ചന്ദ്രനും ഭൂമിയും
ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമായ ചന്ദ്രന്റെ ഉല്പത്തിയെക്കുറിച്ച് ശാസ്ത്രലോകത്തിന് വിവിധ അഭിപ്രായങ്ങളുണ്ട്. ഭൂമിയില്‍ നിന്ന് വേര്‍പെട്ടുപോയ ഒരു ഭാഗമാണ് ചന്ദ്രനെന്നും അതല്ല, ഭൂമിയോടൊപ്പം ഉണ്ടായ ഇരട്ടഗ്രഹമാണെന്നും ഇതൊന്നുമല്ല അങ്ങകലെ നിന്നും വഴിതെറ്റി വന്നപ്പോള്‍ ഭൂമി ആകര്‍ഷിച്ച് ഉപഗ്രഹമാക്കിയതാണെന്നുമാണ് പ്രബലവാദങ്ങള്.
മനുഷ്യന് ചന്ദ്രനില്‍ നിന്നു ശേഖരിച്ച പാറകള്‍ക്ക് 450 കോടിയിലധികം വര്‍ഷം പഴക്കമുണ്ടായിരുന്നു.ഈ പാറകളിലൊന്നും ഭൂമിയിലെ പാറകളിലടങ്ങിയ രാസവസ്തുക്കളല്ല ഉണ്ടായിരുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഭൂമിയില്‍ നിന്നു പൊട്ടിത്തെറിച്ചോ ഭൂമിയോടൊപ്പമോ ആയിരിക്കില്ല, അതിനും എത്രയോ മുമ്പാകാം ചന്ദ്രന് ഉണ്ടായതെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു.