കിമ്മിനു പകരം കിം
ഒരു സമരത്തിലും പങ്കെടുക്കാത്ത മിളിട്ടറിയില്‍ ഒരിക്കല്‍ പോലും ശരിക്ക് പ്രവര്‍ത്തിക്കാത്ത ആള്‍ രാജ്യത്തലവനാകുക കിം ഇല്‍ സുങ്ങിന് ശേഷം ഉത്തര കൊറിയയില്‍ സംഭവിച്ചത് അതായിരുന്നു, കിം ഇല്‍ സുങ്ങിന്റെ മകന്‍ കിം ജോങ്ങ് ഇല്‍ ആണ് രാജ്യനേതൃത്വം ഏറ്റെടുത്തത്.
കിം ജോങ്ങ് ഇല്‍ രാജ്യത്തിനു ഗുണകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. അമേരിക്കയും ജപ്പാനും റഷ്യയും ദക്ഷിണ കൊറിയയും ഉത്തര കൊറിയയ്ക്ക് സഹായം വാഗ്ദാനം ചെയ്തു. വൈദ്യുതിക്ഷാമം പരിഹരിക്കാനുള്ള ലൈറ്റ് റിയാക്ടര്‍ നിര്‍മ്മിക്കാനായിരുന്നു ഈ സഹായം കിം ജോങ്ങ് ഇല്‍ ഇത് സമ്മതിച്ചു.
ഇതേ സമയം കിം ജോങ്ങ് ഇല്‍ രഹസ്യമായി ആണവായുധം നിര്‍മ്മിക്കുന്നുണ്ടായിരുന്നു. 1998-ല്‍ ജപ്പാന്‍റെ വ്യോമമേഖലയിലൂടെ റോക്കറ്റ് പറത്തി കിം പരീക്ഷണം നടത്തി. ഇതോടെ ഉത്തര കൊറിയയ്ക്ക് ആണവായുധനിര്‍മാണം ഉണ്ടെന്നു ലോകരാഷ്ട്രങ്ങള്‍ സംശയിക്കാന്‍ തുടങ്ങി, അവരെ സഹായിച്ചിരുന്ന പല രാജ്യങ്ങളും സഹകരണം അവസാനിപ്പിച്ചു.
തങ്ങളുടെ പക്കല്‍ ആണാവായുധം ഉണ്ടെന്നു 2005-ല്‍ കിം ജോങ്ങ് ഇല്‍ പരസ്യമായി പ്രഖ്യാപിച്ചു, 2006, 2009 വര്‍ഷങ്ങളില്‍ അദ്ദേഹം ആണവ പരീക്ഷണo നടത്തി. അണുബോംബ് കൈവശമുള്ള രാജ്യമെന്ന് ഉത്തരകൊറിയ അറിയപ്പെട്ടു തുടങ്ങി.
ആയുധനിര്‍മാണത്തിനും പട്ടാളപരിപാലനത്തിനും വന്‍തുക ചിലവഴിച്ചതോടെ ഉത്തര കൊറിയയിലെ വ്യവസായങ്ങളും മറ്റും തകര്‍ന്നു.വളം നിര്‍മ്മാണം നിലച്ചതോടെ കാര്‍ഷികമേഖല താറുമാറായി. അനേകമാളുകള്‍ പട്ടിണി മൂലം മരിച്ചു. ശിശു മരണങ്ങള്‍ കൂടി.
2009-ല്‍ രാജ്യത്തെ കറന്‍സി പരിഷ്കരിച്ചു.ഇതോടെ സാമ്പത്തിക നില താറുമാറായി.ഇതിനു പുറമെ പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളും ഉത്തരകൊറിയയെ വേട്ടയാടി.ദക്ഷിണ കൊറിയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഉത്തര കൊറിയയിലെക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും പണവും ഒഴുകി.
കിം ജോങ്ങ് ഇല്ലിനു കീഴില്‍ കൊറിയയുടെ വളര്‍ച്ച താഴേക്കായിരുന്നു, എന്നാല്‍ അധികൃതര്‍ ഇക്കാര്യം സമ്മതിക്കാന്‍ തയ്യാറായില്ല. തങ്ങളുടെ രാജ്യം സമൃദ്ധിയിലാണ് കഴിയുന്നതെന്നും എല്ലാ ജനങ്ങള്‍ക്കും വിദ്യാഭ്യാസവും ചികിത്സയുമൊക്കെ സൗജന്യമാണെന്നും ഉത്തര കൊറിയന്‍ മ മാധ്യമങ്ങള്‍ പുറംലോകത്തെ അറിയിച്ചുകൊണ്ടിരുന്നു.
ക്രൂരമായ’ ഭരണമായിരുന്നു കിം ജോങ്ങ് ഇല്ലിന്റെത്, തെറ്റുകള്‍ ചൂണ്ടിക്കാട്ടിയവരെ രാജ്യദ്രോഹികളാക്കി തടവിലിട്ടു. ഹ്യുമന്‍ റൈറ്റ് വാച്ച് , ആംനെസ്റ്റിഇന്‍റര്‍നാഷണല്‍ എന്നീ സംഘടനകള്‍ ഒക്കെ കിമ്മിന്റെ ക്രൂരതകള്‍ക്കെതിരെ രംഗത്തെത്തി. ഐക്യരാഷ്ട്രസംഘടന പോലും ഉത്തര കൊറിയയിലെ മനുഷ്യദ്രോഹത്തെ എതിര്‍ത്തു.
17 വര്‍ഷത്തെ ക്രൂരഭരണത്തിനൊടുവില്‍ 2011-ല്‍ കിം ജോങ്ങ് ഇല്‍ അന്തരിച്ചു ,മകനായ കിം ജോങ്ങ് ഉന്‍ ആണ് പിന്നീറ്റ് അധികാരമേറ്റത്.