EncyclopediaWild Life

പല്ലിയും ബന്ധുക്കളും

ഉരഗങ്ങളില്‍ ഏറ്റവും അംഗസംഖ്യയുള്ള വിഭാഗമാണ് പല്ലിവര്‍ഗം.ലോകത്തൊട്ടാകെ ഏകദേശം മൂവായിരത്തോളം ഇനങ്ങള്‍ ഈ വിഭാഗത്തിലുണ്ടെന്നു കരുതപ്പെടുന്നു.’ലാസര്‍ട്ടീലിയ’ എന്നാണിവയുടെ വര്‍ഗനാമം.
അന്റാര്‍ട്ടിക്കയൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും പല്ലി വര്‍ഗക്കാരുണ്ട്.കരയില്‍,പൊതുവേ മണ്ണിലും മരത്തിലും കാണപ്പെടുന്ന ഈ വര്‍ഗക്കാര്‍ക്കിടയില്‍ വെള്ളത്തില്‍ കഴിയാനിഷ്ടപ്പെടുന്നവരുമുണ്ട്‌. കുറച്ചൊക്കെ പറക്കാനാകുന്ന കൂട്ടരെയും പല്ലിവര്‍ഗക്കാര്‍ക്കിടയില്‍ കാണാം.
മനുഷ്യരോട് ഏറ്റവും അടുത്ത് കഴിയുന്ന ഉരഗവര്‍ഗം പല്ലികളാണ്.വീട്ടിനകത്ത് ചുമരുകളിലെ വിള്ളലുകളിലും ഫോട്ടോകളുടെ മറവിലും മറ്റും ഒളിച്ചിരുന്ന് സന്ധ്യയാവുന്നതോടെ ഇര തേടാനിറങ്ങുന്ന പല്ലികള്‍തന്നെയാണ് ഈ വര്‍ഗക്കാരില്‍ ഏറ്റവും പരിചിതര്‍.’ജെക്കോ’യെന്ന വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.വീട്ടില്‍ കാണുന്ന ജെക്കൊകളെ ‘ഹൗസ് ജെക്കോ’ എന്ന് വിളിക്കുന്നു.
ചുമരുകളുടെ പ്രതലത്തില്‍ ചഞ്ഞും ചരിഞ്ഞും നേരെയും കുത്തനെയും സഞ്ചരിക്കാനാവുന്ന ഇവയ്ക്ക് വീടിന്റെ മേല്‍ത്തട്ടില്‍ ശരീരത്തിന്റെ പുറംഭാഗം കീഴോട്ടാക്കിയും നീങ്ങാനാകും.
കാലുകള്‍ക്കടിയിലുള്ള തൊലിയിലെ പ്രത്യേക സൂത്രമാണ് ഇതിനു സഹായിക്കുന്നത്. അതില്‍ ചെറിയ നാരു പോലുള്ള ലക്ഷക്കണക്കിന്‌ ഭാഗങ്ങളുണ്ട്. തറയില്‍ അമര്‍ത്തുമ്പോള്‍ ഓരോന്നിലും വായു ശൂന്യ അറകള്‍ രൂപപ്പെടും.ഈ വായുശൂന്യ അറകള്‍ ആണ് പള്ളികളുടെ കാലുകള്‍ പ്രതലത്തോട് ഒട്ടിച്ചു ചേര്‍ക്കുന്നത്.
ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ചില പല്ലികള്‍ക്ക്‌ ഒരു സൂത്രമുണ്ട്; വാല്‍ മുറിച്ചിടുക. പിറകെ വരുന്ന ശത്രുവിന്റെ ശ്രദ്ധ മുറിഞ്ഞു വീണു പിടയുന്ന വാളിലേക്ക് തിരിയും. ആ സമയത്ത് പല്ലി രക്ഷപ്പെടുകയും ചെയ്യും.വാലിലുള്ള ചില മാംസപേശികള്‍ പെട്ടെന്ന് സങ്കോചിച്ചാണ് വാല്‍ മുറിക്കുന്നത്.ഈ ഭാഗങ്ങളില്‍ രക്തകുഴലുകള്‍ കുറവായതിനാല്‍ ഇതിനിടയില്‍ രക്തം നഷ്ടപ്പെടാറില്ല.ഏതാനും നാളുകള്‍ക്കകം പുതിയ വാല്‍ ഉണ്ടാവുകയും ചെയ്യും.
മരത്തടികളിലും പാറക്കെട്ടുകളിലും കാണപ്പെടുന്ന ‘ജെക്കോ’കള്‍ അത്തരം പരിസരങ്ങള്‍ക്ക് ചേര്‍ന്നവിധം ശരീരത്തിന് പുറത്ത് അടയാളങ്ങളുള്ളവയാണ്. വര്‍ണശബളമായ ഉടയടാകളുള്ള ജെക്കോകളും ലോകത്തിന്റെ പല ഭാഗങ്ങളിലുമായുണ്ട്.ഇളംചാര ശരീരത്തില്‍ നിറയെ വെളുപ്പും ചുവപ്പും പുള്ളികളുള്ള ‘ടെക്കേജെക്കോ’ യും കറുത്ത ശരീരത്തില്‍ കുറുകെ മഞ്ഞവരകളുള്ള ‘നിക്കാരഗ്വിന്‍ ബാന്‍ഡഡ് ജെക്കോ’യുമൊക്കെ ഇത്തരത്തിലുള്ളതാണ്.
പച്ചനിറത്തില്‍ ചുവന്ന വരകളും കുത്തുകളും ഉള്ള ‘ബോംസ് ജയന്റെ ജെക്കോ’യും വര്‍ണ ഭംഗിയില്‍ മുന്നില്‍ തന്നെ. സാധാരണ ജെക്കൊകള്‍ രാത്രിയാണ് ഇര തേടിയിറങ്ങുക.എന്നാല്‍ ബോംസ് ജയന്റെ ജെക്കോ പകല്‍ ഇര തേടിയിറങ്ങുന്നു.
മഡഗാസ്കറില്‍ കാണുന്ന ‘ലൈന്‍ഡ് ലീഫ് ടെയില്‍ ജെക്കോ’മറ്റൊരു വിധത്തിലാണ് ശ്രദ്ധിക്കപ്പെടുന്നത്. മെലിഞ്ഞു നീണ്ട ദേഹപ്രകൃതിയോട് കൂടിയ ഇവയ്ക്ക് ചെടിക്കമ്പുകളോട് ആകൃതിയില്‍ മാത്രമല്ല നിറത്തിലും പുള്ളികളിലും പാടുകളിലുമെല്ലാം സാദൃശ്യമുണ്ട്. ചെടിക്കമ്പുകളില്‍ അനങ്ങാതിരുന്നാല്‍ ഇവയെ തിരിച്ചറിയാനാകില്ല.