EncyclopediaWild Life

മുതലയും ബന്ധുക്കളും

ദിനോസറുകള്‍ ഉള്‍പ്പെടുന്ന ഉരഗവിഭാഗത്തില്‍ പെടുന്നവയാണ് മുതലകള്‍ എന്ന് പറഞ്ഞല്ലോ? ദിനോസറുകളുടെ കാലത്തും മുതലയുണ്ടായിരുന്നു.അതിദീര്‍ഘമായ ഈ കാലയളവില്‍ വലിയ മാറ്റങ്ങളൊന്നും അവയ്ക്കുണ്ടയിട്ടില്ല.ഇപ്പോഴുള്ള ഉരഗങ്ങളില്‍ വലിപ്പത്തില്‍ മുമ്പില്‍ നില്‍ക്കുന്ന വിഭാഗം മുതലകള്‍ തന്നെ.
മൂന്നു കുടുംബങ്ങളിലായി ഇരുപത്തിമൂന്നോളം വര്‍ഗങ്ങള്‍ മുതലകളില്‍ ഉള്ളതായി കണക്കാക്കുന്നു. ചീങ്കണ്ണി, കെയ്മന്‍,മുതല എന്നിവയാണ് മുതലക്കുടുംബങ്ങളിലൊന്നും പെടാത്തതാണ് ഘരിയല്‍ എന്ന മുതല.എങ്കിലും ഇതിനെ പ്രത്യേകകുടുംബമായി പലരും കണക്കാക്കുന്നില്ല.
വെള്ളത്തിലും പരിസരത്തും കഴിയാനിഷ്ടപ്പെടുന്നവയാണ് മുതലകളെല്ലാം. വെള്ളത്തില്‍ വളരെ വേഗം നീന്താനാവുന്ന ഇവക്ക് കരയിലും അത്ര മോശമല്ലാത്ത വേഗത്തില്‍ ഇഴയാനാകും.
മുതലകള്‍ മാംസഭോജികളാണ്. കൂട്ടത്തിലെ ഭീമന്‍ മുതലകള്‍ കന്നുകാലികള്‍,മാന്‍ പന്നി മുതലായ വലിയ ജീവികളെപ്പോലും പിടി കൂടി അകത്താക്കാറുണ്ട്. പലപ്പോഴും വെള്ളം കുടിക്കാനെത്തുമ്പോഴാണ് ഈ ജീവികളെ മുതലകള്‍ പിടികൂടുന്നത്.വെള്ളത്തിനടിയിലേക്ക് ഇരയെ വലിച്ച് താഴ്ത്തി, കുടഞ്ഞ്‌ കൊല്ലുകയാണ് ചെയ്യുക. വെള്ളത്തില്‍ മുതലകള്‍ക്ക് അപാരശക്തിയാണ്. ഇടയ്ക്കൊക്കെ മുതലകള്‍ മനുഷ്യരെയും ആക്രമിച്ച് പരുക്കേല്‍പിക്കാറും കൊല്ലാറുമുണ്ട്.
ക്രോക്കോ ദൈലാസ് നിലോട്ടിക്കസ്’ എന്ന ആഫ്രിക്കന്‍ മുതല തലമുതല്‍ വാലറ്റം വരെ 16 അടിയോളം നീളമുള്ളവയാണ്. ആക്രമണകാരികളായ ഇവ ചില പ്രദേശങ്ങളില്‍ മനുഷ്യര്‍ക്ക് ഭീഷണിയാണ്.ആഫ്രിക്കയില്‍ ഇത് കൂടാതെ തല നീണ്ട ഒരിനം മുതലയും രണ്ടിനത്തില്‍പ്പെട്ട ‘കുള്ളന്‍മുതലകളുമാണുള്ളത്.
ഓസ്ട്രേലിയയുടെ വടക്ക് ഭാഗത്തും തെക്കുകിഴക്കന്‍ ഏഷ്യയിലെ ദ്വീപുകളിലും കാണപ്പെടുന്ന ‘ക്രോക്കോദൈലാസ് പോറോസസ്’ എന്നാ മുതലകള്‍ക്ക് ഉപ്പുവെള്ളത്തിലും ജീവിക്കാനാകും.അതുകൊണ്ട് തന്നെ സാള്‍ട്ട്വാട്ടര്‍ ക്രോക്കോദൈല്‍ എന്നും ഇവയ്ക്ക് പേരുണ്ട്. ഇന്ത്യയില്‍ ഗംഗയുടെ അഴിമുഖത്തില്‍ ഇവ കാണപ്പെടുന്നു. ബോര്‍ണിയോ, മലേഷ്യ,ഫിലിപ്പീന്‍സ് പ്രദേശങ്ങളിലുമുള്ള ഇവ ഒരു ദ്വീപില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് ഉപ്പുവെള്ളത്തിലൂടെ നീന്തി സഞ്ചരിക്കാറുണ്ടത്രെ! മുതലകള്‍ക്കിടയിലെ ഏറ്റവും ഭീമന്മാരായ ഇവ ഏഴു മീറ്ററോളം വളര്‍ന്നിട്ടുള്ളതായി രേഖകളുണ്ട്. ആയിരം കിലോയോളം ഭാരവും ഇവയ്ക്കുണ്ടാകും!
ഇന്ത്യയിലും സമീപരാജ്യങ്ങളിലും സാധാരണയായി കാണുന്ന മുതലകള്‍ മാര്‍ഷ് ക്രോക്കൊദൈല്‍ അഥവ ‘മഗ്ഗര്‍’ എന്നറിയപ്പെടുന്നു. ‘ക്രോക്കൊദൈലസ് പാലുസ്ട്രീസ്’ എന്നാണ് ഇതിന്റെ ശാസ്ത്ര നാമം. മറ്റ് മുതലകളെക്കാള്‍ വീതിയേറിയ തലയാണിവയുടെത്.
ഓസ്ട്രേലിയന്‍ വന്‍കരയില്‍ മാത്രം കാണുന്ന ഒരിനം മുതലകളുണ്ട്; ‘ ക്രോക്കോദൈലസ് ജോണ്‍സ്റ്റോണി’.
തെക്കേയമേരിക്കാന്‍ പ്രദേശങ്ങളിലും മുതലകളുണ്ട്. ഇവിടങ്ങളില്‍ കാണുന്ന ക്രോക്കൊദൈലസ് അക്യൂട്ടസ് എന്ന മുതലകള്‍ക്ക് ഉപ്പുവെള്ളത്തിലും കഴിയാനാകും. ക്യൂബയില്‍ കാണുന്ന ക്രോക്കൊദൈലസ് റോസിഫെറും മെക്സിക്കന്‍ തീരങ്ങളിലെ മോര്‍ലെറ്റ്സ് ക്രോക്കൊദൈലും താരതമ്യേനെ ചെറിയ മുതലകള്‍ ആണ്.
അലിഗേറ്റര്‍ അഥവാ ചീങ്കണ്ണി എന്നറിയപ്പെടുന്ന മുതല വര്‍ഗ്ഗം പ്രധാനമായും വടക്കേ അമേരിക്കക്കാരാണ്. മിസ്സിസ്സിപ്പി അലിഗേറ്റര്‍ എന്നാണിവ അറിയപ്പെടുന്നത്. ചെറുജീവികളാണ് ഇവയുടെ പ്രധാനഭക്ഷണം. വലിയ ചീങ്കണ്ണികള്‍ വല്ലപ്പോഴും ചില വലിയ ജീവികളെ പിടികൂടാറുണ്ട്. ചൈനയില്‍ കാണപ്പെടുന്ന ചൈനീസ്‌ അലിഗേറ്റര്‍’ ആണ് ഇവയുടെ ഇന്ന്‍ ജീവിച്ചിരിക്കുന്ന ഏറ്റവുമടുത്ത ബന്ധു. ഇത് അഞ്ചടിയോളമേ വലുതാകാറുള്ളൂ.
തെക്കെയമേരിക്കാന്‍ പ്രദേശങ്ങളില്‍ ധാരാളമായി കാണപ്പെടുന്നവയാണ് ‘കെയ്മനുകള്‍’. ഇവയ്ക്ക് പല കാര്യത്തിലും ചീങ്കണ്ണികളോട് സാമ്യമുണ്ട്‌.കെയ്മനുകള്‍ പൊതുവേ അധികം വലിപ്പം വയ്ക്കാറില്ല.എന്നാല്‍ ആമസോണ്‍ നദീ തടത്തില്‍ ജീവിക്കുന്ന ബ്ലാക്ക് കേയ്മാന്‍’ വലിപ്പമേറിയതും വലിയ ജീവികളെ ആക്രമിക്കുന്നവയുമാണ്.
ഇന്ത്യന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്നവയാണ് ‘ഘരിയല്‍. അപൂര്‍വ്വമായി ബര്‍മയിലും മറ്റും ഇവയെ കാണാറുണ്ട്.ഇംഗ്ലീഷില്‍ ഇവയെ ഘാവിയല്‍ എന്നാണ് വിളിക്കുന്നത്. ശാസ്ത്രനാമം ‘ഗാവിയാലിസ് ഗാന്‍ ജെറ്റിക്കസ്!
ഗംഗയിലുംകൈവഴികളിലും സിന്ധു. ബ്രഹ്മപുത്രാനദികളിലുമാണ് ഘാരിയലിനെ കൂടുതലായി കാണുന്നത്.പൊതുവേ മുതലയുടെ രൂപഭാവങ്ങളാണ് ഇവയ്ക്ക്. എന്നാല്‍ തലയുടെ മുന്നറ്റം മെലിഞ്ഞു നീണ്ടതായിരിക്കും.അറ്റത്ത് ചെറിയൊരു പന്തുപോലെ ഉരുണ്ട ഭാഗവും കാണാം. വശങ്ങളില്‍ നിരയായി പല്ലുകളും ഉണ്ട്. മീനാണ് ഇവയുടെ ഇഷ്ടഭക്ഷണം അതിനാല്‍ ഇവയെ മീന്‍ മുതല എന്നും പറയാറുണ്ട്.
ഇപ്പോള്‍ വംശനാശഭീഷണിയിലാണ് ഘാരിയലുകള്‍.