ചെടികളില്‍ മാംസഭുക്കുകളുണ്ടോ?
ചെടികള്‍ പൊതുവെ മാംസഭുക്കുകളല്ല, എന്നാല്‍ അപൂര്‍വ്വം ചെടികള്‍ മാംസഭുക്കുകളാണ്. പാത്രച്ചെടി, സണ്‍ഡ്യൂ, വീനസ് ഫ്ളൈട്രാപ്പ്, നെപ്പന്തസ് മിറാബിലിസ് തുടങ്ങിയ ചെടികളാണ് നരഭോജികളെന്നറിയപ്പെടുന്നവ.
സാധാരണ സസ്യങ്ങള്‍ വേരുകള്‍ വഴി മണ്ണില്‍ നിന്നും വെള്ളവും പോഷകങ്ങളും വലിച്ചെടുത്ത് ഇലകളില്‍ നടക്കുന്ന പ്രകാശസംശ്ലേഷണത്തിലൂടെ ആവശ്യമായ ആഹാരം നിര്‍മ്മിക്കുന്നു. ഇതിനാവശ്യമായ വളരെ പ്രധാനപ്പെട്ട പോഷകമാണ് നൈട്രജന്‍ , മണ്ണിലെ ബാകടീരിയകള്‍ അന്തരീക്ഷത്തിലെ നൈട്രജനെ നൈട്രേറ്റുകളാക്കി മാറ്റുന്നു. ഈ നൈട്രേറ്റുകളെ വേരുകള്‍ വളരെ എളുപ്പത്തില്‍ വലിച്ചെടുക്കുന്നു.
അമ്ലത കൂടുതലുള്ളതോ, വെള്ളക്കെട്ടുള്ളതോ ആയ മണ്ണില്‍ ബാക്ടീരിയങ്ങളോ അവര്‍ സൃഷ്ടിക്കുന്ന നൈട്രേറ്റുകളോ ഉണ്ടായെന്നു വരില്ല. ഇവിടങ്ങളില്‍ വളരുന്ന സസ്യങ്ങള്‍ നൈട്രജന്റെ അഭാവം മൂലം ഇലകള്‍ മഞ്ഞിച്ച് പ്രകാശസംശ്ലേഷണo നടക്കാതെ നശിച്ചു പോകുന്നു. ഈ അവസ്ഥയെ അതിജീവിക്കുന്നതിനായാണ് ചിലതരം ചെടികള്‍ പ്രാണികളെ ഭക്ഷിക്കുന്നവയായി പരിണമിച്ചത്. പ്രാണികളുടെ ശരീരത്തില്‍ ധാരാളം നൈട്രജനുണ്ട്.പ്രാണികള്‍ ഭക്ഷിക്കുന്നതിനാല്‍ ഈ സസ്യങ്ങളില്‍ നൈട്രജന്റെ കുറവ് പരിഹരിക്കപ്പെടുന്നു.