സൂത്രം കൊള്ളാം പക്ഷെ
മരുഭൂമികളിലും അതുപോലുള്ള വരണ്ട പ്രദേശങ്ങളിലും കണ്ടുവരുന്ന ഓന്തുവര്ഗത്തില്പ്പെട്ട ഒരിനം ഉരഗങ്ങളാണ് ‘യൂറോമാസ്റ്റിക്സുകള്.ഇന്ത്യയിലെ രാജസ്ഥാനിലും മറ്റും ഇവയുണ്ട്.
മണ്ണില്‍ ജീവിക്കാന്‍ തക്കവിധത്തിലുള്ള ശരീരഘടനയാണ് യൂറോമാസ്റ്റിക്സുകള്ക്കുള്ളത്.സാധാരണ ഓന്തുകളില്‍ നിന്ന് വ്യത്യസ്തമായി അല്പം തടിച്ചു പരന്നു കട്ടിയേറിയ വാലാണിവയ്ക്ക്. വാലിനു കുറുകെ എഴുന്നു നില്ക്കുന്ന മുള്ള് പോലെ കൂര്‍ത്ത ചെതുമ്പലുകളുടെ നിരകളുണ്ട്.
ഈ മുള്വാലന്മാരുടെ പ്രധാന ആയുധം അവയുടെ ആയുധം അവയുടെ വാലാണെന്ന് പറയാം.ശത്രുക്കള്‍ ആക്രമിക്കാന്‍ വന്നാല്‍ ഇക്കൂട്ടര്‍ ഓടി മണലിലെ മാളത്തിലൊളിക്കും. മാളത്തിലേക്ക് തലനീട്ടി പിടിക്കാന്‍ ശ്രമിച്ചാല്‍ ഇവ പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് മുള്ളുള്ള വാല് കൊണ്ട് ശത്രുവിന്റെ മുഖമടച്ച് അടി തുടങ്ങും.അതോടെ ശത്രു പമ്പ കടക്കുകയും ചെയ്യും.പാമ്പുകളാണ് ഇവയുടെ പ്രധാന ശത്രുക്കള്‍.എന്നാല്‍,ശത്രുവില്‍ നിന്ന് രക്ഷനേടുന്ന അതെ സൂത്രം തന്നെ ചിലപ്പോള്‍ യൂറോമാസ്റ്റിക്സുകള്ക്ക് വിനയായിത്തീരാറും ഉണ്ട്. ഈ വിരുതന്മാരുടെ സ്വഭാവം നന്നായി മനസിലാക്കിയ രാജസ്ഥാനിലെ ഗോത്രവര്‍ഗക്കാരാണ് ഇവയെ പിടികൂടാന്‍ അതെ സൂത്രം ഉപയോഗിക്കുന്നത്. മുള്വാലന്മാരുടെ മാളം കണ്ടെത്തിയാല്‍ അവര്‍ മരക്കമ്പുകള്‍ മണ്ണിലുരസി പാമ്പിഴയുന്നത് പോലുള്ള ശബ്ദമുണ്ടാക്കും.ശത്രു തൊട്ടടുത്തെത്തിയെന്നു കരുതി മുള്വാലന്തന്റെ അടി വിദ്യ പ്രയോഗിക്കാനായി വാല് പുറത്തേക്ക് നീട്ടും.ഈ തക്കത്തിന് ഗോത്രവര്‍ഗ്ഗക്കാര്‍ ഇവയുടെ വാലില്‍ പിടുത്ത മിടുകയും ചെയ്യും.
തൊലിയിലെ മുള്ളുള്ള പുറംഭാഗം നീക്കി മാംസളമായ വാല് ആഹാരമാക്കാനാണ് ഇവയെ പിടി കൂടുന്നത്. വാല് കൊത്തി നുറുക്കി ചില പച്ചമരുന്നുകളുമായി കലര്‍ത്തിയുണ്ടാക്കുന്ന നെയ്യ് ഔഷധമെന്ന പേരില്‍ വില്‍ക്കുന്ന രാജസ്ഥാനി നാടോടിസംഘത്തെ ചിലപ്പോഴൊക്കെ നമ്മുടെ നാട്ടിലും കാണാറുണ്ട്. ‘രാജസ്ഥാന് ഉടുമ്പ് എണ്ണ’ എന്ന പേരിലാണത്രേ ഇത് വില്‍ക്കുന്നത്.