ഉടുമ്പ് എന്ന ഉരഗം
ഓന്ത്, പല്ലി വര്‍ഗത്തില്‍പ്പെട്ട ഉരഗങ്ങളിലെ പ്രാകൃത വിഭാഗമാണ് ഉടുമ്പുകള്‍. തടിച്ച ശരീരം,തടിച്ചുരുണ്ട നീളന്‍ വാല്,അല്പം പരന്ന നീളന്‍ തല,കൂടെക്കൂടെ പുറത്തേക്ക് നീട്ടുന്ന അറ്റം പിളര്‍ന്ന നാക്ക്,മണ്ണിന്റെ നിറം ഇതൊക്കെയാണ് ഉടുമ്പിന്റെ ലക്ഷണങ്ങള്‍.ഓസ്ട്രേലിയ,ആഫ്രിക്ക,ഏഷ്യ വന്‍കരകളിലും ഈസ്റ്റ് ഇന്‍ഡീസ് എന്നറിയപ്പെടുന്ന ശാന്തസമുദ്രദ്വീപുകളിലും കാണപ്പെടുന്ന ഉടുമ്പ് വര്‍ഗങ്ങള്‍ക്കെല്ലാം തന്നെ ഈ പൊതുസ്വഭാവമാണ്.
പൊതുവേ മങ്ങിയ നിറമാണെങ്കിലും പച്ച നിറക്കാരും പുള്ളിയും വരയുമുള്ള പുറംകുപ്പായക്കാരും ഇവര്‍ക്കിടയിലുണ്ട്. എവിടെയും എങ്ങനെയും എന്ത് തിന്നും ജീവിക്കുന്ന ഉരഗങ്ങളാണ് ഉടുമ്പുകള്‍ മരം കയറേണ്ടി വന്നാല്‍ കയറും, ഓടേണ്ടി വന്നാല്‍ ഓടും, നീന്തേണ്ടി വന്നാല്‍ നീന്തും. പല്ലി, ഓന്ത്,ചെറുപക്ഷികള്‍,മുട്ടകള്‍,ചത്ത ജീവികള്‍ അങ്ങനെ എന്തും ഭക്ഷിക്കാന്‍ തയ്യാര്‍! ഇത്തരം സ്വഭാവ രീതികള്‍ അവയുടെ നിലനില്പിന് വളരെയധികം സഹായിക്കുന്നു.
എന്നാല്‍,മരക്കൊമ്പുകളില്‍ മാത്രം കഴിയാനിഷ്ടപ്പെടുന്ന ഓസ്ട്രേലിയക്കാരനായ ഗില്ലന്‍ ഉടുമ്പും വെള്ളത്തിലും പരിസരങ്ങളിലുമായി ഏറെ സമയം ചെലവിടുന്ന മലയന്‍ ഉടുമ്പും നൈല്‍ ഉടുമ്പും ഇവര്‍ക്കിടയിലുണ്ട്. എങ്കിലും വേണ്ടിവന്നാല്‍ മരത്തില്‍ നിന്നിറങ്ങാനും കരയിലോടാനുമൊന്നും ഇവര്‍ മടിക്കുകയുമില്ല. ഇന്ത്യയിലെ മരുപ്രദേശങ്ങളില്‍ കാണപ്പെടുന്നവയാണ് ടെസേര്‍ട്ട് ഉടുമ്പുകള്‍.ഉടുമ്പ് വര്‍ഗത്തില്‍ ഇങ്ങനെ ധാരാളം ഇനങ്ങളുണ്ടെങ്കിലും അവ തമ്മില്‍ അടിസ്ഥാനപരമായി വലിയ മാറ്റമില്ലാത്തതിനാല്‍ വരാനിഡെ എന്ന ഒരൊറ്റ കുടുംബത്തിലാണ് ശാസ്ത്രജ്ഞര്‍ ഇവയെ പെടുത്തിയിരിക്കുന്നത്.നമ്മുടെ നാട്ടിന്‍ പുറങ്ങളിലും കാട്ടുപ്രദേശങ്ങളിലുമെല്ലാം കാണുന്ന ഉടുമ്പ് വരാനസ് ബംഗാളെന്‍സിസ്’ ഇനമാണ്. ഇന്ത്യയോട്ടാകെയും സമീപരാജ്യമായ ബര്‍മയിലും ഇത്തരം ഉടുമ്പുകളുണ്ട്.
കണ്ടാല്‍ പേടിതോന്നുന്ന രൂപഭാവമൊക്കെയാണെങ്കിലും ഉടുമ്പുകള്‍ പൊതുവേ ആക്രമണകാരികളല്ല. ശത്രുവില്‍ നിന്ന് ഓടിരക്ഷപ്പെടാനോ ഒളിയ്ക്കാനോ ആണ് അവ ആദ്യം ശ്രമിക്കുക.എങ്കിലും ഗതികെട്ടാല്‍ കടിക്കാനും മാന്താനും ഇവ മടിക്കാറുമില്ല.
മോണിട്ടര്‍ ലിസാര്‍ഡ് എന്ന പേരിലും ഉടുമ്പുകള്‍ അറിയപ്പെടുന്നു.