കോമണ്‍ ചിമ്പാന്‍സി
വലിയ തല, വിരിഞ്ഞ തോളുകള്‍, വണ്ണമുള്ള കഴുത്ത് ഇതൊക്കെയാണ് കോമണ്‍ ചിമ്പാന്‍സിയുടെ ലക്ഷണം. റോബസ്റ്റ് ചിമ്പാന്‍സി എന്നും ഇവയ്ക്കു പേരുണ്ട്, നല്ല കരുത്തന്മാരുമാണിവര്.
നേരെ നിവര്‍ന്നു നിന്നാല്‍ കോമണ്‍ ചിമ്പാന്‍സിയുടെ നീണ്ട കൈകള്‍ കാല്‍മുട്ടിനു താഴെവരെ എത്തും, ആണ്ചിമ്പാന്സിക്ക് 160 സെന്റിമീറ്റര്‍ വരെയാണ് ഉയരം, 40 മുതല്‍ 65 കിലോഗ്രാം വരെ ഭാരവും.
പെണ്ചിമ്പാന്സിക്ക് ആണുങ്ങളെക്കാള്‍ പൊക്കം കുറവായിരിക്കും,ഏതാണ്ട് 130 സെന്റിമീറ്റര്‍ വരെയാണ് പെണ്ചിമ്പാന്സികളുടെ പൊക്കം.26 മുതല്‍ 50കിലോഗ്രാം വരെ ഭാരമുണ്ടാവും, പക്ഷെ കരുത്തിന്റെ കാര്യത്തില്‍ പെണ്ചിമ്പാന്സിക്ക് 70 കിലോഗ്രാം ഭാരമുള്ള ഒരു മനുഷ്യനെ ഒറ്റക്കൈയില്‍ തൂക്കിയെടുക്കാന്‍ പറ്റും,
വിളറിയ മുഖവും കറുത്ത മുടിയുമാണ് കോമണ്‍ ചിമ്പാന്‍സിക്കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത്, വളരുന്തോറും’ മുഖം കറുക്കുകയും മുടി കടും തവിട്ടുനിറമാകുകയും ചെയ്യും, തലയിലെ മുടികള്‍ എല്ലാ വശത്തേക്കും നീണ്ടു വളരും,പ്രായമാകുമ്പോള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഇരുകൂട്ടരുടെയും മുടി കൊഴിഞ്ഞു കഷണ്ടിത്തലയാകും, അമ്പതു വയസുവരെയാണ് ഇവര്‍ക്ക് ആയുസ്.
ആഫ്രിക്കയിലെ വിവിധ ഭാഗങ്ങളിലുള്ള ചിമ്പാന്‍സികള്‍ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ട്.അതുകൊണ്ട് ശാസ്ത്രജ്ഞര്‍ അവയെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മുഖംമൂടിക്കാരന്‍ അല്ലെങ്കില്‍ വിളറിയ മുഖക്കാരന്‍, മധ്യആഫ്രിക്കക്കാരായ കറുപ്പുമുഖക്കാര്, കിഴക്കനാഫ്രിക്കയിലെ നീളന്‍ മുടിക്കാര്‍, നൈജീരിയയില്‍ നിന്നുള്ള പേരില്ലാക്കൂട്ടര്.
ഇടതൂര്‍ന്ന മഴക്കാടുകള്‍, മലമ്പ്രദേശങ്ങളിലെ കാടുകള്‍, പുല്‍മേടുകള്‍ എന്നിവിടങ്ങളിലൊക്കെ കോമണ്‍ ചിമ്പാന്‍സികളെ ധാരാളമായി കണ്ടുവരുന്നു.എന്നാല്‍ കോമണ്‍ ചിമ്പാന്‍സികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
അറുപതുകൊല്ലത്തിനു മുമ്പ് വരെ കോടികണക്കിന് ചിമ്പാന്‍സികളാണ് ആഫ്രിക്കന്‍ കാടുകളില്‍’ ഉണ്ടായിരുന്നത്,ഇന്ന് അവയുടെ സംഖ്യ വെറും രണ്ടു ലക്ഷത്തോളമായി കുറഞ്ഞിരിക്കുന്നു,
മധ്യ ആഫ്രിക്ക, കോംഗോ, കാമറൂണ്‍, ഗാബണ്‍ എന്നിവിടങ്ങളിലെ ഇപ്പോള്‍ കോമണ്‍ ചിമ്പാന്സികളുള്ളൂ, ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അവ മുഴുവനായി അപ്രത്യക്ഷമായിരിക്കുന്നു, കഴിഞ്ഞ പത്തിരുപതു വര്‍ഷം കൊണ്ടാണ് ഈ കുറവുണ്ടായത്.അത് വംശനാശത്തിലേക്ക് തന്നെ അവയെ കൊണ്ടെത്തിക്കുന്നു.
കൃഷിക്ക് വേണ്ടി കാട് വെട്ടിത്തെളിക്കുന്നതും കാട്ടിലെ മരങ്ങള്‍ വന്‍തോതില്‍ വെട്ടിയെടുക്കുന്നതും അവയുടെ താമസസ്ഥലങ്ങള്‍ ഇല്ലാതാക്കുന്നു.ഗവേഷണങ്ങള്‍ക്ക് വേണ്ടി ധാരാളം ചിമ്പാന്‍സിക്കുഞ്ഞുങ്ങളെ പിടികൂടുന്നുണ്ട്.അതുപോലെ ഇറച്ചിക്ക് വേണ്ടിയും ചിമ്പാന്‍സികളെ ധാരാളമായി കൊന്നൊടുക്കുന്നുണ്ട്, വീടുകളില്‍ വളര്‍ത്തുന്നതിനും രഹസ്യമായി ചിമ്പാന്‍സിക്കുഞ്ഞുങ്ങളെ പിടികൂടുന്നുണ്ട്.
നിരവധി പ്രതിസന്ധികളിലൂടെയാണ് ചിമ്പാന്‍സികളുടെ കാട്ടിലെ ജീവിതം കടന്നുപോകുന്നത്,ഭക്ഷണം തേടിപ്പിടിക്കുന്നതും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും സുരക്ഷിതമായി താമസിക്കാന്‍ സ്ഥലം കണ്ടെത്തുന്നതുമൊക്കെ ഓരോ കടമ്പകളാണ്.ഏറ്റവും പ്രധാനം ഭക്ഷണ൦ കണ്ടെത്താന്‍ തന്നെ.
പഴങ്ങളാണ് പ്രധാന ആഹാരം മഴക്കാടുകളിലെ ചെറിയ പ്രദേശത്തുള്ള ഫലവൃക്ഷങ്ങള്‍ തന്നെ ധാരാളം ചിമ്പാന്‍സികള്‍ തീറ്റയൊരുക്കാറുണ്ട്.
ഓരോ ചതുരശ്രകിലോമീറ്ററിലും അഞ്ചു ചിമ്പാന്സികള്ക്കുള്ള ആഹാരം ലഭിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.ഇത്തരം കാടുകളില്‍ പത്തു ചതുരശ്ര കിലോമീറ്റര്‍ സ്ഥലം മതിയാകും ഒരു കൂട്ടം ചിമ്പാന്‍സികള്‍ക്ക് സുഖമായി ജീവിക്കാന്‍.
എന്നാല്‍ വൃക്ഷങ്ങള്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ഒരു പറ്റം ചിമ്പാന്‍സികള്‍ക്ക് കഴിഞ്ഞുകൂടാന്‍ അമ്പത് ചതുരശ്ര കിലോമീറ്റര്‍ സ്ഥലം വരെ വേണ്ടിവരും.പുല്മേടുകളാണെങ്കില് ഇത് നൂറ്റമ്പത് ചതുരശ്ര കിലോമീറ്റര്‍ വരെയായി വര്‍ദ്ധിക്കും.
333 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു സംഘം ചിമ്പാന്‍സികള്‍ പാര്‍ക്കുന്നതാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ പ്രദേശം.
ഇത്തരം ഒരു സംഘത്തില്‍ മുപ്പത് ചിമ്പാന്‍സികളെ കാണാറുള്ളൂ! അതിനാല്‍ ഭക്ഷണം കുറഞ്ഞ സ്ഥലങ്ങളില്‍ പല പ്രദേശങ്ങളില്‍ അലഞ്ഞു തിരിഞ്ഞു ഭക്ഷണം സമ്പാദിക്കുന്ന ചിമ്പാന്സിക്കൂട്ടങ്ങളെയും കണ്ടുവരുന്നു.
400 ചതുരശ്രകിലോമീറ്റര്‍ വരെയുള്ള പ്രദേശത്ത് അവയിങ്ങനെ ചുറ്റിക്കറങ്ങും, പഴങ്ങള്‍ ധാരാളം കിട്ടുന്നിടത്തു മാത്രം താല്‍ക്കാലികമായി ദിവസങ്ങളോളം തങ്ങും.