തീവണ്ടിയില്‍ ഗിയര്‍ ബോക്സ് ഇല്ലാത്തത് എന്തുകൊണ്ട്??
എല്ലാത്തരം റെയില്വണ്ടികള്ക്കും നാം തീവണ്ടി എന്നാണല്ലോ പറയാറ്.ആദ്യകാലത്ത് കല്‍ക്കരി കത്തിക്കുന്ന ആവിവണ്ടികളായിരുന്നു എല്ലാം.ഇപ്പോള്‍ ഡീസല്‍ എഞ്ചിനുകളാണ് കൂടുതല്‍,ചില സ്ഥലങ്ങളില്‍ ഇലക്ട്രിക് ട്രെയിനുകളും ഉണ്ട്.ഇവയിലൊന്നിലും ഗിയര്‍ സംവിധാനമില്ല.റെയിലിലൂടെയുള്ള ഓട്ടവും റോഡിലൂടെയുള്ള ഓട്ടവും ഒരു വാഹനത്തെ സംബന്ധിച്ചിടത്തോളം വളരെ വ്യത്യസ്തമാണ്.
ആവിവണ്ടിയില്‍ ബോയിലറില്‍ നിന്നുള്ള മര്‍ദം കൂടിയ നീരാവി ഒരു എഞ്ചിന് സിലിണ്ടറില്‍ പ്രവേശിച്ച് പിസ്റ്റണ്‍ തള്ളി നീക്കുകയാണ് ചെയ്യുന്നത്.ഇവിടെ വേഗം പ്രശ്നമല്ല.വണ്ടി നിശ്ചലമായിരിക്കുമ്പോള്‍ പോലും ആവിയെഞ്ചിനു മുഴുവന്‍ ശക്തിയും പ്രയോഗിക്കാന്‍ പറ്റും.വണ്ടി ഓടിത്തുടങ്ങുന്നതോടെ എഞ്ചിന്റെ വേഗവും കൂട്ടാം.അതുകൊണ്ട് ഗിയര്‍ സംവിധാനത്തിന്റെ ആവശ്യമില്ലാതാകുന്നു.
ഇലക്ട്രിക്ക് ട്രെയിനില്‍ ഉപയോഗിക്കുന്ന മോട്ടോറുകള്‍ക്ക് ഓടിത്തുടങ്ങുന്ന നേരത്തുതന്നെ മുഴുവന്‍ ശക്തിയും പ്രയോഗിക്കാനുള്ള കഴിവുണ്ട്.ആകയാല്‍ അവക്കും നിന്നനില്പില് നിന്ന് തന്നെ വണ്ടിയെ വലിച്ചു കൊണ്ടുനീങ്ങാന് സാധിക്കും.
ഡീസല്‍ ട്രെയിനില്‍ വലിയ ഡീസല്‍ എഞ്ചിനുകളാണുള്ളത്.2400 കുതിരശക്തി ഉത്പാദിപ്പിക്കുന്ന എഞ്ചിനുകളാണ് ഇന്ത്യയില്‍ ഇന്ന് സര്‍വസാധാരണം.പക്ഷേ ഇവ നേരിട്ടല്ല വണ്ടി വലിക്കുന്നത്.ഈ എഞ്ചിനോട് ഘടിപ്പിച്ച വൈദ്യുതി ജനറേറ്റ൪ സ്ഥായിയായി വൈദ്യുതി ഉത്പാദിപ്പിച്ചു കൊണ്ടിരിക്കും.ഈ വൈദ്യുതി കൊണ്ട് ചലിക്കുന്ന മോട്ടോറുകളാണ്.വണ്ടിച്ചക്രങ്ങളെ ഉരുട്ടുന്നത്.നേരത്തെ പറഞ്ഞത് പോലെ കുറഞ്ഞവേഗത്തിലും ഉന്നതശക്തി ചെലുത്താന്‍ കഴിവുള്ള മോട്ടോറുകളായത് കൊണ്ട് ഇവയ്ക്ക് ഗിയര്‍ സംവിധാനം ആവശ്യമില്ല.ഡീസല്‍ എഞ്ചിനുകള്‍ക്ക് ചക്രങ്ങളുമായി നേരിട്ട് ബന്ധമില്ലാത്തതുകൊണ്ട് അവക്ക് യോജിച്ച വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു.