BhutanCountryEncyclopediaHistory

ജീവിത രീതി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലും പുറം ലോകവുമായുള്ള ഒറ്റപ്പെടലും കാര്‍ഷിക വൃത്തി, താന്ത്രിക ബുദ്ധമതം എന്നിവയോടുള്ള ആത്മബന്ധവുമാണ് ഭൂട്ടാന്റെ ജീവിതശൈലി നിര്‍ണ്ണയിച്ചിരിക്കുന്നത്.
നൂറ്റാണ്ടുകള്‍ നീണ്ട ഒറ്റപ്പെടലിന്റെ ഫലമായി പ്രാദേശികമായും ഭാഷാപരമായും സാംസ്കാരികമായും ഓരോ പൌരനും അവരവരുടെ പ്രദേശങ്ങളില്‍ ഒതുങ്ങിക്കഴിയേണ്ടിവന്നു. ഉപജീവനം കൃഷിയെ ആശ്രയിച്ചതിനാല്‍ ദീര്‍ഘയാത്രകള്‍ ഇവര്‍ക്കാവശ്യമുണ്ടായില്ല.
എന്നാല്‍, ബുദ്ധമതത്തിലുള്ള വിശ്വാസം മൂലം കാലാനുസൃതമായ തീര്‍ഥാടനത്തിന് ഇവര്‍ നിര്‍ബന്ധിതരായി.
കര്‍ഷകരും കന്നുകാലികളെ വളര്‍ത്തുന്നവരുമാണ് ഭൂട്ടാനില്‍ ബഹുഭൂരിപക്ഷവും. പാലിനും മാംസത്തിനും പുറമേ സവാരിക്കും നിലം ഉഴുകാനും ചുമട് എടുപ്പിക്കാനുമാണ് മൃഗങ്ങളെ വളര്‍ത്തുന്നത്. താഴ്വരകളിലെ ഫലഭൂയിഷ്ടമായ പ്രദേശങ്ങളില്‍ ഓരോ ചെറിയ കൂട്ടങ്ങളായാണ് ഗ്രാമീണര്‍ താമസിക്കുന്നത്.
ലോകത്തിലെ മറ്റു സമൂഹങ്ങളില്‍ നിന്നും ദീര്‍ഘകാലം ഒറ്റപ്പെട്ടു കഴിഞ്ഞവരാണ് ഭൂട്ടാന്‍കാര്‍. അതിനാല്‍ ഭൂട്ടാന്‍ സമൂഹത്തിന് സ്വാശ്രയത്വം കൂടുതലാണ്.
പരസ്പരം സഹായിക്കുന്നതിനും സമൂഹത്തിന്റെ പൊതു പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനും ഇത് സഹായകമായി.