EncyclopediaHistory

സ്വര്‍ണമെന്ന ഓള്‍റൌണ്ടര്‍

പുരാതനകാലം തൊട്ടെ വിലപിടിച്ച ലോഹമെന്ന് പേരെടുത്ത സ്വര്‍ണത്തിന് പണ്ടത്തെ മനുഷ്യന്‍ സ്വപ്നം പോലും കാണാത്ത ഉപയോഗങ്ങള്‍ ഇന്നുണ്ട്.ഒരു തരത്തില്‍ പറഞ്ഞാല്‍ ഭൂമിയില്‍ നിന്ന് ഇന്നോളം കുഴിച്ചെടുത്തിട്ടുള്ള ലോഹങ്ങളില്‍ ഏറ്റവുമധികം ഉപയോഗങ്ങള്‍ ഉള്ളത്, സ്വര്‍ണത്തിനാണ് വൈദ്യുതിയെ കടത്തിവിടുന്ന നാരുകളോ നേരിയ പാളികളോ ആക്കാവുന്ന ഉരുക്കി ഏതാകൃതിയിലേക്കും മാറ്റാവുന്ന സ്വര്‍ണം ഒരു ഓള്‍റൌണ്ടര്‍ ആണ്.
ആര്‍ക്കും ഏതവസരത്തിലും എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ പറ്റുന്നതിനാല്‍ എക്കാലവും സ്വര്‍ണത്തിന്‍റെ ഏറ്റവും വലിയ ഉപയോഗം കറന്‍സി എന്ന നിലയിലാണ് 1930-കള്‍ വരെ പല രാജ്യങ്ങളുടെയും നാണയമൂല്യത്തിന്‍റെ അളവുകോലായിരുന്നു സ്വര്‍ണം. ഗോള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ് എന്ന് ഇതറിയപ്പെടുന്നു.
ആഭരണനിര്‍മാണത്തിനാണ് എന്നും സ്വര്‍ണം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്, ആഭരണരംഗം കഴിഞ്ഞാല്‍ പിന്നെ വ്യവസായമേഖലയിലാണ് സ്വര്‍ണം ഏറ്റവുമധികം ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ഇലക്ട്രോണിക്സ് രംഗത്ത് പോക്കറ്റ് കാല്‍ക്കുലേറ്റര്‍ മുതല്‍ ശൂന്യാകാശ വാഹനം വരെയുള്ളവയുടെ നിര്‍മാണത്തിനു സ്വര്‍ണമുപയോഗിക്കുന്നു.
വസ്തുക്കളിലും പ്രതിമകളിലും കെട്ടിടങ്ങളിലുമൊക്കെ പൂശാനും ചിത്രകല, ശില്പകല, ഗ്ലാസ്സ് നിര്‍മാണം തുടങ്ങിയവയിലും സ്വര്‍ണം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മതാചാരങ്ങളിലും ആരാധനാലയങ്ങളിലും സ്വര്‍ണം വിശുദ്ധിയുടെയും ഐശ്വര്യത്തിന്റെയും അടയാളമാണ്. പണ്ടുകാലം തൊട്ടേ വൈദ്യശാസ്ത്രത്തിലും ദന്തചികിത്സക്കുമെല്ലാം സ്വര്‍ണം ഉപയോഗിച്ചുവരുന്നു.സ്വര്‍ണം ഉപയോഗിച്ചുള്ള ചികിത്സാവിധികള്‍ ആയുര്‍വേദത്തില്‍ ഉണ്ട്.
ആവശ്യം കൂടി വരികയും ലഭ്യത കുറയുകയും ചെയ്യുന്നതിനൊപ്പം പകരം വയ്ക്കാന്‍ മറ്റൊന്നും ഇല്ലാതെ വരികയും കൂടിയാകുമ്പോള്‍ സ്വര്‍ണത്തിന്റെ മൂല്യം ഇനിയും ഉയരുക തന്നെ ചെയ്യും.