EncyclopediaWild Life

കരിങ്കുരങ്ങ്

മരുന്നിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന ഒരു കുരങ്ങുണ്ട് നമ്മുടെ നാട്ടില്‍; തെക്കേന്ത്യയിലെ കാടുകളില്‍ മാത്രം കാണപ്പെടുന്ന’ കരിങ്കുരങ്ങ് എന്ന നീലഗിരി ലാംഗൂര്‍. തിളങ്ങുന്ന കരിംകറുപ്പ് കുപ്പായമാണ് ഇവയുടെ പ്രത്യേകത. തലയിലെ രോമങ്ങള്‍ ചെമ്പന്‍ നിറത്തിലായിരിക്കും. രണ്ടാരയടിയോളം നീളമുള്ള വാലുമുണ്ട്.

 മരക്കൊമ്പുകളില്‍,നീണ്ട വാല്‍ താഴേക്ക് തൂക്കിയിട്ടുള്ള ഇവയുടെ ഇരിപ്പ് രസമുള്ള ഒരു കാഴ്ചയാണ്. ഉയര്‍ന്ന മരക്കൊമ്പുകളിലൂടെ ഉന്നം തെറ്റാതെ ചാടി നീങ്ങാന്‍ ഇവയ്ക്കാകും.ഒന്നാന്തരം സര്‍ക്കസുകാര്‍ തന്നെ.

 തളിരിലകളും കൂമ്പും പൂക്കളും പൂമൊട്ടുകളും പഴങ്ങളും ഒക്കെയാണ് പ്രധാന ഭക്ഷണം.ഇവ തേടിയാണ് മരക്കൊമ്പുകളിലൂടെയുള്ള സഞ്ചാരം.രാവിലെ തന്നെ തീറ്റ തേടിയുള്ള യാത്ര തുടങ്ങും. ഇതിനിടെ ,കൂവുന്നത് പോലെ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നത് കേള്‍ക്കാം.

 ഇങ്ങനെ ഭക്ഷണം തേടി നടക്കുന്ന കരിങ്കുരങ്ങുകളുടെ ചെറുകൂട്ടങ്ങള്‍ പശ്ചിമഘട്ട മലനിരകളില്‍ പലയിടത്തും കാണാം. ഏഴെട്ടു പേരുണ്ടാകും ഒരു സംഘത്തില്‍. കാടിനോട്‌ അടുത്തു കിടക്കുന്ന കൃഷിഭൂമികളില്‍ ഇടയ്ക്കൊക്കെ ഇവ ആക്രമണം നടത്താറുണ്ട്‌.

 മുമ്പ് ഇതൊരു സാധാരണ കാഴ്ച ആയിരുന്നെങ്കില്‍ ഇന്ന് അപൂര്‍വ്വമായികൊണ്ടിരിക്കുകയാണ്. വേട്ടയാടല്‍ തന്നെയാണ് പ്രധാന പ്രശ്നം. കരിങ്കുരങ്ങുരസായനം പോലെയുള്ള മരുന്നുകള്‍ക്ക് വേണ്ടിയും മറ്റും ഇവയെ വേട്ടയാടുന്നു.

 പുല്‍മേടുകളും ചെറിയ നീരൊഴുക്കും വൃക്ഷങ്ങളും നിറഞ്ഞ ചോലക്കാടുകളുടെ നാശവും കരിങ്കുരങ്ങുകളുടെ നിലനില്‍പ്പിനു ഭീഷണിയായിട്ടുണ്ട്.