EncyclopediaWild Life

കൊളോബസ് കുരങ്ങുകള്‍

ലാംഗൂര്‍ കുരങ്ങുകള്‍ പോലെയുള്ള മറ്റൊരു കൂട്ടരാണ് കൊളോബസ് കുരങ്ങുകള്‍.ചെറിയ കൂട്ടങ്ങളായി കഴിയുന്ന ഇവര്‍ വളരെ അപൂര്‍വ്വമായി മാത്രമേ മരങ്ങളില്‍ നിന്ന്‍ താഴെയിറങ്ങാറുള്ളു.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെയും മദ്ധ്യാഫ്രിക്കയിലെയും കാടുകളിലാണ് കൊളോബസ് കുരങ്ങച്ചാരെ സാധാരണയായി കാണുന്നത്. ഇലഭക്ഷണം ഇഷ്ടപ്പെടുന്ന ഇവരുടെ വാസം പ്രധാനമായും നിറയെ ഇലകളുള്ള നിത്യഹരിതവനങ്ങളില്‍ ആണ്.
കൈകാലുകളില്‍ ‘തള്ളവിരല്‍’ ഇല്ല എന്നതാണ് ഈ വാനരന്മാരുടെ പ്രധാന പ്രത്യേകത.അഥവാ ഉണ്ടെങ്കില്‍ തീരെ ചെറുതുമായിരിക്കും.നീളം കൂടിയ മിനുത്ത രോമങ്ങള്‍ ആണ് കൊളോബസിനുള്ളത്. പക്ഷെ രോമങ്ങള്‍ ഇവരുടെ ജീവിതത്തിനു വലിയ ഭീഷണിയാണ്. രോമക്കുപ്പായങ്ങള്‍ ഉണ്ടാക്കാനായി പാവത്തന്മാരായ ഈ കുരങ്ങുകളെ മനുഷ്യര്‍ വേട്ടയാടുന്നു.
പല നാടുകളിലും കൊളോബസ് കുരങ്ങന്മാരുടെ രോമത്തിനു ധാരാളം ആവശ്യക്കാരുണ്ട്.
ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ ‘ഗ്യുറെസാ’ എന്നാണ് കൊളോബസ് കുരങ്ങുകളുടെ പേര്. ആകെ കൂടി പന്ത്രണ്ടോളം ഇനങ്ങളില്‍ പെട്ട കൊളോബസ് കുരങ്ങുകളുണ്ട്. കറുപ്പും വെളുപ്പും ഇടകലര്‍ന്നുള്ള നിറമാണ്‌ പൊതുവേ ഇവയുടെ രോമക്കുപ്പായത്തിന്. എന്നാല്‍ ചിലയിനങ്ങളില്‍ മറ്റു നിറങ്ങളും കാണാറുണ്ട്.
‘ബ്ലാക്ക് ആന്റ് വൈറ്റ് ഗ്യുറെസാ’ എന്ന ഇനത്തില്‍ നീണ്ടു മിനുത്ത കറുത്ത രോമങ്ങള്‍ ആണ് ശരീരത്തില്‍ പ്രധാനമായും കാണുന്നത്. മുഖവും കൈകാലുകളും കറുപ്പു നിറത്തില്‍ തന്നെ,എന്നാല്‍ മുഖത്തിന് ചുറ്റുമായും കഴുത്തിലേക്ക്‌ ഇറങ്ങിയും വെളുത്തു മിനുത്ത താടിരോമങ്ങളുണ്ട്.ഇത് ശരീരത്തില്‍ ഇരു ഭാഗത്തേക്കും നീണ്ടു നില്‍ക്കുന്നു. വാലില്‍ നീണ്ട വെളുത്ത രോമങ്ങളും ഉണ്ടാകാറുണ്ട്.ആകെക്കൂടി നോക്കിയാല്‍ കറുപ്പിലും വെളുപ്പിലുമായി വളരെ ഭംഗിയേറിയ രോമക്കുപ്പായം തന്നെ! അതിനാല്‍ ചില ഗോത്രവര്‍ഗ്ഗക്കാര്‍ ‘പടത്തൊപ്പികള്‍’ ഉണ്ടാക്കുന്നതിനു ഈ കുരങ്ങച്ചന്മാരുടെ രോമക്കുപ്പായം ഉപയോഗിക്കുന്നു. കൂടാതെ പരിച പൊതിയുന്നതിനും ഇതുപയോഗിക്കുന്നു.
വൈറ്റ് തൈയ്ഡ് ഗ്യുറെസാ എന്ന കൂട്ടരില്‍ ശരീരത്തിനിരുഭാഗത്തായുള്ള വെളുത്ത രോമപാളികള്‍ ഇല്ല. മുഖത്തിന് ചുറ്റുമായി വെളുത്ത താടിരോമങ്ങള്‍ മാത്രം.കാലുകളിലും വെള്ളിപോലെ തിളങ്ങുന്ന രോമങ്ങള്‍ പൊതിഞ്ഞിരിക്കും.
വെളുത്ത രോമങ്ങള്‍ ലേശം പോലുമില്ലാതെ ദേഹം മുഴുവന്‍ കറുപ്പു നിറം വാരി പൂശിയ പോലുള്ള കൊളോബസാണ് ബ്ലാക്ക് ഗ്യുറെസ. ഇവരുടെ തലയ്ക്ക് മുകളിലുള്ള കറുത്ത കുറ്റിരോമങ്ങള്‍ കണ്ടാല്‍ കിരീടം വച്ചതുപോലെ തോന്നും.
റെഡ് കൊളോബസ് എന്ന കുരങ്ങന്മാരിലാകട്ടെ ചുവന്ന രോമങ്ങളുണ്ട്. ഇവയുടെ ശരീരത്തിനടിഭാഗവും കവിളിനിരുഭാഗവും കൈകാലുകളും വാലും ചുവന്ന രോമങ്ങള്‍ പൊതിഞ്ഞതാണ്. ഒലിവ് കൊളോബസ് എന്നയിനത്തില്‍ പ്രധാനമായും ഇരുണ്ട പച്ച രോമങ്ങള്‍ കൊണ്ടാണ് കുപ്പായം ഉണ്ടാക്കിയിരിക്കുന്നത്.