EncyclopediaSnakesWild Life

മൂര്‍ഖന്‍

വിഷപാമ്പുകളുടെ വര്‍ഗ്ഗത്തില്‍ ഏറ്റവും പ്രധാനിയായി അറിയപ്പെടുന്ന ഒരു ഇനം ആണ് മൂര്‍ഖന്‍ അഥവാ സര്‍പ്പം.നമ്മുടെ നാട്ടിന്‍ പ്രദേശത്ത് സര്‍വ്വസാധാരണയായി കണ്ടുവരുന്ന ഒരു ഇനം പാമ്പാണ് മൂര്‍ഖന്മാര്‍.പണ്ടു കാലങ്ങളില്‍ മകുടി ഊതി പാമ്പുകളെ കൊണ്ട് നൃത്തം ചെയ്യിച്ചിരുന്ന പാമ്പാട്ടിമാരുടെ പക്കല്‍ മിക്കവാറും കണ്ടുവരുന്ന ഒരു ഇനമായിരുന്നു മൂര്‍ഖന്‍. എന്നാല്‍ ഇപ്പോഴുള്ള കര്‍ശനമായ നിയമം പാമ്പാട്ടിമാരുടെ സാന്നിധ്യം നമ്മുടെ നാടുകളില്‍ നിന്നും ഇല്ലാതാക്കി.പുല്ലാനി, നല്ല പാമ്പ്‌, പത്തിക്കാരന്‍, എന്നീ പേരുകളില്‍ മൂര്‍ഖന്‍ പാമ്പുകളെ നമ്മുടെ നാട്ടില്‍ അറിയപ്പെടാറുണ്ട്.പാമ്പിന്‍ വിഷത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തിനു വളരെയേറെ അര്‍ഹതയുള്ള ഒരു ഇനമാണ് ഈ കൂട്ടര്‍,സാധാരണയായി ഇവയ്ക്ക് ഒരു മീറ്റര്‍ നീളവും കൈതണ്ടയുടെ വണ്ണവുമാണ് ഉണ്ടാകാറുള്ളത്.
മൂര്‍ഖന്‍ പാമ്പുകള്‍ മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളില്‍ കണ്ടുവരാറുണ്ട്.ഇവയുടെ ഈ നിറ വ്യത്യാസം ശത്രുക്കളില്‍ നിന്നുള്ള സ്വയരക്ഷയായി പരിസ്ഥിതിക്ക് അനുസരിച്ചാണ് വരുന്നത്.സാധാരണയായി കുറ്റികാടുകളില്‍ കണ്ടുവരുന്നവയ്ക്ക് കറുപ്പ് നിറവും പുല്‍പ്രദേശങ്ങളില്‍ കണ്ടുവരുന്നവ മഞ്ഞ നിറത്തിലും കാണപ്പെടുന്നു.ഈ നിറ വ്യതാസം ഇവയുടെ നിലനില്‍പ്പിന്റെ ഒരു പ്രശ്നവുമാണെന്ന് വ്യാഖ്യാനവും ഉണ്ട്.കീരി,പരുന്ത്,കഴുകന്മാര്‍ ഇവയുടെ പ്രധാന എതിരാളികളാണ്.മൂര്‍ഖന്മാരെ നമുക്ക് വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നത് ഇവയുടെ ഫണത്തിലൂടെയാണ്.പാമ്പുകളുടെ കൂട്ടത്തില്‍ മൂര്‍ഖന്റെ ഫണം എടുത്തു പറയേണ്ടവയാണ്.മൂര്‍ഖന്റെ ഫണം റൗണ്ട് ആകൃതിയും, കൂടാതെ പത്തിയുടെ മുന്‍ഭാഗത്ത് രണ്ട് കറുത്ത പൊട്ടുകളും പിന്‍ഭാഗത്ത് രണ്ട് കറുത്ത പൊട്ടുകളും ഒരു വലയത്തില്‍ ബന്ധിപ്പിക്കും വിധം കാണപ്പെടുന്നു.ഇത് ഒരു കണ്ണടയുടെ അടയാളത്തിലിരിക്കും. വാരിയെല്ലുകള്‍ വികസിപ്പിച്ചാണ് ഇവ ഫണം വിടര്‍ത്തുന്നത്.ഫണം വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനെ എത്ര ധൈര്യമുള്ളവര്‍ പോലും ഒന്ന് നോക്കിപോകും,കാരണം ഈ രംഗം കാണുവാന്‍ അത്ര ഭംഗിയാണ്.ഫണം വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ ഒരു പ്രത്യേക തരo ശബ്ദം പുറപ്പെടുവിക്കാറുണ്ട്.
ഫണം വിടര്‍ത്തുന്നത് ശത്രുക്കളെ ഒന്നു ഭയപ്പെടുത്തുവാനുള്ള മൂര്‍ഖന്റെ തന്ത്രമാണ്.ഈ തരത്തിലുള്ള മൂര്‍ഖനെ കൂടാതെ തെക്കേ ഇന്ത്യയില്‍ കണ്ടുവരുന്ന മൂര്‍ഖന്മാര്‍ കറുത്ത നിറത്തിലുള്ളവയാണ്.ഇവയെ കരിനാഗം എന്നാണ് അറിയപ്പെടുന്നത്.ഇവയുടെ ഫണത്തില്‍ യാതൊരു അടയാളവും ഉണ്ടാകില്ല.കൂടാതെ ഉത്തരേന്ത്യയുടെ പൂര്‍വ്വ പ്രദേശങ്ങളില്‍ കാണപ്പെടുന്ന മൂര്‍ഖന്മാര്‍ മഞ്ഞ,ഓറഞ്ച് നിറങ്ങളിലുള്ളവ ആയിരിക്കും.ഇവയുടെ ഫണത്തില്‍ വട്ടത്തിലൊരു വലിയ പൊട്ടുമാത്രമേ കാണാറുള്ളു.ഈ മൂന്നു തരത്തിലുള്ള മൂര്ഖന്മാരിലും ശാരീരികമായുള്ള അല്‍പസ്വല്പ്പ വ്യത്യാസം ഉണ്ട് എന്നല്ലാതെ ജീവിതചര്യകള്‍,ഭക്ഷണം,വിഷശക്തി എന്നീ കാര്യങ്ങളില്‍ യാതൊരു വിധ വ്യത്യാസവും ഉണ്ടാവില്ല.മനുഷ്യ വാസം തീരെ ഇഷ്ടപ്പെടാത്ത മൂര്‍ഖന്മാര്‍ മനുഷ്യരെ കാണുമ്പോള്‍ ഓടി രക്ഷപ്പെടുകയാണ് ചെയ്യുക.പൊതുവെയുള്ള ഇവയുടെ വാസ കേന്ദ്രങ്ങള്‍ നെല്‍പ്പാടങ്ങള്‍,പാറക്കൂട്ടങ്ങള്‍,കാട്ടുപ്രദേശങ്ങള്‍,റബര്‍ തോട്ടങ്ങള്‍ തുടങ്ങിയവയാണ്. സാധാരണയായി മൂര്‍ഖന്മാര്‍ രാത്രിയിലും പകലും ഇര തേടി ഇറങ്ങാറുണ്ട്.ഇവരുടെ ഇഷ്ട ആഹാരം തവള, എലി, ഓന്ത് തുടങ്ങിയവയാണ്.ചില സാഹചര്യങ്ങളില്‍ ഇവ മറ്റു പാമ്പുകളെയും ഇരയാക്കാറുണ്ട്.മൂര്‍ഖന്മാര്‍ ജനുവരി മാസങ്ങളിലാണ് ഇണ ചേരുന്നത്.ഏപ്രില്‍ , മാര്‍ച്ച് മാസങ്ങളില്‍ മുട്ടയിടാന്‍ ആരംഭിക്കുന്നു.ഒരേ സമയം 15 മുതല്‍ 30 വരെ മുട്ടകള്‍ ഇടാറുണ്ട്.രണ്ടു മാസം അടയിരുന്നാണ് മുട്ട വിരിയിക്കുന്നത്.

     മൂര്‍ഖന്റെ വിഷം വളരെ ശക്തിയേറിയതും മനുഷ്യശരീരത്തിലൂടെ നാഡിവ്യൂഹത്തെ ബാധിക്കുന്നതുമാണ്.ഇതിലൂടെ നമ്മുടെ ഞരമ്പുകളെ തളര്‍ത്തുകയും രക്തം കട്ടപിടിക്കുകയും ചെയ്യുന്നു.ആയതിനാല്‍ മൂര്‍ഖന്റെ വിഷമേറ്റയാളെ ഉടനടി ചികിത്സക്ക് വിധേയനാക്കിയില്ലെങ്കില്‍ മരണം തന്നെ സംഭവിക്കുന്നു.ഇന്ന് മൂര്‍ഖന്റെ വിഷത്തിനു പ്രതിമരുന്ന് ലഭ്യമാണ്.