സ്വര്‍ണ്ണം
അമൂല്യമായ ലോഹങ്ങളില്‍ ഒന്നാണ് സ്വര്‍ണം.തിളങ്ങുന്ന മഞ്ഞനിറമുള്ള ഈ ലോഹമൂലകം ചരിത്രാതീതകാലം മുതല്‍ മനുഷ്യനെ ആകര്‍ഷിച്ചിരുന്നു.കമ്പിയാക്കാനോ അടിച്ചുപരത്താനോ ഏറ്റവും എളുപ്പമുള്ളതും നല്ല താപവൈദ്യുത ചാലകതയുള്ളതുമായ ഈ മൂലക൦ തുരുമ്പെടുക്കുകയോ നിറം മങ്ങുകയോ ചെയ്യാത്തതുമാണ്.തേയ്മാനക്കുറവ്,അന്യപദാര്ഥങ്ങളോടുള്ള നിഷ്ക്രിയത,പ്രകൃതിയില്‍ സ്വതന്ത്രമായി കാണപ്പെടുന്ന അവസ്ഥ എന്നീ കാരണങ്ങള്‍മൂലം പുരാതനകാലം മുതല്ക്കു തന്നെ മനുഷ്യര്‍ ഈ ലോഹം ഉപയോഗിച്ചിരുന്നു.
ഈജിപ്തില്‍ ചില ശിലായുഗ സ്മാരകസ്തൂപങ്ങളില് നിന്നും പഴയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.ക്രിസ്തുവിന് 2600 വര്‍ഷം മുമ്പുതന്നെ സ്വര്‍ണ്ണം ഉപയോഗിച്ചുള്ള ആഭരണ നിര്‍മ്മാണ വിദ്യ മനുഷ്യന് വശമാക്കിയിരുന്നുവെന്നതിനു തെളിവ് ലഭിച്ചിട്ടുണ്ട്.അതിനാല്‍ അക്കാലത്ത് തന്നെ ഖനനവും തുടങ്ങിയിരിക്കണം.
ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വിവിധ അളവുകളിലാണെങ്കിലും സ്വര്‍ണത്തിന്റെ സാന്നിധ്യമുണ്ട്.സാധാരണയായി വെള്ളി,ചെമ്പ്,പ്ലാറ്റിനം എന്നീ ലോഹങ്ങളുടെ കൂടെ സ്വതന്ത്രമായാണ് സ്വര്‍ണ്ണം കാണപ്പെടുന്നത്.ലോകത്തുള്ള സ്വര്‍ണത്തിന്റെ 60 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഖനനം ചെയ്തെടുക്കുന്നത്.അമേരിക്കയിലും റഷ്യയിലും ഇത് 12 ശതമാനം വീതമാണ്.ഇന്ത്യയില്‍ കോലാര്‍ ഖനികളില്‍ പ്രതിമാസം ശരാശരി 800 ഗ്രാം സ്വര്‍ണം ഉല്പാദിപ്പിക്കുന്നുണ്ട്.
അമാല്ഗമേറ്റര് പ്രക്രിയ,സയനൈഡ് പ്രക്രിയ എന്നീ ക്രിയാവിധികളാണ് സ്വര്‍ണ നിഷ്ക൪ഷണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്.ഇങ്ങനെ ലഭിക്കുന്ന സ്വര്ണഅയിരുകളില് സാധാരണയായി വെള്ളി അടങ്ങിയിരിക്കുന്നത്കൊണ്ടും അവയുടെ ഗുണധര്‍മ്മങ്ങളില്‍ സാമ്യം ഉള്ളതുകൊണ്ടും അവ ശുദ്ധമായിരിക്കുകയില്ല.അതിനാല്‍ സ്വര്‍ണത്തെ ശുദ്ധീകരണ പ്രക്രിയക്കു വിധേയമാക്കിയാണ് ഉപയോഗിക്കുന്നത്.
ആഭരണങ്ങളുണ്ടാക്കാന്‍ വെള്ളിയോ കോപ്പറോ കൂട്ടിച്ചേര്‍ത്ത സങ്കരലോഹത്തിന്റെ രൂപത്തിലാണ് സ്വര്‍ണം ഉപയോഗിക്കുന്നത്.ഒരു വസ്തുവിലുള്ള സ്വര്‍ണ്ണത്തിന്റെ അളവ് സൂചിപ്പിക്കാനുപയോഗിക്കുന്ന യൂണിറ്റാണ് കാരറ്റ്.24 കാരറ്റ് സ്വര്‍ണമെന്നു പറഞ്ഞാല്‍ ശുദ്ധമായ സ്വര്‍ണമാണെന്നാണ് അര്‍ഥം.
ഇന്നേ വരെ ഖനനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ണത്തിന്റെ 60 ശതമാനവും സര്‍ക്കാരിന്റെയും കേന്ദ്രബാങ്കുകളുടെയും ഭദ്രമായ സംരക്ഷണത്തിലാണ്.കാരണം എക്കാലത്തും നാണ്യവ്യവസ്ഥയുടെ അടിസ്ഥാനമാക്കി കരുതിയിരിക്കുന്നത് സ്വര്‍ണത്തെയാണ്.
സ്വര്‍ണത്തിന്റെ ഉരുകല്‍നില 1063ഡിഗ്രി സെല്‍ഷ്യസും തിളനില 2966ഡിഗ്രി സെല്‍ഷ്യസിലും ആണ്.ഇത് അക്വാറിയജിയ ഒഴികെ ഒരമ്ലത്തിലും ലയിക്കുകയില്ല.മൂന്നു ഭാഗം ഗാഡഹൈഡ്രോക്ലോറിക്കമ്ലവും ഒരു ഭാഗം ഗാഡനൈട്രിക്കമ്ലവും ചേര്‍ന്നതാണ് അക്വറീജിയ.