കുന്നുകയറുന്നത് കുന്നിറങ്ങുന്നതിനേക്കാള്‍ പ്രയാസമാണ് എന്തുകൊണ്ട്?
ഭൂമി എല്ലാ വസ്തുക്കളേയും അതിന്‍റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലമാണ് ഇതിനു കാരണം, നമ്മള്‍ ഭൗമോപരിതലത്തില്‍ നിന്നും അകന്നു പോകുമ്പോള്‍ ഗുരുത്വബലത്തെ മറികടക്കാന്‍ നമുക്ക് കൂടുതല്‍ യത്നം ആവശ്യമായി വരുന്നു, നേരെ മറിച്ച് നാം ഭൂകേന്ദ്രത്തിലേക്ക് വരുമ്പോള്‍, അതായത് കുന്നിറങ്ങുമ്പോഴും മറ്റും, ഗുരുത്വാകര്‍ഷണബലം നമ്മുടെ ചലനദിശയിലായതിനാല്‍ നമ്മള്‍ കൂടുതല്‍ ആയാസപ്പെടുന്നില്ലെന്നു മാത്രമല്ല, നമ്മുടെ ചലനം കൂടുതല്‍ എളുപ്പമാകുന്നുതാനും. നാം കുന്നുകയറുമ്പോള്‍ നമ്മുടെ ശരീരത്തിന്‍റെ ഭാരം കൂടി, ഗുരുത്വാകര്‍ഷണത്തിന് എതിരെ വഹിച്ചുക്കൊണ്ടു പോകുന്നതിനാല്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടി വരുന്നു. എന്നാല്‍ നിരപ്പായ സ്ഥലത്ത് ഈ ആയാസം വേണ്ടിവരുന്നില്ല.
കുന്നുകയറുമ്പോള്‍ ശരീരപേശികള്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഇതിലേക്ക് ഹൃദയം കൂടുതല്‍ രക്തം പമ്പ് ചെയ്യണം. തല്‍ഫലമായി രക്തത്തില്‍ നിന്നും കാര്‍ബണ്‍ഡൈഓക്സൈഡിനെ മാറ്റി, ഓക്സിജന്‍ നല്‍കാന്‍ ശ്വാസകോശങ്ങള്‍ അധികജോലി ചെയ്യണം. ഈ പ്രവര്‍ത്തനപരമ്പരകളുടെ ആകെത്തുകയാണ്. കുന്നുകയറുമ്പോള്‍ നാം ക്ഷീണിക്കുന്നതും വേഗം വേഗം ശ്വാസം എടുക്കുന്നതും.