മണ്ണിര നല്ലൊരു വളമാണെന്ന് പറയുന്നത് എന്തുകൊണ്ട്?
മണ്ണിരകള്‍ ഈര്‍പ്പമുള്ള മണ്ണിലാണ് കണ്ടുവരുന്നത്. ത്വക്കിലൂടെ ശ്വസിക്കുന്ന ഇവയ്ക്ക് വാതകങ്ങളുടെ വിനിമയം എളുപ്പമാകുന്നതിനു തന്റെ ത്വക്ക് വളരെ ലോലമായിരിക്കേണ്ടതുണ്ട്. വരണ്ട മണ്ണില്‍ കിടക്കുകയോ വായുവുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ മണ്ണിരയുടെ ശരീരത്തിലെ ജലം നഷ്ടപ്പെട്ട് അവ ചത്തുപോകുന്നു. ഈര്‍പ്പമുള്ള മണ്ണാണ് മണ്ണിരക്ക് പഥ്യം.
മണ്ണിര ആഹാരം സമ്പാദിക്കുന്ന രീതി വിചിത്രമാണ്. മണ്ണിലെ ജൈവാവശിഷ്ടങ്ങളും ബാക്ടീരിയെയും മറ്റുമാണ് മണ്ണിരയുടെ ആഹാരം ,മണ്ണിര എപ്പോഴും മണ്ണുതുരന്നു കൊണ്ടിരിക്കും. അതിനിടയില്‍ അല്പാല്പം മണ്ണു അകത്താക്കുകയും ചെയ്യും. മണ്ണിലെ ജലാംശയങ്ങള്‍ വലിച്ചെടുത്ത് അവശേഷിക്കുന്നത് വിസര്‍ജ്ജിക്കുന്നു.
സാധാരണഗതിയില്‍ മണ്ണിരകളുടെ നീളം പതിനഞ്ചു സെന്റിമീറ്ററാണു. ചില ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ രണ്ടു മീറ്റര്‍ വരെ നീളമുള്ള മണ്ണിരകളെ കാണുന്നുണ്ട്.
മണ്ണിരയ്ക്ക് വളരെ കട്ടിയുള്ള മണ്ണിനടിയിലേക്ക് പോലും തുരന്നു പോകാനാകും മണ്ണു തുരക്കാന്‍ പ്രത്യേക അവയവങ്ങളൊന്നും ഇവയ്ക്കില്ല. ശരീരപേശികള്‍ തുടര്‍ച്ചയായി വികസിപ്പിച്ചും ചുരുക്കിയുമാണ് അവ മണ്ണ് തുരക്കുന്നത്. പേശികളുടെ സങ്കോചവികാസങ്ങള്‍ മൂലം ലഭിക്കുന്ന ശക്തി ഉപയോഗിച്ച് അത് തല മണ്ണിലേക്ക് ആഴ്ത്തി മുന്നോട്ട് നീങ്ങുന്നു.
മണ്ണിര വിസര്‍ജ്ജിക്കുന്ന മണ്ണ് പോഷകസമൃദ്ധമാണ്, കൃഷിസ്ഥലങ്ങളില്‍ മണ്ണിര മനുഷ്യന് ഉപകാരിയാകുന്നതങ്ങനെയാണ്.