അണുഘടികാരം
ലോകത്ത് ഇതുവരെ കണ്ടുപിടിച്ചതില്‍ വച്ച് ഏറ്റവും കിറുകൃത്യമായ സമയം കാണിക്കുന്നത് അണുഘടികാരമാണ്. ഇവയ്ക്ക് ഒരു സെക്കന്റിന്റെ പോലും പിഴവ് സംഭവിക്കാറില്ല.സമയത്തെക്കുറിച്ചുള്ള ധാരണകള്‍ തന്നെ അണുഘടികാരം മാറ്റിമറിച്ചു എന്ന് പറയാം.
ആദ്യത്തെ അണുഘടികാരം 1949-ല്‍ അമേരിക്കയിലാണ് നിര്‍മിച്ചത്.യു.എസ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡേര്‍ഡ്സ് നിര്‍മിച്ച ഇതിന് ഒരു ക്വോട്സ് ക്ലോക്കിന്റെ കൃത്യത പോലുമുണ്ടായിരുന്നില്ല. അമോണിയ മെയ്സര്‍ ആണ് ഇതില്‍ ഉപയോഗിച്ചത്. വൈദ്യുതകാന്തിക തരംഗങ്ങള്‍ പോലുള്ള സൂക്ഷ്മതരംഗങ്ങളുടെ ശക്തി വര്‍ധിപ്പിച്ച് പ്രസരിപ്പിക്കുന്നതിനുള്ള ഉപകരണമാണ് മെയ് സര്,
1955-ല്‍ ഇംഗ്ലണ്ടിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി നിര്‍മിച്ച അണുഘടികാരത്തിന് അതീവ കൃത്യതയുണ്ടായിരുന്നു. അമോണിയത്തിന് പകരം സീഷ്യം ആണ് ഇതില്‍ ഉപയോഗിച്ച മൂലകം.പത്ത് ശതകോടിയിലൊരു ഭാഗം കൃത്യതയാണ് ഇതിനുണ്ടായിരുന്നത്. ഹൈഡ്രജന്‍, റുബീഡിയം എന്നീ ഘടകങ്ങള്‍ ഉപയോഗിച്ചും അണുഘടികാരം ഉണ്ടാക്കാം.
ആദ്യത്തെ അണുഘടികാരങ്ങള്‍ ഭീമാകാരങ്ങളായിരുന്നു, ഇവ ഉണ്ടാക്കാന്‍ ഏറെ പണച്ചെലവും വേണ്ടിവന്നു. ഇവ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉയര്‍ന്ന തോതില്‍ ഊര്‍ജ്ജവും വേണമായിരുന്നു.എന്നാല്‍, ഇപ്പോള്‍ ഒരു നെല്‍മണിയുടെ വലുപ്പം മാത്രമുള്ള അണുഘടികാരങ്ങള്‍ ലോകത്തുണ്ട്, ചിപ്പ് സ്കെയില്‍ ആറ്റോമിക ക്ലോക്ക് എന്നാണ് ഈ തീരെച്ചെറിയ അണുഘടികാരത്തെ വിളിക്കുന്നത്.
ഏറ്റവും കൃത്യതയുള്ള അണുഘടികാരങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? ഇത് മനസ്സിലാക്കാന്‍ അല്പം അണുഭൗതികം അറിയണം.
ഒരു മൂലകത്തിന്റെ സൂക്ഷ്മഘടകമാണ് അണു അഥവാ ആറ്റം എന്നറിയാമല്ലോ.പ്രോട്രോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍ എന്നിവ ചേര്‍ന്നതാണ് ഒരു ആറ്റം, പ്രോട്രോണിന് പോസിറ്റീവ് ചാര്‍ജും ഇലക്ട്രോണിനു നെഗറ്റീവ് ചാര്‍ജുമാണ്.ന്യൂട്രോണിനു ചാര്‍ജില്ല.പ്രോട്രോണും ന്യൂട്രോണും അണുവിന്റെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്നു.അണുകേന്ദ്രം എന്നാണ് ഇത് അറിയപ്പെടുന്നത്. സൗരയൂഥത്തില്‍ സൂര്യന് ചുറ്റും ഗ്രഹങ്ങളെന്ന പോലെ അണുകേന്ദ്രത്തിനു ചുറ്റും വ്യത്യസ്ത ഊര്‍ജ്ജനിലകളില്‍ ഇലക്ട്രോണുകള്‍ കറങ്ങിക്കൊണ്ടിരിക്കുന്നു.ഏറ്റവും ഉയര്‍ന്ന ഊര്‍ജ്ജനിലയിലുള്ള ഇലക്ട്രോണ്‍ അണുകേന്ദ്രത്തില്‍ നിന്നും ഏറ്റവും അകലെയായിരിക്കും,ഏറ്റവും താഴ്ന്ന നിലയിലുള്ള ഇലക്ട്രോണ്‍ ആകട്ടെ,അണുകേന്ദ്രത്തിന് ഏറ്റവും അടുത്തും.
ഇടയ്ക്ക് ഇലക്ട്രോണുകള്‍ ഊര്‍ജ്ജനില മാറാറുണ്ട്.ഒരു നിലയില്‍ നിന്ന് മറ്റൊന്നിലേക്ക് ഇലക്ട്രോണ്‍ മാറുമ്പോള്‍ ഒരു നിശ്ചിത ഊര്‍ജ്ജം പുറത്തുവിടുന്നു. സൂക്ഷ്മതരംഗം വികിരണമായാണ് ഇത് പുറത്തുവരുന്നത്. അസാധാരണമാം വിധം കൃത്യതയുള്ളതാണ് ഈ സൂക്ഷ്മതരംഗ വികിരണം.ഈ പ്രക്രിയയെ അടിസ്ഥാനമാക്കിയാണ് അണുഘടികാരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഇലക്ട്രോണുകള്‍ ഊര്‍ജ്ജനില മാറുന്നതിനാല്‍ അണുസ്ഫോടനം നടക്കുന്നില്ല. അതിനാല്‍ അണുഘടികാരത്തില്‍ റേഡിയോ ആക്ടിവിറ്റിയോ മാരകമായ റേഡിയോ ആക്ടിവിറ്റിയോ മാരകമായ റേഡിയേഷനോ ഇല്ല. തികച്ചും സുരക്ഷിതമാണിവ.