സ്വര്‍ണം എന്ന മൂലകം
ഭൂമിയില്‍ കണ്ടുവരുന്ന മൂലകങ്ങളില്‍ ഏറ്റവും മനോഹരമായ സ്വര്‍ണം ഈ സൗന്ദര്യം തന്നെയാണ് സ്വര്‍ണത്തെ മനുഷ്യന് ഏറെ പ്രിയപ്പെട്ടതാക്കിയത്. സ്വര്‍ണത്തിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്ന മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ട്.
ലോകത്തിലെ ഏറ്റവും സാന്ദ്രതയേറിയ മൂലകങ്ങളിലൊന്നാണ് സ്വര്‍ണം. ഇതിനു ജലത്തെക്കാള്‍ 19 മടങ്ങ് സാന്ദ്രതയുണ്ട്. അതായത് ഒരു നിശ്ചിത വ്യാപ്തമുള്ള ഇരുമ്പിനേക്കാളും അലുമിനിയ ത്തേക്കാളുമൊക്കെ ഭാരമുണ്ടാകും അതേ വ്യാപ്തമുള്ള സ്വര്‍ണത്തിന് അതേ സമയം സ്വര്‍ണം വളരെ മൃദുവാണ്. വെറും ഒരു ഗ്രാം സ്വര്‍ണം കൊണ്ട് 1.6 കിലോമീറ്റര്‍ നീളമുള്ള സ്വര്‍ണക്കമ്പി ഉണ്ടാക്കാം. അതുപോലെ 0.000076 മില്ലിമീറ്റര്‍ മാത്രം കനമുള്ള ഷീറ്റുകളും സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയെടുക്കാം ഇത്ര സൂക്ഷ്മതയില്‍ പണിതെടുക്കാവുന്ന മറ്റൊരു ലോഹവും ലോകത്തിലില്ല. ഈ പ്രത്യേകത മൂലമാണ് സ്വര്‍ണം ലോകമെങ്ങുമുള്ള ആഭരണനിര്‍മാതാക്കളുടെ ഇഷ്ടലോഹമായത്.
വായുവില്‍ എത്രകാലം തുറന്നിരുന്നാലും നിറത്തിനോ തെളിച്ചത്തിനോ ഒരു കോട്ടവും സംഭവിക്കുന്നില്ല എന്നതാണ് സ്വര്‍ണത്തിന്‍റെ മറ്റൊരു സവിശേഷത, അത് തുരുമ്പെടുക്കുകയോ മറ്റ് രാസവസ്തുക്കളുമായി പ്രവര്‍ത്തിക്കുകയോ ചെയ്യില്ല. അതായത് സ്വര്‍ണമെന്ന തിളങ്ങുന്ന മഞ്ഞലോഹം എക്കാലവും ഒരേ ശോഭയോടെ നിലനില്‍ക്കും എന്നര്‍ത്ഥം. ഈ പ്രത്യേകത മൂലമാണ് പണ്ട് പല രാജ്യങ്ങളും നാണയങ്ങള്‍ നിര്‍മിക്കാനായി സ്വര്‍ണം ഉപയോഗിച്ചിരുന്നത്.
ആറ്റോമികസംഖ്യയുടെ അടിസ്ഥാനത്തില്‍ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്ന പീരിയോഡിക് ടേബിളില്‍ പതിനൊന്നാം ഗ്രൂപ്പില്‍ കോപ്പറിനും വെള്ളിയ്ക്കും താഴെയാണ് സ്വര്‍ണ്ണത്തിന്റെ സ്ഥാനം, ഇതിന്റെ അറ്റോമിക് നമ്പര്‍ 79, അറ്റോമിക് മാസ് 196.97, ചൂടിനേയും’ വൈദ്യുതിയെയയും കടത്തിവിടാന്‍ സ്വര്‍ണത്തിന് കഴിവുണ്ട്. സംക്രമണ മൂലകങ്ങള്‍ എന്ന വിഭാഗത്തിലാണ് സ്വര്‍ണം ഉള്‍പ്പെടുക. സ്വര്‍ണം, പ്ലാറ്റിനം, വെള്ളി തുടങ്ങിയ ലോഹങ്ങള്‍ ശ്രേഷ്ഠലോഹങ്ങള്‍ എന്നും അറിയപ്പെടുന്നു.