EncyclopediaHistory

കരയുന്ന ചങ്ങലകള്‍

നാനൂറ്പേര്‍ക്ക് കഷ്ടിച്ച് കയറിക്കൂടാവുന്ന ഒരു കപ്പല്‍.ആഫ്രിക്കയുടെ തീരത്ത്‌ നിന്നു അതു പുറപ്പെടുകയാണ്.ഏതോ യൂറോപ്യന്‍ രാജ്യത്തേക്ക്,പക്ഷെ അതില്‍ അറുന്നൂറു പേരെ കയറ്റിയിരുന്നു.അറുന്നൂറു കറുത്തവര്‍ഗക്കാര്‍ അടിമകള്‍!
വേണ്ടത്ര സ്ഥലമില്ലാത്ത മുറികളില്‍ ഞെങ്ങി ഞെരുങ്ങി,ഒന്ന് നിവര്‍ന്നു നില്‍ക്കാനോ കിടക്കാനോ ആകാതെ ശ്വാസം എടുക്കാന്‍ പോലും വിഷമിച്ച് ദുരിതം നിറഞ്ഞ ആ യാത്ര യൂറോപ്പിലെത്തുമ്പോള്‍ അവരില്‍ കുറേ പേര്‍ മരണമാടഞ്ഞിരിക്കും.
15 ആം നുറ്റാണ്ടിന് ശേഷമാണ് അടിമക്കച്ചവടം ആഫ്രിക്കയില്‍ വ്യാപകമായത്.അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും മറ്റും പുകയിലയും കരിമ്പും കൃഷി ധാരാളമായതോടെ അവിടെ കൂടുതല്‍ ജോലിക്കാരെ ആവശ്യമായി വന്നു.അങ്ങനെയാണ് യൂറോപ്പുക്കാര്‍ ആഫ്രിക്കയിലെ നീഗ്രോകളെ കയറ്റിക്കൊണ്ട് പോയി വില്‍ക്കാന്‍ തുടങ്ങിയത്.കൃഷിസ്ഥലങ്ങളില്‍ മാത്രമല്ല സമ്പന്നരുടെ വീട്ടുവേലയ്ക്കും മറ്റും ഈ അടിമകളെ ഉപയോഗിച്ചു.കെട്ടിടങ്ങളും റോഡുകളുമൊക്കെ നിര്‍മിക്കുക തുടങ്ങിയ കടുപ്പമുള്ള ജോലികളെല്ലാം അടിമകളെക്കൊണ്ടാണ് ചെയ്യിപ്പിച്ചിരുന്നത്.
മൃഗങ്ങള്‍ക്ക് കിട്ടുന്ന പരിഗണന പോലും അടിമകള്‍ക്ക് കിട്ടിയിരുന്നില്ല.മനുഷ്യര്‍ ഏറ്റവും വലിയ കയറ്റുമതിച്ചരക്കായി. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമായി അനേകലക്ഷം പാവങ്ങളെ പിടിച്ച് അടിമകളാക്കി വിറ്റു.
ആഫ്രിക്കക്കാരെ മാത്രമാണ് അടിമകളാക്കിയിരുന്നതെന്ന് കരുതരുതേ.പല നാടുകളിലും അടിമത്തം നിലനിന്നിരുന്നു.പക്ഷെ ആഫ്രിക്കക്കാരെപ്പോലെ അതിന്‍റെ കഷ്ടതകള്‍ ഇത്രയേറെ അനുഭവിച്ചവര്‍ ആരുമില്ലെന്ന് മാത്രം.
ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയില്‍ യൂറോപ്പുകാര്‍ കടന്നു തുടങ്ങിയതോടെ അവിടുത്തെ ജനങ്ങളുടെ കഷ്ടക്കാലം തുടങ്ങി.തങ്ങളുടെ കോളനികള്‍ വികസിപ്പിക്കുകയായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളുടെ ഉദ്ദേശ്യം.15-16 നൂറ്റാണ്ടുകളിലാണ് ഇതിന്റെ ആരംഭം.അതിനു മുമ്പും ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നു ചെറിയ തോതില്‍ അടിമകളെ സ്പെയിനിലെക്കും റോമിലെക്കുമൊക്കെ കടത്തിക്കൊണ്ടു പോയിരുന്നു.എന്നാല്‍ തോട്ടങ്ങളില്‍ ജോലിക്കാരുടെ ആവശ്യം അതുകൊണ്ടൊന്നും മതിയാകാതെ വന്നപ്പോള്‍ ഈ മനുഷ്യക്കച്ചവടം പതിന്മടങ്ങായി. ആഫ്രിക്കയിലെ നാടുവാഴികളും ഇതിനു കൂട്ടുനില്‍ക്കുകയും ചെയ്യ്തു.വാസ്തവത്തില്‍ അവരും കച്ചവടത്തില്‍ പങ്കാളിയായിരുന്നു.
വെടിമരുന്നും തുണിയും ലോഹങ്ങളും നിറച്ച കപ്പലുകളുമായാണ് വിദേശികള്‍ ആഫ്രിക്കന്‍ തീരങ്ങളില്‍ എത്തുക.അതെല്ലാം അവിടെത്തെ ഭരണാധികാരികള്‍ക്ക് കൊടുക്കും.പകരം കപ്പലുകളില്‍ പാവം നീഗ്രോകളെ കുത്തി നിറയ്ക്കും,ഇതായിരുന്നു രീതി.രണ്ടു ലക്ഷo അടിമകളെ കൈകളിലും കാലുകളിലും ചങ്ങലകള്‍ ചേര്‍ത്തു കെട്ടിയാണ് കൊണ്ടു പോകുക,
17 ആം നൂറ്റാണ്ടില്‍ 28 ലക്ഷത്തില്‍ താഴെയും 18ആ൦ നൂറ്റാണ്ടില്‍ 70 ലക്ഷവും 19ആം നൂറ്റാണ്ടില്‍ 40 ലക്ഷവും അടിമകളെ അമേരിക്കയില്‍ മാത്രം ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.ഇത് അവിടെ ജീവനോടെ എത്തിച്ചേര്‍ന്നവരുടെ കണക്കാണ്. യാത്രയ്ക്കിടയില്‍ മരിച്ചു പോയവര്‍ എത്ര പേരുണ്ടാവും എന്നു ആര്‍ക്കുമറിയില്ല.
യൂറോപ്പിലേക്കും അമേരിക്കയിലേക്കും മാത്രമല്ല, അറബിരാജ്യങ്ങളിലേക്കും നീഗ്രോകളെ ധാരാളമായി കടത്തിക്കൊണ്ടു പോയിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ അടിമക്കച്ചവടം തടയുന്നതിനുള്ള ശ്രമങ്ങള്‍ പല രാജ്യങ്ങളിലും ആരംഭിച്ചു.പക്ഷേ ഇതുകൊണ്ടൊന്നും വലിയ ഫലമുണ്ടായില്ലെന്ന് മാത്രം.1807-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അടിമക്കച്ചവടം തടയാനുള്ള നിയമം വന്നു ,വൈകാതെ പല രാജ്യങ്ങളും തങ്ങളുടെ കോളനികളില്‍ അടിമക്കച്ചവടം തടഞ്ഞുകൊണ്ട് നിയമം കൊണ്ടുവന്നു.
ഇങ്ങനെയൊക്കെയായിട്ടും അടിമവ്യാപാരം പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടില്ല.ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍പ്പോലും ചില രാജ്യങ്ങളില്‍ അടിമക്കച്ചവടം ഉണ്ടായിരുന്നു.