ഞങ്ങളും പറക്കും
ഐതീഹ്യങ്ങളിലും മറ്റും പറക്കുന്ന ഡ്രാഗണുകളെക്കുറിച്ചുള്ള കഥകളുണ്ട്.ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ പറക്കുന്ന ഉരഗങ്ങള്‍ ഉണ്ടായിരുന്നതായി ശാസ്ത്രന്ജന്മാരും പറയുന്നു. ചെറിയ തോതില്‍ പറക്കാനാകുന്ന ഉരഗങ്ങള്‍ ഇക്കാലത്തുമുണ്ട്.
എന്നാല്‍ പക്ഷികളെപ്പോലെ ചിറകടിച്ചൊന്നുമല്ല ഉരഗങ്ങളുടെ പറക്കല്‍.ശരീരത്തില്‍ പ്രത്യേകമായുള്ള പേശികള്‍ വിടര്‍ത്തിപ്പിടിച്ച് മരത്തില്‍ നിന്ന് മരത്തിലേക്ക് തെന്നിപ്പറക്കുകയാണ് ഇവ ചെയ്യുന്നത്.ഉയരുമുള്ള സ്ഥലത്ത് നിന്ന് ഉയരം കുറഞ്ഞിടത്തെക്കെ ഇങ്ങനെ പറക്കാനാകൂ. താഴ്ന്ന സ്ഥലത്ത് നിന്ന് ഉയര്‍ന്ന സ്ഥലത്തേക്ക് പോകണമെങ്കില്‍ പറക്കും ഉരഗങ്ങള്‍ക്കും കൈകാലുകളുപയോഗിച്ച് കയറണം.
ഡ്രാക്കോ ഓന്തുകള്‍ ആണ് ഉരഗങ്ങള്ക്കിടയിലെ പറക്കും വീരന്മാര്! പ്രധാനമായും ഇന്തോനേഷ്യ, ബോള്ണിയോ മുതലായ തെക്കുകിഴക്കന്‍ ഏഷ്യന്‍രാജ്യങ്ങളിലാണ് ഇവയെ കാണുന്നത്.ഇന്ത്യയിലും ഇവയെ കണ്ടു വരുന്നു.
പതിനഞ്ചോളം ഇനം ‘ഡ്രാക്കോ’ ഓന്തുകള്‍ ഉള്ളതില്‍ ഒരിനം തെക്കേയിന്ത്യയില്‍ കാണപ്പെടുന്നു.ഇന്ന് കാടുകളില്‍ മാത്രം കാണപ്പെടുന്ന ഇവയെ കുറേക്കാലം മുന്‍പ് വരെ വൃക്ഷങ്ങള്‍ ധാരാളമുള്ള നാട്ടിന്‍പുറങ്ങളിലും കണ്ടിരുന്നു.
ഡ്രാക്കോ വോളന്‍സ് എന്നു വിളിക്കുന്ന ഇവയ്ക്ക് നാട്ടിന്‍പുറങ്ങളില്‍ പറയോന്തുകള് എന്നാണ് പേര്. ഇവയുടെ ദേഹത്തിന് പൊതുവേ പച്ചനിറമാണ്. ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കാന്‍ ഈ നിറം സഹായിക്കുന്നു.
ശരീരത്തിന്റെ വശങ്ങളിലും മുന്‍കാലുകള്‍ക്കും ഇടയിലായി വിടര്‍ന്നു നില്ക്കുന്ന നേര്‍ത്ത ഒരു പാടയാണ് പറയോന്തുകളെ പറക്കാന്‍ സഹായിക്കുന്ന ‘ചിറക്’. ‘പറ്റാജിയം’ എന്നാണ് ഇതിന്റെ പേര്.ഇത് പാരച്യൂട്ട് പോലെ പറയോന്തിനെ വായുവില്‍ താങ്ങി നിര്‍ത്തുന്നു.പറയോന്ത് വിശ്രമിക്കുമ്പോള്‍ പറ്റാജിയം മടക്കി ശരീരത്തോട് ചേര്‍ത്തു വയ്ക്കുന്നതിനാല്‍ എളുപ്പം ശ്രദ്ധയില്‍പ്പെടില്ല.വിടര്‍ത്തുമ്പോള്‍ വളരെയേറെ വര്‍ണശബളമായ പറ്റാജിയം ആരുടെയും കണ്ണില്‍ പെടും.
ഉയരമുള്ള ഒരു പ്രതലത്തില്‍ നിന്ന് വായുവിലേക്ക് കുതിച്ച് ചാടി ‘പറ്റാജിയം’ വിടര്‍ത്തി വായുവിലൂടെ പറയോന്ത് തെന്നിത്തെന്നി നീങ്ങും; ഒരു ഗ്ലൈഡര്‍; അഭ്യാസിയെപ്പോലെ!ഈ പറക്കല്‍ നിയന്ത്രിച്ച് ഉദ്ദേശിച്ച സ്ഥലത്ത് പറന്നിറങ്ങാനും പറയോന്തുകള്ക്കു കഴിയും.
ഉരഗങ്ങളിലെ ഈ പറക്കുംവീരന്മാര് ഇപ്പോള്‍ വംശനാശത്തിലേക്ക് നീങ്ങുകയാണ്.
പാരച്യൂട്ട് ജെക്കോ’ എന്നറിയപ്പെടുന്ന ഒരിനം പല്ലികള്‍ക്കും ചെറിയ തോതില്‍ പറക്കാനാകും. പറയോന്തിനെപ്പോലെ വിടര്‍ന്ന പറ്റാജിയം ഇവയ്ക്കില്ല.എങ്കിലും ഇവയ്ക്ക് കൈകാലുകളുടെയും വാലിന്റെയും ഇടയിലായി ശരീരപാര്ശ്വവശങ്ങളില് നിന്ന് വിടര്‍ന്ന് നില്ക്കുന്ന പരന്ന ത്വക്ക് പാളികളുണ്ട്. ഇത് വിടര്‍ത്തി പാരച്യൂട്ടിലെന്ന പോലെ പറന്നിറങ്ങാന്‍ ഇവയ്ക്കാകും.മിക്കവാറും ഉയര്‍ന്ന ഒരിടത്ത് നിന്ന് നേരെ താഴെ വന്നിറങ്ങാറു ആണ് പതിവ്. കുഹ്ള്സ് ഫ്ളൈയിംഗ് ജെക്കോ എന്ന ഒരിനം പല്ലിയും ഇങ്ങനെ പറക്കുന്നവരാണു.