പത്തി വിടര്‍ത്തും വീരന്മാര്
ഉരഗങ്ങളില്‍ മനുഷ്യന് ഏറ്റവും പേടിക്കുന്നവയാണ് പാമ്പുകള്‍. പമ്പുകളെല്ലാം മാരകമായ വിഷം ഉള്ളവയാണെന്ന ചിന്തയാണ് ഈ പേടിക്ക് കാരണം. സത്യത്തില്‍ പാമ്പുകളില്‍ വളരെക്കുറച്ചു മാത്രമേ വിഷമുള്ളവയുള്ളൂ. എന്നാല്‍ ഇവ കാരണം ലോകത്തെല്ലായിടത്തും പാമ്പുകളെ മനുഷ്യര്‍ ഭയപ്പെടുന്നു.
ഏതാനും സെന്റീമീറ്റര്‍ മാത്രം നീളമുള്ള പാമ്പ് മുതല്‍ മീറ്ററുകള്‍ നീളമുള്ള പാമ്പുകള്‍ വരെയുണ്ട്. ഏതാനും നീളമുള്ള പാമ്പ് റെറ്റിക്കുലേറ്റഡ് പൈത്തണ്‍ എന്ന പെരുമ്പാമ്പ് ആണ്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടു വരുന്ന ഇവ 10 മീറ്റര്‍വരെ നീളം വയ്ക്കാറുണ്ടത്രേ.എന്നാല്‍ ഏറ്റവും ഭാരമുള്ള പാമ്പ് ഇതല്ല. അനകോണ്ടകള്ക്കാണ് ഈ റെക്കോഡ്. 250 കിലോയോളം ഭാരമുണ്ടാകാറുണ്ട് ഇവയ്ക്ക്.
പാമ്പുകളിലെ ഈ വമ്പന്മാര്ക്ക് വിഷമില്ല. വിഷമുള്ള പാമ്പുകളില്‍ ഏറ്റവും നീളമുള്ളത് രാജവെമ്പാലയാണ് അഞ്ചു മീറ്റര്‍ വരെ നീളമുണ്ടാകാറുണ്ട് ഇവയ്ക്ക്.
രാജവെമ്പാല,മൂര്‍ഖന്‍,ശംഖുവരയന്‍,വിവിധയിനം അണലികള്‍,കടല്‍ പാമ്പുകള്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ പ്രദേശത്ത് കാണുന്ന വിഷപ്പാമ്പുകള്‍.ഇതില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ളത് കടല്‍ പാമ്പുകള്‍ക്കാണ്. എന്നാല്‍ അവ വളരെ ചുരുക്കമായി മാത്രമേ കടികാറുള്ളൂ. സാധാരണ കൊടുങ്കാടുകള്ക്കകത്താണ് രാജവെമ്പാലയെ കാണുന്നത്.
റാറ്റില്‍ സ്നേക്ക്, അണലി വര്‍ഗത്തില്‍പ്പെട്ട അഡ്ഡര് തുടങ്ങിയവയാണ് വിദേശരാജ്യങ്ങളിലെ പ്രധാനപ്പെട്ട വിഷപ്പാമ്പുകള്‍.
ലോകത്തൊട്ടാകെ ഏകദേശം 2500 വര്‍ഗത്തില്‍ പെട്ട പാമ്പുകളുണ്ട്. എന്നാല്‍ ഇവയില്‍ പത്തിലൊന്ന് മാത്രമേ വിഷമുള്ളവയുള്ളൂ. വര്‍ഷം തോറും ധാരാളം ആളുകള്‍ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട്. കൃത്യമായ ചികിത്സ ലഭിക്കാത്തത് കൊണ്ടാണ് മിക്ക മരണങ്ങളും സംഭവിക്കുന്നത്.ഭയവും ഒരു പ്രധാനകാരണമാണ്. മാരകമല്ലാത്ത കടിയേറ്റിട്ടു പോലും ഭയം കാരണം ആളുകള്‍ മരണമടയാറുണ്ട്.