥാനങ്ങളും പുരുഷന്മാര്ക്കു മാത്രമായി ചുരുങ്ങിയതോടെ ബുദ്ധമത കൈയെഴുത്തു കൃതികള്‍ മനഃപാഠം ആക്കുന്നതിലും സ്ത്രീകള്‍ക്ക് താല്പര്യം കുറഞ്ഞുവന്നു. “ജ്ഞാനസമ്പാദനത്തില്‍ ആണ്‍പെണ്‍ വ്യത്യാസം ഒട്ടുമില്ല” എന്ന പ്രഖ്യാപനമൊക്കെയുണ്ടെങ്കിലും സന്യസിക്കാന്‍ പോകുന്നത് കൂടുതലും പുരുഷന്മാരാണ്. സ്ത്രീകള്‍ക്കും സന്യസിക്കാം. എന്നാല്‍, പുരുഷന്മാര്ക്കൊപ്പമുള്ള പദവി ഇവര്‍ക്ക് ലഭിക്കില്ല. ബുദ്ധമതതത്വങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യം ഈ സന്യസിനികള്ക്കുണ്ട്. എങ്കിലും സന്യാസിനികളെ മടാതിപതികള് ആക്കില്ല.