സൈക്കിള്‍
നാം ഇന്നു കാണുന്ന സൈക്കിളിനോടു സാമ്യമുള്ള ഒരു വാഹനം കണ്ടുപിടിച്ചത് 1816ല്‍ ഫ്രാന്‍സിലെ ജോസഫ് നയിപ്സെയാണ്.ഒന്നിനു പിറകില്‍ മറ്റൊന്ന് എന്ന രീതിയില്‍ രണ്ടു വീലുകള്‍ ചേര്‍ന്ന ഒരു വാഹനമായിരുന്നു അത്.രണ്ടു വീലുകളെയും ഒരു തണ്ട്കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.മുന്‍ചക്രം ഉറപ്പിക്കപ്പെട്ടനിലയിലായിരുന്നതിനാല്‍ വളവുകളില്‍ തിരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.സൈക്കിളില്‍ പെഡലുകള്‍ ഇല്ലാത്തതിനാല്‍ മരത്തണ്ടയിലിരുന്നു കാലുകള്‍ തറയില്‍ കുത്തി മുന്നോട്ട് ശക്തിയായി ഉരുട്ടണമായിരുന്നു ഈ സൈക്കിളിനെ സെലിറിപീഡ് എന്നു വിളിച്ചു.വേഗത്തില്‍ നടക്കുന്നവന്‍ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
സെലിറിപീഡിന് കൈപ്പിടികളും നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും കൂട്ടിച്ചേര്‍ത്ത് ജര്‍മന്‍കാരനായ ബാരോണ്‍ ഫോണ്‍ഡ്രയിസ് ദേ സൗവര്‍ബ്രണ്‍ ഇതിനെ പരിഷ്കരിച്ചു.ഈ വാഹനം പെട്ടെന്ന് പ്രശസ്തിനേടി.പക്ഷേ , യാത്ര സുഗമമായിരുന്നില്ല.
തുടര്‍ന്ന് ഈ വാഹനം നിരവധി തവണ പരിഷ്കാരങ്ങള്‍ക്കു വിധേയമായി 1839ല്‍ സ്കോട്ലണ്ടുകാരനായ ക്രിക്ക് പാട്രിക്ക് മാക്മില്ലന്‍ പിന്‍ചക്രം കറക്കാനുള്ള ഒരു ക്രാങ്കും പെഡലുകളും ഘടിപ്പിച്ചു.അങ്ങനെ തറയില്‍ ശക്തിയായി കാലമര്‍ത്താതെ സൈക്കിളിനെ ചലിപ്പിക്കാന്‍ കഴിഞ്ഞു.ഇന്ന് നാം കാണുന്ന നിലയിലുള്ള സൈക്കിളിന്‍റെ നിര്‍മ്മാതാവ് ക്രിക്ക് പാട്രിക്ക് മാക്മില്ലന്‍ ആണെന്നു പറയാം.ഇദ്ദേഹത്തിന്‍റെ സൈക്കിളിന്‍റെ പെഡല്‍ മുന്നോട്ടും പിറകോട്ടും മാത്രമേ ചലിക്കുകയുള്ളൂ.ഇന്നത്തെ സൈക്കിളുകളുടെ പെഡല്‍ വൃത്തത്തില്‍ കറങ്ങിത്തിരിയും.
പെഡലിനെ വൃത്തത്തില്‍ കറങ്ങിത്തിരിയാന്‍ സഹായിച്ചത് റോട്ടറി ക്രാങ്കിന്റെ കണ്ടുപിടിത്തമാണ്.1861ല്‍ ഏണസ്റ്റ് മിച്ചക്സ് എന്ന ഫ്രഞ്ചുകാരനാണ് ഇത് കണ്ടുപിടിച്ചത്.ഇദ്ദേഹത്തിന്‍റെ സൈക്കിളിന്‍റെ പെഡല്‍ ബേബിസൈക്കിളിലേതുപോലെ മുന്‍ചക്രത്തില്‍ ഘടിപ്പിക്കപ്പെട്ടവയായിരുന്നു.തടിചക്രങ്ങളില്‍ ലോഹറിമ്മുകളും ഘടിപ്പിച്ചിരുന്നു.
സേഫ്റ്റി സൈക്കിള്‍ കണ്ടുപിടിച്ചത് 1879ല്‍ ഹെത്റിലാസണ്‍ എന്ന ഇംഗ്ലീഷ് എഞ്ചിനീയറാണു.1885ല്‍ ബ്രിട്ടീഷുകാരനായ ജോണ്‍ സ്റ്റാര്‍ലി ആധുനിക സൈക്കിള്‍ നിര്‍മ്മിച്ചെടുത്തു.മൂന്നു കൊല്ലം പിന്നിട്ടപ്പോള്‍ സൈക്കിളിന് വീണ്ടും പരിഷ്കാരം വന്നു.ജോണ്‍ബോയ്സ് ഡണ്‍ലപ്പ് കാറ്റ് നിറയ്ക്കാവുന്ന ടയറുകള്‍ സൈക്കിളില്‍ ഘടിപ്പിച്ചു.സൈക്കിളില്‍ ബ്രേക്ക് ഘടിപ്പിച്ചതും ഇദ്ദേഹം തന്നെ.ഇപ്പോള്‍ ഗിയറുകളുള്ള സൈക്കിളും പ്രചാരത്തിലുണ്ട്.