EncyclopediaSpace

ഓസോണ്‍ പാളി എന്നാല്‍ എന്ത്?

വെളുത്തുള്ളിയുടെ മണമുള്ള നീല നിറത്തിലുള്ള ഒരു വാതകമാണ് ഓസോണ്‍. ഇടിമിന്നലുണ്ടാകുമ്പോള്‍ വായുവില്‍ ഓക്സിജനോടൊപ്പം ഇവ കാണപ്പെടുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്നപ്രദേശങ്ങളിലും വളരെ വലിയ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവയുടെ സമീപത്തും ഓസോണ്‍ വാതകം കാണപ്പെടുന്നു.ഓസോണ്‍ ശക്തിയേറിയ ഒരു ഓക്സീകാരിയാണ്. പ്ലാറ്റിനവും, സ്വര്‍ണ്ണവുമൊഴികെ എല്ലാ ലോഹങ്ങളെയും ഓക്സീകരിക്കാന്‍ അതിന് കഴിയുന്നു.
ഓസോണ്‍ നല്ലൊരു ശുദ്ധീകരണവസ്തുവും , അനുനാശിനിയും, ദുര്‍ഗന്ധനാശകവസ്തുവും, വസ്ത്രങ്ങളെ വൃത്തിയാക്കുന്ന വസ്തുവുമാണ്.കുടിക്കുവാനുള്ള ജലത്തിലേയും നീന്തുവാനുള്ള ജലത്തിലേയും രോഗാണുക്കളെ നശിപ്പിക്കുന്നതിനാണ് ഓസോണ്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. ആഹാരം സൂക്ഷിച്ചു വയ്ക്കുന്നതിനും. കടലാസ് വൃത്തിയാക്കുന്നതിനും മരുന്നുകളും സുഗന്ധവസ്തുക്കളും ഉണ്ടാക്കുന്നതിലും ഓസോണ്‍ ഉപയോഗിക്കുന്നു,
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 16 മുതല്‍ 48 വരെ കിലോമീറ്റര്‍ മുകളിലായാണ് ഓസോണ്‍ പാളി വ്യാപിച്ചിരിക്കുന്നത്. സൂര്യപ്രകാശത്തിലുള്ള അപകടകരമായ അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്നത് ഓസോണ്‍ പാളിയാണ്.ഓസോണ്‍ പാളിയ്ക്ക് കുറവ് സംഭവിക്കുകയോ എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടാകുകയോ ചെയ്യ്താല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയിലേക്ക് കടക്കുന്നു.അത് ഭൂമിയെ ചൂടാക്കുകയും കാലാവസ്ഥക്ക് വ്യതിയാനം വരുത്തുകയും പല രോഗങ്ങള്‍ ഉണ്ടാക്കുകയും സസ്യങ്ങളുടെ വളര്‍ച്ച വ്യത്യാസപ്പെടുത്തുകയും ചെയ്യും.