തെമിസ്റ്റോക്ലിസ്
ഗ്രീസ് കണ്ട ഏറ്റവും മികച്ച നാവികപ്പോരാളിയിലൊരാളാണ് തെമിസ്റ്റോക്ലിസ്. രാഷ്ട്രതന്ത്രജ്ഞനെന്ന നിലയിലും ആതന്‍സില്‍ അദ്ദേഹം അംഗീകരിക്കപ്പെട്ടു. എന്നാല്‍ ആ പെരുമ അവധിക്കാലം നിലനിന്നില്ല.ദുരഭിമാനവും ധനാര്‍ത്തിയും അദ്ദേഹത്തിന്‍റെ നാശത്തിനു വഴിയൊരുക്കി. മാതൃരാജ്യത്ത് ജീവിക്കാന്‍ കഴിയാതെ ശത്രുരാജ്യത്ത് അഭയം തേടേണ്ടി വന്നു.അങ്ങനെ രാജ്യദ്രോഹിയെന്ന പേരും വീണു.
ആതന്‍സില്‍ ബി.സി 514-ലാണ് തെമിസ്റ്റോക്ലിസിന്‍റെ ജനനം.പേര്‍ഷ്യയുമായുള്ള മാരത്തോണ്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നു അദ്ദേഹം ആതന്‍സ് രാഷ്ട്രീയത്തിലും സൈനികവൃത്തങ്ങളിലും അറിയപ്പെടാന്‍ തുടങ്ങി.
അക്കാലം പേര്‍ഷ്യയുടെ നിരവധി ആക്രമണങ്ങള്‍ ആതന്‍സ് നേരിട്ടിരുന്നു.പേര്‍ഷ്യയെ ജയിക്കുവാന്‍ ആതന്‍സ് കപ്പല്‍പ്പട ശക്തിപ്പെടുത്തണമെന്ന് തെമിസ്റ്റോക്ലിസ് നിര്‍ദ്ദേശിച്ചു.ഇതിനുള്ള തന്ത്രങ്ങളും അദ്ദേഹം മെനഞ്ഞു.100 യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടുത്തി തെമിസ്റ്റോക്ലിസ് ആതന്‍സ് കപ്പല്‍പ്പടയെ നവീകരിച്ചു.അദ്ദേഹത്തിന്‍റെ തന്ത്രങ്ങള്‍ സലാമീസ് യുദ്ധത്തില്‍ വിജയം കണ്ടു. പേര്‍ഷ്യന്‍ പട ദാരുണമായി തകര്‍ക്കപ്പെട്ടു.200 പേര്‍ഷ്യന്‍ കപ്പലുകളാണ് ആ യുദ്ധത്തില്‍ ആതന്‍സ് നാവികപ്പട തകര്‍ത്തത്.
ആതന്‍സിന്‍റെ നഗരമതിലുകള്‍, പുനര്‍നിര്‍മിക്കുന്നതിലും തെമിസ്റ്റോക്ലിസിന്‍റെ പങ്കാളിത്തം ഉണ്ടായിരുന്നു.ഇതോടെ അദ്ദേഹം കൂടുതല്‍ പ്രശസ്തനായി. എന്നാല്‍ അതോടൊപ്പം തെമിസ്റ്റോക്ലിസിന്‍റെ അഹങ്കാരം വര്‍ധിച്ചു.സമ്പത്ത് മോഹിച്ച് കൈക്കൂലി വാങ്ങാന്‍ തുടങ്ങിയത് പുറത്തറിഞ്ഞതോടെ ആതന്‍സ് രാഷ്ട്രീയത്തില്‍ തെമിസ്റ്റോക്ലിസ് ഒറ്റപ്പെട്ടു.
ആതന്‍സില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ശത്രുതരാജ്യമായ പേര്‍ഷ്യയില്‍ തെമിസ്റ്റോക്ലിസിന് അഭയം തേടേണ്ടി വന്നു.പേര്‍ഷ്യന്‍ ഭരണാധികാരികള്‍ അദ്ദേഹത്തെ ഏഷ്യാമൈനിലെ മഗ്നേഷ്യയുടെ ഗവര്‍ണറാക്കി. അതോടെ ആതന്‍സുകാര്‍ക്ക് തെമിസ്റ്റോക്ലിസ് രാജ്യദ്രോഹിയായി.